November 18, 2013

പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍


പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യർ എണ്ണ സൗഭാഗ്യങ്ങളുടെ ഈ സമ്പന്ന ഭൂമിയിൽ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങൾക്ക്‌ നല്കിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങൾ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു. തിരിച്ചു പോക്കും വന്നു ചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോൾ നിറഞ്ഞു കവിഞ്ഞും ലക്ഷോപ ലക്ഷം ഭാഗ്യാന്വേഷികൾക്ക് സംവത്സരങ്ങളായി പ്രവാസലോകം ഇടത്താവളം ഒരുക്കുന്നു. മോഹിപ്പിച്ചും സമാധാനിപ്പിച്ചും മറ്റു ചിലപ്പോൾ കരയിപ്പിച്ചും തുടരുന്ന കാഴ്ചകൾക്ക് ഇന്നും വലിയ മാറ്റമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നവംബറിലെ തണുപ്പാര്‍ന്ന ഒരു പ്രഭാതം. ഒരു പ്രവാസ പകലിന്റെ ആരവങ്ങൾ ഒടുങ്ങി എല്ലാ പ്രയാസങ്ങളും ഓരോ കമ്പിളിപ്പുതപ്പില്‍ മൂടിക്കെട്ടി ഞങ്ങള്‍ നാലുപേര്‍ ഒരു റൂമില്‍ ഗാഡനിദ്രയില്‍ ആണ്. രാവിലെ ഏഴുമണി നേരം. ഡോര്‍ ബെല്‍ തുടരെ തുടരെ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ബെല്ലടിച്ചവനെയും അവന്റെ കൂട്ടു-കുടുംബക്കാരെയും ഒന്നിച്ചു പ്രാകി ഡോര്‍ തുറന്നപ്പോള്‍ ഒരു മധ്യ വയസ്കന്‍ നിറഞ്ഞ പുഞ്ചിരിയോടെ ഒരു സഞ്ചിയും പിടിച്ചു വാതില്‍ക്കല്‍ നില്‍കുന്നു . എന്നെ കണ്ടതും ഒരു ചോദ്യം " നിങ്ങളിവിടെ പുതിയ താമസക്കാര്‍ കുട്ട്യളല്ലേ- നിങ്ങള്ക്ക് പപ്പടം വേണോന്ന് ചോദിയ്ക്കാന്‍ വന്നതാ" - സത്യത്തില്‍ അയാളുടെ ചോദ്യം കേട്ട് അയാളെ പപ്പടമാക്കാന്‍ തോന്നിയെങ്കിലും അയാളുടെ ആ പുഞ്ചിരി എന്തോ എന്റെ മനസ്സിനെ ഇളക്കി. " ഇപ്പൊ പപ്പടം ഒന്നും വേണ്ട" എന്ന് പറഞ്ഞെങ്കിലും അയാളുടെ തുടരെ യുള്ള നിര്‍ ബന്ധവും "പൈസ കുട്ട്യേള്‍ അടുത്ത ആഴ്ച വരുമ്പോള്‍ തന്നാല്‍ മതി " എന്നാ വാക്കും ആ പപ്പട പൊതി വാങ്ങാന്‍ എന്ന് നിര്‍ബന്ധിതനാക്കി.

അന്ന് മുതല്‍ ഒരു ബന്ധം തുടങ്ങുകയായിരുന്നു, അത് പോലെ അതിജീവനത്തിന്റെ പുതിയ അറിവുകളും. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍ . ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങള്‍ പ്രവാസത്തിന്റെ കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവര്‍. പ്രവാസം നീണ്ടപ്പോള്‍ അത്തരത്തില്‍ പെട്ട ഒരു പാട് പേരെ കാണാനും ഇടപഴകാനും കഴിഞ്ഞു. നിയമത്തിന്റെ കണ്ണില്‍ അനധികൃതര്‍. നിയമപാലകർ ഒരുക്കുന്ന വലകളിൽ കുടുങ്ങാതെ ഊട് വഴികളിലൂടെ സഞ്ചരിച്ചു ജീവിതത്തിനു മേൽക്കൂര പണിയാൻ പാട് പെട്ടവർ.

