February 21, 2016

മണ്ണിലെ നന്മകള്‍, മനസ്സിലെയും !

മണ്ണിലെ നന്മകള്‍, മനസ്സിലെയും !
------------------------------------------------
മണ്ണിലും മനസ്സിലും കാര്‍ഷിക ജീവിതത്തിന്റെ നന്മകള്‍ സൂക്ഷിക്കുന്ന ചിലരെങ്കിലും നമുക്കിടയില്‍ ഇപ്പോഴും കാണും . കൃഷി അന്യമായ, കാര്‍ഷിക നന്മകള്‍ കൈമോശം വന്ന പുത്തന്‍തലമുറയ്ക്ക് ചിലപ്പോഴെങ്കിലും കൃഷി ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഓര്‍മകളാണ് . മാറുന്ന ജീവിത രീതി കൊണ്ട് നമ്മുടെ അടുക്കളകള്‍ മിക്കപ്പോഴും അന്യസംസ്ഥാനക്കാരന്റെ വിഷക്കുപ്പകളായി മാറുന്നു. സൌകര്യവും സ്ഥലവും ഉള്ളവര്‍ പോലും ഒരു നേരത്തെ ആഹാരത്തിനുള്ള പച്ചക്കറി സ്വന്തമായി ഉണ്ടാക്കുന്നുമില്ല .
ഹരിത വിപ്ലവം വഴി ഭക്ഷ്യക്ഷാമം കുറഞ്ഞുവെങ്കിലും ഇത് നമ്മുടെ പ്രകൃതി സമ്പത്തിനെ നശിപ്പിക്കുന്നതായിഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നു. ഹരിത വിപ്ലവം വന്നശേഷം നമ്മള്‍ കൂടുതല്‍ രോഗങ്ങള്‍ക്ക് അടിമപ്പെട്ടുവെന്നു പഠനങ്ങള്‍ തെളിയിക്കുന്നു .
മാധ്യമ പ്രവര്‍ത്തകനായ പി ടി മുഹമ്മദ്‌ സാദിഖിന്റെ "കൃഷി നന്മകളുടെ കാവല്‍ക്കാര്‍" എന്ന പുസ്തകം കൃഷിയുടെ വഴിയില്‍ സ്വന്തം മാതൃക തീര്‍ത്ത പ്രശസ്തരും അപ്രശസ്തരുമായ കുറച്ചാളുകളുമായി നടത്തിയ അഭിമുഖങ്ങളാണ് ജൈവകൃഷിയുടെ വക്താവ് നമ്മാള്‍ വാര്‍,സീറോ ബജറ്റ് കൃഷിരീതിയുടെ ഉപജ്ഞാതാവായ സുഭാഷ്
പലേക്കര്‍, യുവകര്‍ഷകന്‍ കെപി ഇല്യാസ്, പ്രശസ്ത കൃഷി ശാസ്ത്രജ്ഞനായ ഡോ എം എസ് സ്വാമിനാഥന്‍ തുടങ്ങി എന്റെ സ്വന്തം നാട്ടുകാരി "ചെടിയമ്മ "എന്നറിയപ്പെടുന്ന അന്നമ്മ ദേവസ്യ വരെയുള്ളവരുടെ അനുഭവങ്ങളും , നാട്ടറിവുകളും കൃഷി പരീക്ഷങ്ങളുമാണ് പുസ്തകത്തിലെ ഉള്ളടക്കം . പുതുമ നിറഞ്ഞ ഈ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ നന്മ നിറഞ്ഞ പഴയ കൂട്ടു കൃഷിയുടെയും , പാട്ട കൃഷിയുടെയും ആ ഓര്‍മ കാലം മനസ്സില്‍ ഓടിയെത്തുകയും അതുവഴി ഒരു നേരത്തെ വിഷരഹിത പച്ചക്കറിയുടെ വിത്തെങ്കിലും മനസ്സില്‍ മുളപ്പിക്കാന്‍ കഴിയുകയും ചെയ്താല്‍ ഗ്രന്ഥകാരന് തന്റെ ദൌത്യം നിറവേറി എന്നാശ്വസിക്കാം !

