May 23, 2011

നുറുങ്ങുകള്‍ .........

തേനീച്ച
വിരിയാത്ത പൂവിനു ചുറ്റും പറന്ന തേനീച്ചയുടെ ചുണ്ടില്‍
വിരിഞ്ഞ പൂവിലെ മധുവിന്റെ രുചിയായിരുന്നു !
വിരിയാത്ത പൂവ് വിടര്ന്നപ്പോഴോ , അത്
ഇനുയും വിടരാനുള്ള  പൂവിനെക്കുറിച്ച
മോഹങ്ങളായിരുന്നു !
എല്ലാം വിടര്ന്നപ്പോഴോ  തേനീച്ച
ഒന്നും നുകരാന്‍  കഴിയാതെ യാത്രയായിരുന്നു !


കാക്ക 
പതിവുപോലെ മാലിന്യം ചികയാന്‍  ഇറങ്ങിയ കാക്ക  കണ്ടത് "മാലിന്യ മുക്ത കേരളം " എന്നെഴുതിയ പേപറിനു ചുറ്റും തൊട്ടടുത്ത  കോഴിക്കടയില്‍ നിന്നും നടുറോട്ടില്‍  കൂടിയിട്ട മാലിന്യകൂമ്പാരം !


എഴുത്ത് !
വെട്ടിയാല്‍ പോര
വീഴണം !
കൊത്തിയാല്‍ പോര
കൊള്ളണം !
വായിച്ചാല്‍ പോര
വളരണം !
എഴുതിയാല്‍ പോര
ഏല്‍ക്കണം !

May 17, 2011

ചക്കയും......... തൊഴിലും

ചക്ക
ഞാന്‍ ഇങ്ങനെയിരിക്കുവാന്‍
കാരണം നിങ്ങളോ ഞാനോ ..
പണ്ട് നിങ്ങളുടെ പൂര്‍വികര്‍ക്ക്
ഞാനെല്ലാം ആയിരുന്നു.. 
പാടത്തും വെയിലത്തും പണിയ്ടുത്തു 
വിശക്കുമ്പോള്‍ കഞ്ഞിയുടെ കൂടെ,
വര്ധിയുടെ കാലത്ത് പഴമായി എന്നും
എപ്പോഴും ഞാന്‍ ഉണ്ടായിരുന്നു.
ഇടക്കാലത്ത് ആര്‍ക്കും വേണ്ടാതെ
എന്നെ പാണ്ടി ലോറിയില്‍ കയറ്റിവിട്ടു
ഇപ്പോഴോ , ബുര്‍ഗെരും, പിസ്സയും,ബ്രോസ്ടും
നിങ്ങളുടെ തീന്മേശ കയ്യടക്കിയപ്പോള്‍
ഞാന്‍ ഇവിടെ ഇരുന്നു നശിക്കുന്നു.
ഞാന്‍ ദുഖിക്കുന്നു , നിങ്ങളെ ഓര്‍ത്തു 
എന്നെങ്ങിലും തിരിച്ചറിവുണ്ടായി 
നിങ്ങള്‍ എന്നെത്തേടി വരുമെന്നെ 
പ്രതീക്ഷയോടെ............


ജോലിയും കൂലിയും
തൊഴിലുണ്ടിവിടെ  പക്ഷെ
തൊഴിലാളികളില്ലിവിടെ...
തൊഴിലെടുത്താല്‍ കൂലിയുണ്ടിവിടെ
തൊഴിലെടുക്കാന്‍ ആളില്ലിവിടെ..
കൂലിപ്പണി സ്റ്റാറ്റസ് അല്ലതാവുമ്പോള്‍
നാം വളര്‍ന്ന സ്റ്റാറ്റസ് നാം മറക്കുന്നു.
മലയാളി  പ്രവാസി ആകുമ്പോള്‍ 
ബീഹാറികള്‍ ഇവിടെ  ഡോളര്‍ കൊയ്യ്ന്നു 
ഉച്ചവരെ ചെയ്തു കിട്ടുന്ന കൂലിയുമായി
ബിവരജില്‍ വരി നില്‍ക്കുന്ന പുതു തലമുറ
ഉച്ചയോളം ഉറങ്ങുമ്പോഴും  
നാം പറയുന്നു , തൊഴിലില്ലായ്മയെക്കുരിച്ചു..
നമുക്ക് ചെയ്യാവുന്ന ജോലിക്ക് പോലും
നാം ജോലിക്കാരെ കാത്തിരിക്കുബോള്‍
നമ്മുടെ ആരോഗ്യം നാം
മരുന്ന് കമ്പനികള്‍ക്ക് തീരെഴുതിക്കൊടുക്കുന്നു
മാറണം നാം സ്വയം മാറ്റണം പുതു തലമുറയെ
അധ്വാന ശീലര്‍ ആക്കിടെണം..

