പ്രഭാത സൂര്യന്റെ പൊന്‍ കിരണങ്ങള്‍ വീട്ടു മുറ്റത്തെ പൂമര ചില്ലകള്‍ക്കിടയിലൂടെഅരിച്ചിറങ്ങിചെറിയ ചൂട് പകര്ന്നപ്പോഴാണ് പേപ്പര്‍ വായന അവസാനിപ്പിച്ചത്.
അതൊരു വല്ലാത്ത സുഖമാണ് രാവിലെ സിറ്റ്ഔട്ടില്‍ ഇരുന്നു പേപ്പര്‍ വായിക്കാന്‍. നേരം ഒത്തിരി ആയി. ചായ കുടിക്കാന്‍ രണ്ടു പ്രാവശ്യം അടുക്കളയില്‍ നിന്ന്
വിളി കിട്ടിയിട്ടും മറുപടി ഒരു മൂളലില്‍ ഒതുക്കിയതാ ഞാന്‍.
പേപ്പര്‍ മടക്കി പതുക്കെ എഴുന്നേറ്റു.ഇനിയുംരണ്ടു
ദിവസം കൂടി കഴിഞ്ഞാല്‍ അവധി തീര്‍ന്നു .അവധി
ദിവസങ്ങള്‍ എത്ര പെട്ടെന്നാ പോയത്. എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രവാസിയും
തന്റെ അവധി ദിനങ്ങള്‍കണക്കുകൂട്ടുന്നത്.പക്ഷെ എവിടെയും എത്താതെ
പലപ്പോഴും പരാതി കൂമ്പാരങ്ങള്‍ സ്വയം ഏറ്റു വാങ്ങി
തിരികെ സ്വന്തംതട്ടകത്തിലേക്ക് തിരിക്കാനാണ് പലരുടെയും
വിധി.
“ഇന്നെങ്കിലും നിങ്ങള്‍ ഒന്നവിടെ വരെ പോകണം .അവര്‍ രണ്ട് ദിവസം കൂടി കഴിഞ്ഞാല്‍ പോകും"
ചായ കുടിക്കുന്നതിനിടയില്‍ ബീവിയുടെ സ്നേഹത്തോടെയുള്ള ഓര്‍മ്മപ്പെടുത്തല്‍ .
ശരിയാണ് ഇത്ര ദിവസം ആയിട്ടും അവിടെ ഒന്ന് കയറിയിട്ടില്ല. എന്തോ എനിക്കറിയില്ല എന്താണ് അതിനു കാരണം.
ഒരു പക്ഷെ ഓരോ പ്രവാസിയുടെയും പതിവ് മരവിപ്പ് തന്നെ ആകാം കാരണം
പറയുമ്പം അയല്പക്കമാണ്.രണ്ടു മൂന്നു വീട് ദൂരെ. ഇനിയിപ്പോ അവര്‍ പോയാല്‍...!!?വേഗം ചായ കുടിച്ചു ഇറങ്ങി.
കഴിഞ്ഞ വെകേഷനില്‍ അവിടെ പോയതാ ,അന്ന് എന്തൊരു സന്തോഷമായിരുന്നു ആ ഉമ്മാക്ക്. അല്ലേലും എന്നും അവര്‍ക്ക് എന്നോട് വാത്സല്യമായിരുന്നു . ചെറുപ്പത്തില്‍ അവരുടെ വീട്ടിലേക്കു ആവശ്യമുള്ള സാധനങ്ങള്‍ പല ചരക്കു കടയില്‍ നിന്ന് കൊണ്ട് കൊടുക്കുമ്പോള്‍ സ്നേഹത്തോടെ തരുന്ന ഒറ്റ രൂപാ നോട്ടുകള്‍
മനസ്സില്‍ മായാതെ കിടക്കുന്നു. എത്ര പെട്ടെന്നാ കാര്യങ്ങള്‍ അവര്‍ക്ക് എല്ലാം കൈവിട്ടു പോയത്.