!
----------------------
കൃഷിനന്മകളുടെ കാവൽക്കാർ
പ്രസാധകർ: ഒലിവ് ബുക്സ്
വില: 110 രൂപ ..
( 21/02/2016 ലെ  മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസില്‍ പ്രസിദ്ധീകരിച്ചത് )

February 07, 2015

മര്‍വാനി താഴ്വരയിലെ കേരള കാഴ്ചകള്‍ !



പ്രവാസിയെ സംബന്ധിച്ചിടത്തോളം ഒരാഴ്ചയില്‍ കിട്ടുന്ന ഒരൊഴിവു ദിവസം  ഒരാഘോഷമാണ് ഒരു വാരം തീര്‍ക്കുന്ന യാന്ത്രിക ജീവിതത്തില്‍ നിന്നൊരു മോചനം പക്ഷെ തൊണ്ണൂറു ശതമാനം ആളുകളും ഈ അവധി ദിവസം ഉറക്കത്തെയാണ്‌ അശ്രയിക്കുന്നത്. സ്വാഭാവികമായും കുട്ടികളും വ്യാഴം പുലരുവോളം പാര്‍ക്കിലോ ബീച്ചിലോ ചിലവഴിച്ചു  വെള്ളി ഉച്ചവരെ ഉറക്കത്തിലേക്കു വീഴുന്നു. നാലു ചുമരുകള്‍ക്കിടയില്‍ തളച്ചിടപ്പെട്ട അവരുടെ ബാല്യത്തില്‍ നാടിനെ കുറിച്ചുള്ള ഓര്‍മകള്‍ വെറും കഥകളില്‍ ഒതുങ്ങുന്നു. അതുകൊണ്ട് തന്നെ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച കഥകള്‍ പുതു തലമുറയ്ക്ക് തീര്‍ത്തും അന്യമായിരിക്കും. പാടവും പറമ്പും കൈതയും മാവും മാമ്പഴവും എല്ലാം ഇന്നത്തെ തലമുറയ്ക്ക് ചിത്രങ്ങളില്‍ കണ്ട ഓര്‍മ്മകള്‍ മാത്രമായി മാറുന്നു.


ഒരു വേള നാം ജീവിക്കുന്ന പ്രവാസ ജീവിതലോകത്ത് നമുക്ക് ചുറ്റും ഉള്ളതിനെ കണ്ടെത്താനോ അതാസ്വതിക്കാനോ നാം തയാറാവുന്നില്ല . പലരും സ്വന്തം റൂമും ഏറിയാല്‍ ഒരു ഷോപ്പിംഗ്‌ മാളുമൊക്കെയായി തന്നെ പ്രവാസ ജീവിതത്തെ കെട്ടിയിട്ടിരിക്കുന്നു. ഒന്ന് മനസ്സ് വെച്ചാല്‍ ഒരല്പം സാഹസികത നിങ്ങളുടെ കൂടെ ഉണ്ടേല്‍ നിങ്ങള്‍ക്കും ചുറ്റുമുള്ളതിനെ കണ്ടെത്താനും നിങ്ങളുടെ പിന്ചോമന  മക്കള്‍ക്ക്‌ പകര്‍ന്നു നല്‍കുവാനും സാധിക്കും. ഒരു വര്ഷം മുഴുവനും പാഠപുസ്തകം നല്‍കാത്ത അറിവുകള്‍ ഒരൊറ്റ കാഴ്ച കൊണ്ട് നല്‍കാന്‍ കഴിയും . അത്തരത്തിലുള്ള ഒരു കാഴ്ച്ചയുടെ പങ്കു വെക്കലാണ് ഈ കുറിപ്പ് .