പപ്പടക്കാരന്‍ കുഞ്ഞാക്ക, വാഹനംകഴികിയുരുന്ന പോക്കുക്കാക്ക, റൂമില്‍ സ്ഥിരമായി മീന്‍ എത്തിച്ചിരുന്ന അബൂബക്കര്‍. അങ്ങിനെ നീളുന്ന ആ സ്നേഹപ്പട്ടിക. എന്തോ ഇവരോക്കെയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അന്ന് കഴിഞ്ഞിരുന്നു.ഒരിക്കല്‍ അബൂബക്കര്‍ കാക്കയുടെ വീട്ടില്‍ ഒരു കത്ത് എത്തിക്കാന്‍ എഴുപതു കിലോമീറ്റര്‍ ദൂരം ബൈക്കോടിച്ചു പോയത് ഇപ്പോഴും ഒരു നല്ല ഓര്‍മയാണ്. ഇത്രയും പറഞ്ഞു വന്നത് കാലം മാറി , മുകളില്‍ പറഞ്ഞവര്‍ ഒക്കെ വിവിധ കാലത്തെ "ക്ലീനിങ്ങില്‍"നാട് പിടിച്ചു.

തൊഴിൽ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിൽ വരുത്തിയതോടെ ഇത്തരം ആളുകള്‍ ഇല്ലാതായി . പകരം ജോലിയും , കൂലിയും , പ്രോഫഷനും ഉള്ളവർ കൃത്യമായ വിസ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ വന്നു തുടങ്ങി. എന്നാലും മനസ്സില്‍ ആ പഴയ കാലം ഇപ്പോഴും ക്ലാവ് പിടിക്കാതെ കിടക്കുന്നു. വിശപ്പിന്റെ വിളികൾക്ക് മുമ്പിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്നു അതിജീവനത്തിനായി നിശബ്ദ പോരാട്ടം നടത്തിയ ഒരു പറ്റം മനുഷ്യരുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ .. പ്രവാസ ജീവിതത്തിനു അടിത്തറ പാകാൻ അവർ പകർന്നു തന്ന ധൈര്യം ചെറുതല്ല. ഒരു പക്ഷെ നാട്ടിലെ ഏതെങ്കിലും ചായക്കടയിലോ വീടിന്റെ ഉമ്മറക്കോലായിലോ ഇരുന്നു അവരിപ്പോഴും തങ്ങളുടെ പ്രവാസ ജീവിതത്തിലെ ദുരിത നാളുകൾ ഓർക്കുന്നുണ്ടാവാം.സഹനത്തിന്റെയും ത്യാഗത്തിന്റെയും നാളുകൾ.
 

(  19-11-2013  മലയാളം ന്യൂസ്‌ പത്രത്തിലും 2013 ഡിസംബര്‍ ലക്കം "പുടവ" മാസികയിലും  പ്രസിദ്ധീകരിച്ചത്‌)

