August 20, 2011

മൈലാഞ്ചി ..........


റമദാന്‍  അവസാനിക്കാറായി... പടിഞ്ഞാറെ മാനത്തു ശവ്വാല്‍ അമ്പിളി ഉദിച്ചു ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം .. പുണ്യം പൂത്തുലഞ്ഞ രാത്രികള്‍ക്ക് വിട .. ഒരുമാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വീണ്ടും ചെറിയ പെരുന്നാള്‍ വരവായി. 

ഓരോ  പെരുന്നാളും ഓരോ ഓര്മപെടുത്തലും അനുഭവവും ആണ് .പട്ടിണിയുടെ   കുട്ടിക്കാലത്ത് അത് വയറു നിറച്ചു ഉണ്ണാനും , പുത്തന്‍ വസ്ത്രങ്ങള്‍ അണിയാനും ഉള്ളതായിരുന്നെങ്ങില്‍ കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ അത് കൂട്ടുകാരോടൊപ്പം ഉള്ള ഒരു ആഘോഷമായി മാറി.പിന്നീടെപ്പോഴോ നോമ്പിന്റെയും പെരുന്നാളിന്റെയും     യഥാര്‍ത്ഥ  സത്ത കിട്ടിയപ്പോള്‍ അതിനു മറ്റൊരനുഭൂതി ആയിരുന്നു . ഇന്നിപ്പോ ഈ പ്രവാസത്തിന്റെ ബെഞ്ചില്‍ കാലും  നീട്ടിയിരുന്നു പിന്നോട്ട് നോക്കുമ്പോള്‍ പിന്നിട്ട വഴികള്‍ നല്‍കിയ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ഉപ്പും സന്തോഷത്തിന്റെ മധുരവും !

അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു . നോമ്പ് എടുത്തു തുടങ്ങിയ കാലം. രാവിലെ സ്കൂളിലേക്ക് നോമ്പും നോറ്റ് പോയാല്‍ വളരെ 
ക്ഷീണിച്ച്‌ ആയിരിക്കും വരവ് . പിന്നെ വൈകുന്നേരംആകാന്‍ നീണ്ട  
കാത്തിരിപ്പാണ്. പെരുന്നാള്‍ തലേന്നാണ് പെരുന്നാളിനെക്കാള്‍ രസം . ചുറ്റുമുള്ള വീടുകളിലെ എല്ലാവരും അന്ന് ഒന്നിച്ചു ചേരും . അക്കൊല്ലവും പെരുന്നാളിന്റെ തലേന്ന് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി . മൈലാഞ്ചി അണിയല്‍ ആണ് പ്രധാന പരിപാടി. ഇന്നത്തെ പോലെ ഡിസൈന്‍
ട്യൂബ് ഒന്നും അന്നില്ല. മാമുകാക്കയുടെ പൊട്ട കിണറിന്റെ വക്കത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചി ഒടിച്ചു അമ്മിയില്‍ ഇട്ടു നല്ലവണ്ണം അരച്ചാണ്‌ മൈലാഞ്ചി ഉണ്ടാക്കുന്നത് .നേരം വെളുക്കുന്നതിനു മുമ്പ് അമ്മി ക്ലീന്‍ ആക്കി കൊടുത്തില്ലെങ്ങില്‍ ഉമ്മയില്‍ നിന്ന് നല്ല പെട ഉറപ്പ്‌!
ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാവരും മൈലാഞ്ചി അണിയും. ചക്കയുടെ വെളഞ്ഞീന്‍ ഉണക്കിയത് അടുപ്പില്‍ വെച്ച് ചൂടാക്കി ചെറിയ ഇര്‍ക്കിളില്‍ കുത്തി കൈ വെള്ളയില്‍ ഉറ്റിക്കും. ചിലപ്പോള്‍ അസഹ്യമായ വേദന ആയിരിക്കും . കൂടുതല്‍ സഹിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ചന്ദ്രകല , മിനാരം , പൂവ് തുടങ്ങിയ ഡിസൈന്‍ ചെയ്യാം .