ജിദ്ദയില്‍ നിന്ന് അസ്ഫാന്‍ കഴിഞ്ഞു ഏകദേശം 70 കിലോമീറ്റര്‍ ദൂരം കാമില്‍ റോഡിലൂടെ സഞ്ചരിച്ചാല്‍ എത്തുന്ന ഒരു ഗ്രാമമുണ്ട് തല. അറബ് ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സന്തോഷങ്ങളും നിറഞ്ഞു നില്‍കുന്ന ഗ്രാമം. അവിടെ എത്തുന്നതിനു ഒന്‍പതു കിലോമീറ്റര്‍ മുന്പ് ഇടത്തോട്ടു സഞ്ചരിച്ചാല്‍ ഒരു ഡാം ഉണ്ട് അല്‍ മര്‍വാനി ഡാം - പണി ഏകദേശം പൂര്‍ത്തിയാക്കി വരുന്ന മനോഹരമായ ഒരു ഡാം. അവിടെ എത്തിയാല്‍ ഒരു പക്ഷെ നമുക്ക് നമ്മുടെ ഇടുക്കിയെ ഓര്മ വരും. പലരില്‍ നിന്നും പറഞ്ഞു കേട്ടത് പ്രകാരമായിരുന്നു ഞങ്ങളുടെ യാത്ര. 


സ്ത്രീകളും കുട്ടികളും അടക്കം ഇരുപതോളം വരുന്ന യാത്ര സംഘം. രാവിലെ ഏഴുമണിക്ക് പുറപ്പെട്ടു ഏകദേശം ഒന്‍പതു മണിയോടെ അവിടെ എത്തി. തീര്‍ത്തും വിജനമായ പ്രദേശം . ഡാമിന്റെ മുകളില്‍ വരെ വാഹനം പോകും. മനോഹരമായ കാഴ്ചയാണ് ഡാമിന്റെ മുകളില്‍നിന്ന്. ഡാമില്‍ വെള്ളം കുറവാണ്. പല ഭാഗങ്ങളിലും പണി നടക്കുന്ന  ലക്ഷണങ്ങള്‍  ഉണ്ട്. വെള്ളി ദിവസം ആയത് കൊണ്ടാവാം പണിക്കാര്‍ കുറവാണ്. ഡാമിന്റെ വെള്ളം കെട്ടി നില്‍കുന്ന ഭാഗത്തേക്ക്‌ ( അടിയിലേക്ക്) ഇറങ്ങാന്‍ ചെറിയ റോഡ്‌ കാണാം. കുട്ടികള്‍ക്ക് അങ്ങോട്ട്‌  പോകണമെന്ന് നിര്‍ബന്ധം അങ്ങിനെ താഴെ കാണുന്ന ചെമ്മണ്‍ പാതയിലൂടെ ഞങ്ങള്‍ താഴോട്ടിറങ്ങി. ഡാമിന്റെ പ്രൊജക്റ്റ്‌ ഓഫീസും അവിടെയാണ്. ഇത്രയധികം ആളുകളെ കണ്ടപ്പോള്‍ ഒരാള്‍ അവിടെ നിന്നും ഇറങ്ങിവന്നു. കുട്ടികള്‍ക്കു ഡാം കാണിച്ചു കൊടുക്കാന്‍ വന്നതാണ് എന്ന് പറഞ്ഞപ്പോള്‍ ഡാമില്‍ ഇറങ്ങരുത് നിറയെ ചളിയാണ്‌ എന്ന് മുന്നറിയിപ്പ് തന്നു. കുട്ടികള്‍ എല്ലാം നല്ല ആവേശത്തില്‍ ആണ് . ഡാമില്‍ നിറയെ മീനുകള്‍ ഉണ്ട്. കുറെ നേരം അവിടെ ചിലവഴിച്ച ശേഷം തിരിച്ചു ഞങ്ങള്‍ ഡാമിന്റെ മുകളിലേക്ക് തന്നെ പോന്നു. തണുത്ത കാറ്റ് ഞങ്ങളെ തഴുകി കൊണ്ടിരിക്കുന്നു.കുട്ടികള്‍ക്ക് പലര്‍ക്കും പല്ലുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി.



ഡാമിന്റെ മറു വശത്ത് പവര്‍ സ്റേഷന്‍ പോലെ എന്തൊക്കെയോ പണികള്‍ നടക്കുന്നു .മനോഹരമായ കെട്ടിടങ്ങളും. അവിടെ നിന്ന് നോക്കിയാല്‍ കണ്ണെത്താത്ത ദൂരം മലനിരകള്‍ .അതിനിടക്കാണ് അങ്ങകലെ കുറെ പച്ചപ്പുകള്‍ ഞങ്ങളുടെ  കണ്ണില്‍ പതിഞ്ഞത് . സൂക്ഷിച്ചു നോക്കിയപ്പോള്‍ അവിടേക്ക് ഡാമിന്റെ അടി ഭാഗത്ത്‌ കൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ചെറിയ ഊട് വഴികളും. അപ്പോഴാണ് ഓര്‍ത്തത്‌ ഇവിടെ എവിടെയോ ഫാമുകള്‍ ഉണ്ടാവാന്‍ സാധ്യത ഉണ്ട് എന്ന്.