May 03, 2013

തണല്‍

 തണല്‍
----------

ഒരു ചെറിയ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്‍ തുറന്നപ്പോഴാണ് ഞാന്‍ അവരെ കാണുന്നത്. നാലു ദിവസത്തെ തുടര്‍ച്ചയായ ജോലിത്തിരക്ക് കഴിഞ്ഞു ബൈയുആന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് യിവു വിലെക്കുള്ള  ബോര്‍ഡിംഗ് പാസ്‌ വാങ്ങി ലോഞ്ചില്‍ ഇരുന്നപ്പോള്‍ ക്ഷീണം കാരണം ഒന്ന് മയങ്ങി. ഏകദേശം അഞ്ചു മിനിറ്റ്.  യാത്രകള്‍ പലപ്പോഴും അങ്ങിനെയാണ് . ജീവിതത്തില്‍ ഓര്‍ത്തു വെക്കാന്‍ പറ്റുന്ന പലതും നമുക്ക് സമ്മാനിക്കുന്നു. കണ്‍ തുറന്നപ്പോള്‍ ഞാന്‍ വന്നപ്പോള്‍ മുതല്‍ ഒഴിഞ്ഞു കിട ന്നിരുന്ന ലോഞ്ചിലെ ഒട്ടു മിക്ക സീറ്റുകളും  നിറയാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു നിമിഷം എന്റെ ശ്രദ്ധ എന്റെ തൊട്ടടുത്ത സീറ്റിലേക്ക് തിരിഞ്ഞു . പ്രായമായ അമ്മയും ഒരു മകളും . അമ്മ വളരെ ക്ഷീണിതയാണ്.മകള്‍ അമ്മയെ സ്നേഹ പൂര്‍വ്വം കൂട്ടിപ്പിടിച്ചിരിക്കുന്നു. എന്റെ നോട്ടം അവരിലേക്ക് തിരിഞ്ഞപ്പോള്‍ ആ മകള്‍ എന്നെ  നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് ചോദിച്ചു നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്. എന്റെ യാത്രയുടെ ഉദ്ദേശവും കാര്യങ്ങളും ഒക്കെ ചെറുതായി വിശദീകരിച്ചു. എന്നിട്ട് അവരോടു ചോദിച്ചു. നിങ്ങള്‍ അമ്മയെയും കൊണ്ട് എങ്ങോട്ടാണ്. ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ വിശദീകരിക്കാന്‍ തുടങ്ങി. അവള്‍ ഡാലിയാന്‍ പ്രവിശ്യയില്‍ നിന്നാണ്. ഇവിടെ ഗുആങ്ങ്ച്ചു നഗരത്തില്‍ വന്നിട്ട് ഏകദേശം അഞ്ചു വര്ഷം കഴിഞ്ഞു. ഒരു ട്രേഡിംഗ് കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആയി ജോലി നോക്കുന്നു. ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം. ഭര്‍ത്താവ്‌ മറ്റൊരു വ്യവസായിക നഗരമായ്‌ ഷന്കായില്‍ ജോലി ചെയ്യുന്നു. അവരുടെ ഒരു അമേരിക്കന്‍ കസ്ടമര്‍ വന്നിട്ടുണ്ട്. അവരുടെ ചില പര്ചെസിംഗ് ആവശ്യാര്‍ത്ഥം രണ്ടു ദിവസത്തേക്ക്  യിവുവിലേക്ക് പോകുകയാണ്. അമ്മക്ക് രണ്ടു ദിവസമായി നല്ല സുഖം ഇല്ല . അതുകൊണ്ട് അമ്മയെ ഒറ്റയ്ക്ക് ഫ്ലാറ്റില്‍ ആക്കി പോകാന്‍ മടി. അതുകൊണ്ട് കൂടെ കൂട്ടി. ഒരു നിമിഷം ഞാന്‍ ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. മകളുടെ സ്നേഹം നല്‍കുന്ന സന്തോഷം എനിക്കാ കണ്ണുകളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു.  വിമാനത്തിലേക്ക് കയറാന്‍ അറിയിപ്പ് കിട്ടുന്നത് വരെ എന്റെ ചിന്ത കാലത്തിന്റെ തിരക്കുകളില്‍ പെട്ട് നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരെ ക്കുറിച്ച് മാത്രമായിരുന്നു .


March 22, 2013

കാസി തൊണ്ട്

കാസി തൊണ്ട്
===========
എക്കണോമിക്സും മാത്തമാറ്റിക്കല്‍ എക്കണോമിക്സും ഒക്കെ പഠിക്കുന്നതിനു മുന്‌പ്‌ , ബാങ്ക് അക്കൌണ്ടും , സേവിംഗ് ബാങ്കും ഒക്കെ എന്താണ് എന്ന് അറിയുന്നതിന് വളരെ മുന്‍പ്‌ എന്റെ തകരപ്പെട്ടിയില്‍ ഒരു വലിയ സേവിംഗ് ഉണ്ടായിരുന്നു . "കാസി തൊണ്ട്" എന്ന ഓമന പേരില്‍ അറിയപ്പെടുന്ന ചില്ലറകള്‍ സൂക്ഷിക്കുന്ന ഇന്നത്തെ കോഇന്‍ ബോക്സിന്റെ ഓള്‍ഡ്‌ വേര്‍ഷന്‍. തല ചുമടായി മന്പാത്രങ്ങള്‍ കൊണ്ട് നടക്കുന്ന കൊശവന്‍മാരില്‍ നിന്ന് വാങ്ങിയ മണ്ണ് കൊണ്ടുള്ള മനോഹരമായ കാസിത്തൊണ്ട്. ഓര്‍മകള്‍ പിറകോട്ടു സഞ്ചരിക്കുമ്പോള്‍ ഈ കാസിത്തൊണ്ടിലെ ചില്ലറ കള്‍ക്ക് അന്ന് ഇന്ന് കിട്ടുന്ന റിയാലിനെക്കാള്‍ മൂല്യം !
ഇടയ്ക്കു ഒരു പേന, യൂത്ത് ഫെസ്റ്റിവല്‍ നടക്കുമ്പോള്‍ ഒരു ഐസ് ക്രീം, സ്കൂള്‍ അവധിക്കാലത്തു പിരിവെടുത്ത് പത്താം നമ്പര്‍ ഫുട്ബോള്‍ വാങ്ങുമ്പോള്‍ കൊടുക്കാന്‍ ഒരു ഷെയര്‍ ഇങ്ങിനെത്തെ അന്നത്തെ "വലിയ" ആവശ്യങ്ങള്‍ ഒക്കെ നിറവേറ്റി യിരുന്നത് കവുങ്ങില്‍ ചുവട്ടിലെ അടക്ക വിറ്റും, പഴയ പുസ്തകങ്ങള്‍ വിറ്റും , തിരി കൊഴിഞ്ഞ കുരുമുളക് പൊള്ള പൈതലാക്കക്ക് കൊടുത്തും ഒക്കെ കിട്ടിയിരുന്ന നാണയ തുട്ടുകള്‍ ഇതില്‍ നിക്ഷേപിച്ചായിരുന്നു.