May 13, 2011

ഓട്ടോഗ്രാഫ്

രംഗം ഒന്ന് ... ജിദ്ദ ശരഫിയ്യ .........

നാട്ടില്‍ പോരുന്നതിനു ഒരുമാസം മുന്‍പ്  അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ ഇറങ്ങിയതാണ് ..
എല്ലാം വാങ്ങി തീരാന്‍ നേരം മൂത്ത മോള്‍ പറഞ്ഞു . അയ്യോ ഞാന്‍ ഒരു സാധനം മറന്നു ..
എന്താണെന്നു  ചോദിച്ചിട്ട് എന്നോട് പറയാന്‍ മടി .. എന്നാല്‍ സാധനം കിട്ടുകയും വേണം ..
അവസാനം  ശ്രീമതി പറഞ്ഞു .. അവള്‍ ഈ വര്‍ഷം ഇവിടെ  നിന്ന് പോകുകയല്ലേ ? അവള്‍ക്കു ഒരു ഓട്ടോ ഗ്രാഫ് വേണം പോലും .
പെട്ടെന്ന് എനിക്ക്  കോപമാണ് വന്നത് .. ഹും ഉണ്ണീന്ന് വിരിഞ്ഞിട്ടില്ല  .. അതിനു മുന്‍പ് ഓട്ടോഗ്രാഫ്.. മാങ്ങാ തൊലിയാ .... എന്റെ പെര്‍ഫോമന്‍സ് കണ്ടാവണം അവള്‍ പിന്നെ ഒന്നും പറഞ്ഞില്ല ..അതെന്നെ സങ്കടപ്പെടുത്തി .. അവള്‍ വാശി പിടിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു ..
തിരിച്ചു പോകാന്‍ നേരം ഗ്രീന്‍ ഹൌസില്‍ കയറി അവളറിയാതെ അവള്‍ക്കുവേണ്ടി ഒരു ഓട്ടോ ഗ്രാഫ് വാങ്ങി.ഞാന്‍ എന്തിനു അവളുടെ കൊച്ചുസന്തോഷം ഇല്ലാതാക്കണം ..
വീട്ടില്‍ എത്തിയ ഉടനെ ഓട്ടോ ഗ്രാഫ് അവള്‍ക്കു കൊടുത്തു  അവളുടെ നിറഞ്ഞ പുഞ്ചിരി ഏറ്റു
വാങ്ങി ..
പിന്നെ പരീക്ഷ ,, റിസള്‍ട്ട്‌ പോരുന്ന  തിരക്കുകള്‍ക്കിടയില്‍ അത് മറന്നു..

രംഗം രണ്ടു .. വലില്ലാപുഴ വീട് ..
കുറച്ചു കാലം വീട് അടച്ചു  ഇട്ടതുകൊണ്ട് വെക്കേഷന്‍
വന്നപ്പോള്‍ എല്ലാം ഒന്ന് ക്ലീന്‍ ചെയ്യാന്‍ ഉണ്ടായിരുന്നു ..
എല്ലായിടത്തും അതും ഇതും ഒക്കെ വെച്ച് അകെ ഒരു കൂടിക്കുഴയല്‍ .. വന്നതിന്റെ പിറ്റേ ദിവസം എല്ലാം ഒന്ന് നേരയാക്കാന്‍ തീരുമാനിച്ചു ..
മക്കള്‍ അവരുടെ  റൂം കൈവശപ്പെടുത്തി വൃത്തിയാക്കാന്‍ തുടങ്ങി . ഞാന്‍  റാക്കില്‍ കയറ്റി ഇട്ടിരുന്ന എന്റെ പുസ്തകപ്പെട്ടി നേരയാക്കാന്‍ മോളെ ഏല്പിച്ചു . പലതും
വാളന്‍ മൂട്ട തിന്നു തീര്‍ത്തിട്ടുണ്ട് .. അവള്‍ എല്ലാം നേരയാക്കിതുടങ്ങി ........
കുറച്ചു കഴിഞ്ഞപ്പോള്‍  അവള്‍ ഒരു പുരാവസ്തുവും അതിലേറെ വലിയ ഒരു കമന്റുമായി അതാ വരുന്നു ..
"ഇപ്പച്ചി ഞാന്‍ ഓട്ടോ ഗ്രാഫ് വേണം എന്ന് പറഞ്ഞപ്പോള്‍ എന്താ പറഞ്ഞേ ... ഇതാ നോക്ക് ഇപ്പചിയുടെ ഓട്ടോ ഗ്രാഫ്..
 