ഉടനെ ആ വഴി ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം ഓടാന്‍ തുടങ്ങി. ഒരു മൂന്നു നാലു കിലോ മീറ്റര്‍ പോയി കാണും. അവിടെ നിന്ന് ഒരു ചെറിയ നടവഴി കണ്ടു .വാഹനങ്ങള്‍ അവിടെ നിര്‍ത്തി ഞങ്ങള്‍ നടക്കാന്‍ തുടങ്ങി. ഒരു ചെറിയ കയറ്റം കയറി താഴെ നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞങ്ങളെ അത്ഭുതപ്പെടുത്തി. കേരളത്തിലെ ഏതോ ഒരുള്‍നാടന്‍ ഗ്രാമത്തില്‍ എത്തിപ്പെട്ട പോലെ. നിറയെ വാഴകളും, പപ്പായയും , പുല്ലും , കപ്പയും,മാവും ഒക്കെ വിളഞ്ഞു നില്‍കുന്ന മനോഹരമായ ഒരു കൃഷിയിടം. അവിടെഒരു സുഡാനി ഉണ്ട്. കൃഷികള്‍ ഒന്നും നശിപ്പിക്കരുത് എന്ന ഉറപ്പില്‍ അദ്ദേഹം ഞങ്ങള്‍ക്ക് അവിടെ പ്രവേശിക്കാന്‍ അനുവാദം തന്നു. അവിടുത്തെ മുഖ്യ ആകര്‍ഷകം വിവിധയിനം വാഴ തന്നെയാണ്- പിന്നെ പപ്പായയും പൂത്തു നില്‍കുന്ന മാവും. പുലര്‍കാല തണുപ്പില്‍ മനം കുളിര്‍ക്കുന്ന ഈകാഴ്ച കൂടിയായപ്പോള്‍ എല്ലാവരുടെയും മനം നിറഞ്ഞു. അവിടെ തന്നെ ഇരുന്നു നേരത്തെ തയാറാക്കി കൊണ്ട് പോയിരുന്നു പ്രാതല്‍ കഴിച്ചു. നഗര നാഗരിഗതയുടെ സ്പര്‍ശം ഏല്‍ക്കാത്ത ഇത് പോലെയുള്ള ഒട്ടനവധി കൃഷിയിടങ്ങള്‍ ചുറ്റും ഉണ്ടെന്നു സുഡാനി പറഞ്ഞു.



പ്രാതലിനു ശേഷം ഞങ്ങള്‍ കാഴ്ചകള്‍ കാണാന്‍ ഇറങ്ങി വിവിധ ഇനം വാഴകള്‍ കുലച്ചു നില്കുന്നു. ചിലത് പഴുക്കാറായിട്ടുണ്ട് . അത് പോലെ വൈവിധ്യമാര്‍ന്ന പപ്പായകളും . ഒരു വശത്ത് നല്ല പച്ചപ്പുല്ലകള്‍ വളര്‍ത്തുന്നു- കൃഷിയടത്തിലൂടെ ജലസേചനത്തിനു വേണ്ടി ചെറിയ ചാലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അത് പോലെ മനോഹരമായ മറ്റൊരു കാഴ്ച കൃഷിയിടത്തിനു പുറത്തുള്ള കിണറാണ്- അവിടെ നിന്ന് കൃഷിയിടത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന്- പുറമേ മറ്റു കൃഷിയിടങ്ങളിലേക്ക് ടാങ്കറില്‍ വെള്ളം കൊണ്ട് പോകുകയും ചെയ്യുന്നു.