ഞങ്ങള്‍ആറുപേരായിരുന്നു അന്ന് മൈലാഞ്ചി ഇടാന്‍ . കൂട്ടത്തില്‍ ഏറ്റവും  
ഇളയത് പച്ച പാവാടക്കാരി എന്റെ അയല്‍പക്കത്തെ  രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുന്ദരിക്കുട്ടി .  എല്ലാവരും മൈലാഞ്ചി പറിക്കലും , വെളഞ്ഞി ഉരുക്കലും ഒക്കെയായി നല്ല ആവേശത്തിലാണ് . ആദ്യം പെണ്‍കുട്ടികളുടെ ഊഴം . എല്ലാവര്ക്കും അറിയുന്ന വിധത്തില്‍ ഡിസൈന്‍ ഒക്കെ ചെയ്തു രണ്ടു കയ്യില്‍ നിറയെ മൈലാഞ്ചി അണിഞ്ഞു. എന്റെ ഊഴം അവസാനമായിരുന്നു .
"ഇക്കാക്ക്‌ ഞാന്‍ മൈലാഞ്ചി ഇട്ടു തരാം". എന്ന് പറഞ്ഞു പച്ച
പാവാടക്കാരിവിളഞ്ഞീന്‍ ഉരുക്കി എന്റെ കയ്യില്‍ ഡിസൈന്‍
ചെയ്യാന്‍ ആരംഭിച്ചു . അപ്പോഴാണ് ഒരു പ്രശ്നം . അരച്ച മൈലാഞ്ചി ഏകദേശം തീര്‍ന്നിരിക്കുന്നു . മുഴുവനായും കയ്യില്‍ ഇടാന്‍ തികയില്ല . എനിക്ക് സങ്കടം വന്നു .
ഇനി ഈ രാത്രി  ആര് മൈലാഞ്ചി പറിക്കും ?
ആരും തയ്യാറില്ല. അവസാനം സുന്ദരി കുട്ടി പറഞ്ഞു.നാളെ അതി രാവിലെ ഞാന്‍ മൈലാഞ്ചി പറിച്ചു പള്ളിയില്‍ പോകുന്നതിന്റെ 
മുന്‍പ് മൈലാഞ്ചി ഇട്ടു തരാംഎന്ന്.. 

അങ്ങിനെ എല്ലാവരും പിരിഞ്ഞു . പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍കേട്ട് കൊണ്ട്ഞാനും ഉറങ്ങാന്‍ കിടന്നു .  ഉറക്കത്തില്‍ ഞാന്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു . പിന്നീടെപ്പോഴോആളുകള്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ . എന്താണ് കാര്യം എന്ന് തിരക്കിയ എന്നോട് ഉമ്മ കരച്ചില്‍ അടക്കികൊണ്ട് പറഞ്ഞു .....നമ്മുടെ അയല്‍ പക്കത്തെ മോള്‍ ... കിണറ്റില്‍ ......എനിക്കൊന്നും പിന്നീട് കേള്‍ക്കാന്‍ കഴിഞ്ഞില്ല . എല്ലാവരും കരയുന്നു .. വൈകുന്നേരത്തോടെ എല്ലാം കഴിഞ്ഞു.  

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..

ഇന്നും ഓരോ  പെരുന്നാള്‍  തലേന്നുo  പള്ളിയില്‍ നിന്ന് പെരുന്നാളിന്റെ മുന്നറിയിപ്പായി  തക്ബീര്‍ മുഴങ്ങുമ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഉള്ളം കയ്യിലേക്ക് നോക്കും. അപ്പോള്‍ മനസ്സില്‍ ആ പച്ച പാവാടക്കാരി നിറയും ..കണ്ണില്‍ ഒരിറ്റു കണ്ണീരും !