തിരുവിതാംകൂറില്‍ നിന്നും കുടിയേറിയ കുടുംബം മൂന്നു ആണ്‍കുട്ടികള്‍
സന്തുഷ്ട കുടുംബം . ഏറ്റവും ഇളയ കുട്ടി റാഫി
എന്റെ കളിക്കൂട്ടുകാരന്‍ .
മക്കളെ ലാളിച്ചു വളര്‍ത്തിയ അച്ഛനമ്മമാര്‍. മൂത്തമകന്‍ പഠനവസാനം പ്രേമിച്ചവളുടെ കൂടെ പോകാന്
തീരുമാനിച്ചപ്പോള്‍ നല്ലരീതിയില്‍ വിവാഹം നടത്തികൊടുത്തവര്‍. പക്ഷെ വിധി
അവരെ ഒന്നിക്കാന്‍ വിട്ടില്ല . ഒരു ബൈകപകടതിന്റെ രൂപത്തില്‍ അവരുടെ ജീവിതം പൊലിഞ്ഞു പോയി.
രണ്ടാമത്തെ മകന്‍ നാട്ടു നടപ്പില്‍ പെട്ട് നട്ടപ്പാതിര നേരം വന്നു കയറാന്‍
തുടങ്ങിയപ്പോള്‍ തളന്നു പോയെങ്ങിലും , നേരെയാക്കാന്‍ വിദേശ
വാസത്തിനു വിട്ടു .
പക്ഷെ വിധി വീണ്ടും അവരെ കീഴ്പെടുത്തി .
ഒരു കാര്‍ അപകടത്തിന്റെ രൂപത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്ക് ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം.
പിന്നീടുള്ള അവരുടെ ജീവിതം ഇളയമകന് വേണ്ടിയായിരുന്നു.
അവനു ജോലി ലഭിച്ചപ്പോള്‍ അവര്‍ അതിരറ്റു ആഹ്ലാദിച്ചു.
പക്ഷെ ഇടയ്ക്കു കുടുങ്ങിയ പ്രണയം വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ വിവാഹം തന്നെ വേണ്ടെന്നു വെച്ച്
വാശി തീര്‍ത്തു അവന്‍ .പക്ഷെ ആ വേദനയാല്‍ തകന്നു പോയ
ഉപ്പ ഒരു ദിവസം പെട്ടെന്ന്ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ആ
ഉമ്മാക്ക് പിടിച്ചു നില്‍കാന്‍ ഒരുപാട് പാട് പെടേണ്ടി വന്നു .
പല പ്രാവശ്യം അവധിക്കു വന്നപ്പോഴും ഞാന്‍ റാഫിയോടു കല്യാണത്തെ പറ്റി സൂചിപ്പിച്ചപ്പോള്‍ ഒക്കെ അവന്‍ പറഞ്ഞത് അത് ഞാന്‍ എന്നോ മറന്നു എന്നായിരുന്നു. അതെ ചിലര്‍ക്ക് ചില മുറിവുകള്‍ അങ്ങിനെയാ - അതൊരിക്കലും ഉണങ്ങില്ല .
ഓര്‍മ്മകള്‍ മനസ്സില്‍ മിന്നലോട്ടം നടത്തിയപ്പോഴേക്കും ഞാന്‍ വീട്ടുമുറ്റത്ത് എത്തിയിരുന്നു .പതിയെ കാള്ലിംഗ് ബെല്‍ അമര്‍ത്തി . രണ്ടു നിമിഷം കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു വാതില്‍ തുറന്നു .പുഞ്ചിരിക്കുന്ന ആ മുഖത്തേക്ക് ഒരു നിമിഷം ഞാന്‍ നോക്കി . കുശലന്വേഷനങ്ങള്‍ക്ക് ശേഷം ഞാന്‍ ചോദിച്ചു ..”ഉമ്മച്ചി എന്താ ഇപ്പൊ ഇങ്ങനെ ഒരു തീരുമാനം .പെട്ടെന്ന് എല്ലാംവിറ്റു പെറുക്കി നാട്ടില്‍ പോകാന്‍”
അപ്പൊ നീ ഒന്നും അറിഞ്ഞില്ലേ . ?? എന്ന അവരുടെ ചോദ്യം എന്നെ അമ്പരപ്പിച്ചു . ഇല്ല എന്ന് തലയാട്ടി . നീ വാ . നമുക്ക് അടുക്കളയില്‍ ഇരുന്നു സംസാരിക്കാം.