എവിടെ എവിടെ ? ..  സന്തോഷത്തോടെ ഞാന്‍ അതുവാങ്ങി നോക്കി ......... എന്റെ ദൈവമേ ..  നീണ്ട 25  വര്‍ഷങ്ങള്‍ ആ കൊച്ചു പുസ്തകത്തിന്‌ കാര്യമായ മാറ്റങ്ങള്‍ ഒന്നും വരുത്തിയിട്ടില്ല .. പക്ഷെ അതിലെ കുറിപ്പുകാരുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിരിക്കാം  ?
ഞാനത് പതുക്കെ തുറന്നു ... ഒന്നാം പേജില്‍ തന്നെ വടിവൊത്ത അക്ഷരത്തില്‍  എന്റെ പേരും ക്ലാസും .
രണ്ടാം പേജു മുതല്‍ ഞാന്‍ മൂര്‍ക്കനാട് ഹൈസ്കൂള്‍ പത്തു ബി ക്ലാസ്സില്‍ ആയിരുന്നു..
മധുരമുള്ള , എന്നെന്നും ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന ആ നല്ല നാളുകള്‍ .. കളിച്ചും രസിച്ചും ഇണങ്ങിയും  പിണങ്ങിയും വേര്‍പിരിഞ്ഞു  പോയ കൂട്ടുകാര്‍ ..
ഓരോരുത്തരെയും ഓര്‍മിച് എടുക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ താളുകള്‍ പതുക്കെ മറിക്കാന്‍ തുടങ്ങി .. പലരെയും പിന്നീട് കണ്ടിട്ടില്ല , ചിലരെ വര്‍ഷങ്ങള്‍ക്കു  ശേഷം കണ്ടുമുട്ടിയിട്ടുണ്ട് ..
ചിലരെ ഈയിടെ ഫേസ് ബുക്കില്‍ കൂടി  വീണു കിട്ടി .........
മധുരമുള്ള ഓര്‍മ്മകള്‍ ............
ഇടക്കെവിടെയോ ഈ വരികള്‍ കണ്ടു കണ്ണ് നിറഞ്ഞു , മനസ്സ് വിങ്ങി .. അകാലത്തില്‍ വിട്ടു പിരിഞ്ഞു പോയ പ്രിയ സുഹൃത്ത്‌അബ്ദുല്‍ അശ്രഫിന്റെ  വരികള്‍ ............. 
എല്ലാം മക്കള്‍ക്ക്‌ വിവരിച്ചു  കൊടുത്തു  കൊണ്ട് ഞാന്‍ മോളോട് ചോദിച്ചു ,, നീ ജിദ്ദയില്‍ നിന്ന് വാങ്ങിയ ഓട്ടോ ഗ്രാഫ് എവിടെ  ?
അവള്‍ നീട്ടിയ  ഓട്ടോഗ്രഫ്  വായിച്ചു ഞാന്‍ വീണ്ടും ഞാന്‍ ഞെട്ടി ... കാരണം കെട്ടിലും മട്ടിലും മാത്രമേ പുതുമ ഉള്ളു .. ഉള്ളിലെ വാചകങ്ങള്‍ എല്ലാം സമാനം ... തലമുറകള്‍ക്ക് കൈമാറാനായി അതെന്നും അങ്ങിനെ തന്നെ നില നില്‍ക്കട്ടെ അല്ലെ ???????????

May 05, 2011

പാത്തുവിന്റെ ഒരു ദിവസം ..............