കഴിഞ്ഞ വെക്കേഷന്‍ സമയത്ത് ഈ സാധനം കുറെ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഒരിക്കല്‍ ഒരുപാട് ആളുകളില്‍ ചെറിയ സമ്പാദ്യ ശീലം വളര്‍ത്തിയിരുന്ന ഈ സാധനവും പുരാവസ്തു ആയി പോയോ ആവോ ? !!!നടത്തത്തിലേക്ക് ഒരു നടത്തം

നടത്തത്തിലേക്ക് ഒരു നടത്തം
======================
ജിദ്ദയില്‍ നടത്തക്കാര്‍ക്ക് വേണ്ടി ഒരുപാട് സ്ഥലങ്ങള്‍ ഉണ്ട് . ഹില്‍ട്ടന്‍ കോര്നെര്‍, കോര്‍ണിഷ് , ബവാദി,ഖാലിദ്‌ ബിന്‍ വലീത്‌ തുടങ്ങി നല്ല സ്ഥലങ്ങള്‍. ഇവിടങ്ങളില്‍ ഒക്കെ ദിവസവും രാവിലെയും വൈകിട്ടും ആളുകള്‍ നടക്കാന്‍ എത്തുന്നു. നിദാ ഖാത്തു വഴി തൊഴിലവസരങ്ങള്‍ സൌദിയില്‍ കുറയുമ്പോഴും ഇവിടെ നടക്കുന്നവരുടെ എണ്ണം കൂടി വരുന്നു. ജലദോഷവുമായി ജിദ്ദയിലെ അനേകം ആശുപത്രിയില്‍ എത്തുന്നവര്‍ ആദ്യം ചെയ്യുന്നത് കൊളസ്ട്രോള്‍, ഷുഗര്‍, പ്രഷര്‍ എന്നിവ ചെക്ക് ചെയ്യുകയാണ്.( ഇന്‍ഷുറന്‍സ് കാര്‍ഡിന്റെ ബലത്തില്‍ !) .അവിടം മുതല്‍ അവന്റെ നടത്തം ആരംഭിക്കുന്നു . "വയസ്സ് നാല്‍പതു ഒക്കെയായി .ഇനി അല്പം നടക്കണം " എന്നുകൂടി ഡോക്ടര്‍ ഉണര്‍ത്തുമ്പോള്‍ അവന്‍ അവിടെ നിന്ന് തന്നെ മനസ്സാ നടക്കാന്‍ ആരംഭിക്കുന്നു. പ്രശ്നം അവിടെ അല്ലെ. പത്തും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് എവിടെ നടക്കാന്‍ സമയം. എന്നാല്‍ ഉള്ള സമയം അവര്‍ അഡ്ജസ്റ്റ് ചെയ്തു നടക്കാന്‍ ആരംഭിക്കുന്നു. ഇനിയാണ് രസം. നടക്കുന്നവരുടെ ഭാവ പ്രകടനങ്ങള്‍ അവരുടെ മാനസിക നില വിളിച്ചറിയിക്കുന്നു. ചിലര്‍ വളരെ വേഗത്തില്‍ രണ്ടു വട്ടം പൂര്‍ത്തിയാക്കി "ഹോ കയിച്ചിലായി" എന്നാ ഭാവത്തില്‍. ചിലര്‍ ഡോക്ടറോട് ദേശ്യം തീര്‍ക്കുന്ന വിധത്തില്‍ കൈകള്‍ ആഞ്ഞു വീശി നടക്കുന്നു , അന്ന നടക്കാര്‍, അരയന്ന നടക്കാര്‍, ഭര്‍ത്താവിനെ നിര്‍ബന്ധിപ്പിച്ചു നടത്തുന്ന ഭാര്യമാര്‍ , "ശോ നമ്മുടെ ഉറക്കം മുടക്കി" എന്ന് വിലപിച്ചു ഭാര്യമാര്‍ക്ക് എസ്കോര്‍ട്ട് വരുന്ന പാവം ഭര്‍ത്താക്കന്മാര്‍ അങ്ങിനെ അങ്ങിനെ...