 
കണ്ണിനും മനസ്സിനും കുളിര്‍മ നല്‍കുന്ന ആ കാഴ്ച വിട്ടു പോകാന്‍ മനസ്സ് വിസമ്മതിചെന്കിലും വെള്ളിയാഴ്ച എന്ന ഓര്മ ഞങ്ങളെ തിരിച്ചു നടത്തി. തിരിച്ചു പോന്നു വഴിയില്‍ കണ്ട ഒരു ഗ്രാമീണ പള്ളിയില്‍ നിന്ന് ജുമുആ നമസ്കരിച്ചു കഴിഞ്ഞു പുറത്തിറങ്ങി . തൊട്ടടുത്ത്‌ ഒരു ചെറിയ അങ്ങാടി ഉണ്ട്. ആടുകള്‍ക്ക് തീറ്റ പുല്ലു വില്കുന്ന കേന്ദ്രവും- അവിടെ അന്വേഷിച്ചപ്പോള്‍ തൊട്ടടുത്ത്‌ മറ്റൊരു മസ്ര കൂടി ഉണ്ട് എന്ന് പറഞ്ഞു . എന്നാല്‍ ഉച്ച ഭക്ഷണം അവിടെ നിന്ന് ആകാമെന്ന് തീരുമാനിച്ചു അങ്ങോട്ട്‌ വിട്ടു- നിറയെ ജര്ജീരും , മല്ലിയിലകളും, കസ്സും ഒക്കെ വിളയുന്ന പാഠങ്ങള്‍. ഓരോ  താഴ്വാരവും കൃഷിക്ക് അനുയോജ്യ മാക്കി എടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. അവിടെ നിന്ന് മടങ്ങുമ്പോള്‍ അവിടുത്തെ കൃഷിക്കാര്‍ സ്നേഹപൂര്‍വ്വം കുറച്ചു ജര്‍ജീര്‍ കെട്ടുകള്‍ ഞങ്ങള്‍ക്ക് നല്‍കി. അവിടെ തൊട്ടടുത്ത്‌ തന്നെ ഒട്ടകത്തിന്റെ പാല്‍ കിട്ടുന്ന സ്ഥലം ഉണ്ട്. നമുക്ക് പാല്‍ കറന്നു തരും ഏകദേശം രണ്ടു ലിറ്ററോളം വരുന്ന പാത്രത്തിനു ഇരുപതു റിയാല്‍ ആണ് വില- ഞങ്ങളും അതിന്റെ രുചി ആസ്വദിച്ചു .
 


തിരിച്ചുള്ള യാത്രയില്‍ വഴികള്‍ സജീവമാവാന്‍ തുടങ്ങിയിരുന്നു ഇങ്ങോട്ട് പോരുമ്പോള്‍ കണ്ട വിജനത ഇല്ല ഗ്രാമങ്ങളില്‍ നിന്നും ആളുകള്‍ വഴി വക്കിലേക്കു കുടുംബ സമേതം ഇറങ്ങിയിരിക്കുന്നു വട്ടത്തില്‍ ഇരുന്നു ഒരൊഴിവ് ദിവസം അവരും കുടുംബത്തോടൊപ്പം ചിലവഴിക്കുന്നു. തണുപ്പ് കാലമായതു കൊണ്ട് വഴിവക്കില്‍ വിറകു കച്ചവടക്കാരും ധാരാളം. സൂര്യസ്തമയത്തിനു ശേഷം അല്പം വിറകു കൂട്ടി തണുപ്പകറ്റി ഭക്ഷണവും കഴിച്ചു അവര്‍ മടങ്ങും മറ്റൊരു ഒഴിവു ദിവസത്തിന് കാതോര്‍ത്തു കൊണ്ട്.





മടക്ക യാത്ര ആരംഭിച്ചപ്പോള്‍ഞാന്‍ കുട്ടികളുടെ മനസ്സ് വായിക്കാന്‍ ശ്രമിക്കുകയായിരുന്നു. പ്രകൃതിയും മണ്ണും ഗ്രാമീണ കാഴ്ചകളും അവരുടെ മനസ്സില്‍ എത്രമാത്രം ചലനങ്ങള്‍ സൃഷ്ടിച്ചിരിക്കും !!

 

(8/02/2015 ലെ മലയാളം ന്യൂസ്‌ സണ്‍‌ഡേ പ്ലസില്‍ പ്രസിദ്ധീകരിച്ചത് )