എത്ര നേരമായി ഞാന്‍ ഈ ഇരിപ്പ് തുടങ്ങിയിട്ട്  എന്ന് എനിക്ക് തന്നെ അറിയില്ല .........
എന്റെ ഒഴിവു കാലം ഇവിടെ തുടങ്ങുകയായി ... അലാറം കേട്ട് ഉണരാത്ത പ്രഭാതം .. ഷെഡ്യൂള്‍ ചെയ്യാത്ത ദിവസങ്ങള്‍ .ഫയരിഗും , ടെന്ഷേനും ഇല്ലാത്ത ദിന രാത്രങ്ങള്‍......
അത്രയ്ക്ക്  സന്തോഷം മനസ്സില്‍ .. അല്ലേലും ഒരു പ്രവാസിക്ക് ഒഴിവുകാലം മനസ്സില്‍ തട്ടുന്നതാവണം, കാരണം അടുത്ത ലീവ് വരെ ഓമനിക്കാനും ഓര്മ വെക്കാനും ഒത്തിരി ശേഷിപ്പുകള്‍ വേണം ..

ഇന്നലെ പയ്ത  മഴ മനസ്സും മണ്ണും തണുപ്പിച്ചു .......... അല്ലേലും മഴ എന്നും എനിക്കൊരു ഹരമായിരുന്നു .. മഴയത്ത് കുടയില്ലാതെ നനഞ്ഞു ധാരാളം നന്നിട്ടുണ്ട് ഞാന്‍ .. പ്രവാസി ആയതിനു ശേഷം  മഴ ഒരോര്‍മ്മയായി ..
ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് പ്രവാസി കുട്ടികളെക്കുറിച്ച് ..നമ്മുടെ പോലൊരു ബാല്യം കിട്ടാത്തവര്‍  കൂട്ട് കുടുംബത്തിന്റെ കൂടിച്ചേരല്‍ അറിയാത്തവര്‍ .. അങ്ങിനെ നഷ്ടങ്ങള്‍ പലതും ...
അതുകൊണ്ടാവണം പോരുന്നതിന്റെ  തലേന്നു മക്കളോട് ചോദിച്ചു .. നാട്ടില്‍ പോയിട്ട് എന്താ പരിപാടി.മൂത്തവര്‍ക്ക്  രണ്ടു പേര്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു .. കാരണം അവര്‍ക്കെല്ലാം വ്യക്തമായി  അറിയാമായിരുന്നു  .. എന്നാല്‍ എന്റെ മൂന്നു വയസ്സുകാരി "പാത്തു'   നാടിനെക്കുറിച്ചുള്ള അവളുടെ ചെറിയ ഓര്മ പുതുക്കി എനിക്കും അവള്‍ക്കും മാത്രം അറിയുന്ന ഭാഷയില്‍ ചിലതൊക്കെ എന്നോട് പറഞ്ഞു ..
അവളെ ഞാന്‍ പരിചയപ്പെടുത്താം ....
             
താര പരിചയം

പേര് : ഹന ഫാത്തിമ
വയസ്സ് : മുന്നേ കാല്‍
വിളിപ്പേര്   : പാത്തു
ഇഷ്ട ഭക്ഷണം : ചോക്ലേറ്റ് 
ഇഷ്ട വിനോദം : പാട്ടു കേള്‍ക്കല്‍ , പാട്ടു പാടല്‍ .. ( ഈ കലാപരിപാടി കൊണ്ട് എനിക്ക് നഷ്ടം മൂന്നു കൊല്ലം കൊണ്ട് മൂന്നു മൊബയില്‍ )
അകെ നാട്ടില്‍ നിന്നത് : പ്രസവിച്ച അന്ന് മുതല്‍ മൂന്നു മാസം , പിന്നെ ലാസ്റ്റ് വെകശേന്‍ 12  ദിവസം.

