December 27, 2014

പാഴാക്കികളയുന്ന ഭക്ഷണം


വര്‍ഷങ്ങള്‍ക്കു മുന്‍പു ധനുമാസക്കുളിരുള്ള ഒരു പ്രഭാതം. ഒരു ഞായര്‍ അവധിയുടെ ആലസ്യത്തില്‍ എന്നിലെ കൊച്ചുകുട്ടി പുതപ്പിനുള്ളില്‍ കിടക്കുകയാണ്. കിടക്കുന്നിടത്ത് നിന്ന് നോക്കിയാല്‍ അടുക്കള കാണാം. അവിടെ ഉമ്മ ചൂടുള്ള ഓട്ടടയും ചമ്മന്തിയും തയ്യാറാക്കുന്നു. അതിനിടക്കാണ്‌ അയല്‍പക്കത്തെ ആയിച്ചമ്മാത്ത വന്നു ഉമ്മയോട് എന്തോ പറഞ്ഞു പോയത്. പിന്നെ ഉമ്മയുടെ ഒരു നീണ്ട വിളയാണ് ."അദ്ദ്യോ......... ഒന്നെണീക്ക് മാനെ .. നേരം വെളുത്തിട്ടു എത്ര നേരമായി ".
ദാ വരുന്നു എന്ന് പറഞ്ഞു ഉമിക്കരി കൊണ്ട് പല്ല് തേച്ചു ഒറ്റ ഓട്ടമാണ് അടുക്കളയിലേക്ക് ...
"പിന്നെ ഇന്ന് ഉച്ചക്ക് ആയിച്ചമ്മാത്താന്റെ വീട്ടില്‍ കുട്ടികള്‍ക്ക് ചോറ് കൊടുക്കല്‍ ആണ്- നിന്നോട് ചെല്ലാന്‍ പറഞ്ഞിട്ടുണ്ട്"
മനസ്സില്‍ എവിടെയോ സന്തോഷത്തിന്റെ ഒരു മിന്നല്‍ പിണര്‍. ഞങ്ങളുടെ കൊച്ചു ഗ്രാമത്തില്‍ "കുട്ടികള്‍ക്ക് ചോറ് കൊടുക്കല്‍" ഒരു പതിവായിരുന്നു. ഓരോ ആഴ്ചയില്‍ ഒരിക്കല്‍ ഏതെങ്കിലും ഒരു വീട്ടുകാര്‍ സമീപ വീടുകളിലെ കുട്ടികളെ ഒക്കെ വിളിച്ചു ഉച്ചക്ക് ഒരു നേരത്തെ ആഹാരം കൊടുക്കും. എല്ലാവരും ഒരു പാത്രത്തില്‍ ഒന്നിച്ചിരുന്നു ആഹാരം കഴിക്കും . നിറഞ്ഞ പുഞ്ചിരിയോടെ ആധിധേയ വീട്ടുകാര്‍ ഞങ്ങള്‍ക്ക് വിളമ്പി തരും . എല്ലാ ദിവസവും കഞ്ഞി കുടിച്ചിരുന്ന ഞങ്ങള്‍ക്ക് ആ പരിപ്പ് കറിയും ചോറും പകര്‍ന്നു തന്നത് ഒരു നേരത്തെ വയറു നിറച്ചുള്ള ഭക്ഷണം മാത്രമായിരുന്നില്ല.മറിച്ച് ആ പഴയ തലമുറ പകര്‍ന്നു തന്നത് സ്നേഹവും സാഹോദര്യവും തിരിച്ചറിവും കൂടിയായിര്‍ന്നു. അത് കൊണ്ട് തന്നെയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും ആ പരിപ്പ് കറിയുയുടെയും ചോറിന്റെയും രുചി മനസ്സില്‍ നിന്ന് മായാതെ നില്‍കുന്നതും ! 


ഇന്ന് ഇതോര്‍ക്കാന്‍ കാരണം ലോകത്ത് ഒമ്പതിലൊരാള്‍ പട്ടിണിയുടെ പിടിയിലെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ഇന്റര്‍നാഷനല്‍ ഫണ്ട് ഫോര്‍ അഗ്രികള്‍ച്ചറല്‍ ഡെവലെപ്‌മെന്റ്, വേള്‍ഡ് ഫുഡ് പ്രോഗ്രാം എന്നിവയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. നാം വേസ്റ്റ് ആക്കി കളയുന്ന ഭക്ഷണം ഉണ്ടെങ്കില്‍ ലോകത്തെ മുഴുവന്‍ ആളുകളുടെയും പട്ടിണി മാറ്റം. പുതിയ തലമുറ വേസ്റ്റ് ആക്കികളയുന്ന ഭക്ഷണത്തിന്റെ അളവ് അറിയണമെങ്കില്‍ എന്തെങ്കിലും ഹോട്ടലിലോ ഫാസ്റ്റ് ഫുഡ്‌ കടയിലോ കയറി ഒന്ന് കണ്ണോടിച്ചാല്‍ മതി. കുട്ടികള്‍ക്ക് ഇഷ്ടമുള്ളത് രക്ഷിതാക്കള്‍ വാങ്ങി കൊടുക്കുന്നു. പക്ഷെ പലരും കുട്ടികളെ അത് മുഴവന്‍ കഴിക്കാന്‍ പ്രേരിപ്പിക്കാറില്ല. ഇന്ന് പല പാര്‍ട്ടികളിലും വിഭവങ്ങളുടെ ആധിക്യമാണ്. വേണ്ടതും വേണ്ടാത്തതും കൂടി ശരിക്ക് പറഞ്ഞാല്‍ പൊങ്ങച്ച പ്രകടനത്തിനുള്ള ഒരു വേദി . ഒരു തുണ്ട് റൊട്ടിയോ ഒരു പിടി ചോറോ വേസ്റ്റ് ബാസ്കറ്റില്‍ തട്ടുന്നതിനു മുന്പ് ഒന്നോര്‍ക്കുക -ഇതുകൊണ്ട് നിങ്ങള്ക്ക് ചുറ്റുമുള്ള ഒമ്പതില്‍ ഒരാളെ നിങ്ങള്ക്ക് രക്ഷിക്കാം .
"അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച്‌ ഉണ്ണുന്നവർ നമ്മിൽപെട്ടവരല്ല" എന്ന പ്രവാചക വചനവും ഇവിടെ ഓര്‍ക്കുക

(28-12-2014 മലയാളം ന്യൂസ്‌ ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ചത് )