അടുക്കളയില്‍ ഇരുന്നു ആ കഥ അവര്‍ പറയ്യാന്‍ തുടങ്ങി ..
റാഫിക്ക് സഹകരണ ബാങ്കിലാണ് ജോലി. കഴിഞ്ഞ രണ്ടു വര്ഷം നാട്ടില്‍ ഉണ്ടായ ഭൂമി മാഫിയ അവനെ ഒരു ചെറിയ കരുവാക്കി . ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്ന ഒരാള്‍ അവനെ പറഞ്ഞു മയക്കി ബാങ്കിലെ ചില ഇടപാടുകാരില്‍ നിന്നും ബാങ്കിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ എന്ന പേരില്‍ ദിപോസ്സിറ്റ് വാങ്ങി തിരിമറി നടത്തി . പക്ഷെ അവന്‍ മുങ്ങി ,ഇടപാടുകാര്‍ പൈസ തിരികെ ചോദിച്ചപ്പോള്‍
പ്രശ്നമായി ഏകദേശം പതിനഞ്ചു ലക്ഷം രൂപ ഈ ഇനത്തില്‍ കടം വന്നു. വീടും പുരയിടവും വിറ്റു കടം വീട്ടുകയല്ലാതെ എന്ത് ചെയ്യാന്‍ . ഒടുവില്‍ അത് ചെയ്തു .
നാട്ടില്‍ കുറച്ചു സ്ഥലം ഉണ്ട് .ശിഷ്ട കാലം അവിടെ കഴിയാം
ഇത് പറഞ്ഞു ആ അമ്മ കണ്ണ് നീര്‍ തുടച്ചു ..
സ്നേഹ നിധിയായ ആ അമ്മയുടെ കൂടെ കരയാനല്ലാതെ എനിക്കായില്ല
മൂന്ന് മക്കളെ പ്രസവിച്ചിട്ടും വിധി അവരെ ............
കണ്ണീരോടെ യാത്ര പറഞ്ഞു എന്റെ വീട്ടുമുറ്റത്ത് എത്തിയപ്പോള്‍ മൂന്നു നാലുപേര്‍ . ആരാ എന്ന എന്റെ ചോദ്യത്തിന് "ഞങ്ങള്‍ സ്ഥലം ബിസിനെസ്സ്കാരാ. നിങ്ങള്‍ ഗള്‍ഫില്‍ നിന്ന് വന്നു എന്നറിഞ്ഞു വന്നതാ.ഇവിടെ അടുത്ത് നല്ല കുറച്ചു സ്ഥലം വിലക്കാന്‍ ഉണ്ട് . ഇപ്പൊ വാങ്ങി ഇട്ടാല്‍ കുറച്ചു കഴിഞ്ഞു നല്ല വിലക്ക് വില്‍ക്കാം" . അടുത്ത് എവിടെയാ എന്ന എന്റെ ചോദ്യത്തിന് "ബാങ്കിലെ റാഫിയുടെ............" . കൂടുതല്‍ ഒന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഇപ്പൊ എന്റെ കയ്യില്‍ പൈസ ഒന്നും ഇല്ല എന്ന് പറഞ്ഞു അകത്തേക്ക് കയറുമ്പോള്‍ എന്റെ മനസ്സില്‍ ആ ഉമ്മയുടെ കണ്ണില്‍ നിന്ന് ഒലിച്ചിറങ്ങിയ കണ്ണീരും , വിസ്തീര്‍ണം വര്‍ദ്ധിക്കാതെ കഷ്ണങ്ങള്‍ ആയി മാറുന്ന നമ്മുടെ ഈ കൊച്ചു ഭൂമിയും മാത്രം ആയിരുന്നു ..