നോക്ക് .. ഇവള്‍ രാവിലെ മുതല്‍ എന്റെ പിറകെയാണ് .. രാവിലെ എണീറ്റ ഉടനെ ഒരു ചോദ്യം..എന്താ ഇവിടെ ഒച്ചപ്പാട് .. ??? റോഡില്‍ കൂടെ പോകുന്ന വാഹങ്ങളുടെ ഒച്ചപ്പാടും , രാവിലെ പക്ഷികളുടെ കള കള നാദവും , കോഴികുവലും എല്ലാം അവള്‍ക്കു പുത്തന്‍ അനുഭവം ..
എണീറ ഉടനെ അവള്‍ കണ്ടു പിടിച്ചതെന്താണെന്നു നോക്കു.... എന്റെം സ്വന്തം മാവില്‍ പിറന്ന മാങ്ങ.
നമുക്ക് ഒരു പക്ഷെ ഉപകരിക്കില്ലെങ്ങിലും നമ്മുടെ വരും തലമുറയ്ക്ക്  ഉപകാരപ്പെടുന്ന മരം നടല്‍ എന്നോ നമ്മില്‍ നിന്നകന്നു പോയി . പ്രവാസത്തിന്റെ  തുടക്ക കാലത്തില്‍ എപ്പോഴോ നട്ട ഈ മാവു ഇന്ന് എന്റെ മക്കള്‍ക്ക്‌മുന്നില് കായ്ച്ചുനില്‍ക്കുന്നത്  കാണുമ്പോള്‍ മന്സ്സിറെ കോണില്‍ എവിടെയോ പറഞ്ഞറിയിക്കാന്‍  കഴിയാത്ത അത്ര സന്തോഷം.മക്കള്‍ തോട്ടികെട്ടി മാങ്ങാ പറിച്ചു ഉപ്പും കൂട്ടി തിന്നുന്നത് കാണുമ്പോള്‍ മുപ്പതു വര്ഷം പിറകോട്ടു പോകുന്നു ... അതുപോലെ എന്റെ ചാമ്പ  , പപ്പായ, ചെമ്പരുത്തി  എല്ലാം കായ്ച്ചും പൂത്തും നിലക്കുന്നതു കാണുമ്പോള്‍ മനസ്സില്‍  സന്തോഷത്തിന്റെ പെരുമഴ....മക്കള്‍ ഇതൊക്കെ അസ്വതിക്കുകയാണ് .. പ്രകൃതിയും നമ്മളും എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു ഞാന്‍ പലപ്പോഴും മക്കളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നു ....


ഇതാ പാത്തു വീണ്ടും എത്തി ...

ഹോ .. ജിദ്ദയിലെ ആകാശവും ഇവിടുത്തെ ആകാശവും എത്ര വ്യത്യാസം !

മാങ്ങയും ചാമ്പയും തിന്നു വയര്‍ നിറഞ്ഞു ... ഇനി അല്പം വെള്ളം കുടിക്കാം ...

ഞാനിപ്പോം വരാം .....................
ഇതാണ് കുളി ......... ക്ലോറിന്‍ കലര്‍ന്ന വെള്ളമില്ലാതെ ഓപ്പണ്‍ എയര്‍ ..........
കിണര്‍  വെള്ളത്തിന്റെ മാസ്മരിക തണുപ്പ് ...
അല്ലേലും ഈ പ്രായത്തിലല്ലേ   ഇതൊക്കെ നടക്കൂ ............

അവളുറങ്ങി ............ സംഭവ ബഹുലമായ ഒരു ദിവസം അവള്‍ക്കു സമ്മാനിച്ചത്‌ ഒത്തിരി അനുഭവങ്ങളും അറിവുകളും ..അവ ഓരോന്നും അവള്‍ക്കു ഭാവിയില്‍ ഒരു മുതല്‍ക്കൂട്ടാവട്ടെ എന്ന് പ്രാര്‍ത്ഥിച്ചു ഞാനും കിടക്കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ മനസ്സിനെ അലട്ടുന്നത് മറ്റൊന്നായിരുന്നു .. ജൂണ്‍ മാസത്തില്‍ എന്റെ ലീവ് തീര്‍ന്നു ഞാന്‍ മടങ്ങുമ്പോള്‍ എന്റെ കൂടെ അവള്‍ വരില്ല എന്ന് അവള്‍ക്കറിയില്ലല്ലോ…..! അതറിയുമ്പോള്‍ അവള്‍ എത്രമാത്രം വേദനിക്കും ?
പ്രവാസത്തിന്റെ മറ്റൊരു മുഖം ഇവിടെ തുടങ്ങുന്നു… 

...........