നമ്മുടെ ഈ തലമുറ അല്പം എങ്കിലും നടന്നിട്ടുല്ലവരാണല്ലോ. പതിനഞ്ചു കിലോമീറ്റര്‍ എന്നും നടന്നു സ്കൂളില്‍ പോയിരുന്ന ആളുകളെ എനിക്കറിയാം. പക്ഷെ ഇനിയുള്ള തലമുറ ഒരു പക്ഷെ നടത്തം ഇത് പോലെ നാല്പതു വയസ്സിലേക്ക്‌ നീട്ടേണ്ടി വരും. നടന്നു പോകാന്‍ കഴിയുന്ന പല സ്ഥലങ്ങളിലേക്കും നാം വാഹനങ്ങളെ ആശ്രയിക്കുന്നു.

(വാല്‍കഷണം # ഇന്ന് രാവിലെ രസകരമായ ഒരു കാഴ്ച കണ്ടു. രണ്ടു ലിറ്റര്‍ അല്‍മറായി പാലും രണ്ട്‌ അമേരിക്കാന കേക്കും പിടിച്ചു നടക്കാന്‍ ഇറങ്ങിയ ഒരു ഈജിപ്തു കാരനെ. "സലാമാത്തു യാ ബാഷ..യേശ മുഷ്കില "എന്ന് ചോദിച്ചു ലോഹ്യം കൂടിയ എന്നോട് അയാള്‍ " ഫീ സിയാദ സുക്കര്‍, ഷോയ കൊളസ്ടോള് -ലാക്കിന്‍ അന സബ്ബത് ..." എന്ന് മറുപടി പറഞ്ഞപ്പോള്‍ അപ്പൊ കയ്യിലുള്ള ഇത് എന്തിനാ എന്ന് ചോദിച്ചപ്പോള്‍ ..യാ അഖി ഷോയ എമ്ഷി അന തബാന്‍ ബതൈന്‍ അന അകുല്‍ വ എഷരബ് ഹാദി...."
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു !!!!! )

March 11, 2013

കരുണ

കരുണ 
=====
എന്നും രാവിലെ നടക്കാന്‍ പോകുമ്പോള്‍ കാണുന്ന മനോഹരമായ ഒരു കാഴ്ച ഉണ്ട്‌. സൂര്യന്‍ ഉദിച്ചു വരുന്നതെ ഉണ്ടാവൂ. ഞങ്ങള്‍ നടക്കുന്ന പാര്‍കിന്റെ അരികില്‍ യമനിയുടെ ഒരു ചെറിയ കട ഉണ്ട് . വെള്ളവും ജ്യൂസും കുട്ടികള്‍ക്കുള്ള മിട്ടായികളും ഒക്കെ വില്കുന്ന ഒരു നന്നേ ചെറിയ കട. കട തുറന്നാല്‍ ആയാള്‍ ആദ്യം ചെയ്യുന്നത് രണ്ടു ചെറിയ പത്രത്തില്‍ വെള്ളം എടുത്തു കടയുടെ അടുത്ത് വെക്കും . പിന്നെ കുറച്ചു ദൂരെ മാറി നില്കും .എവിടെ നിന്നോ എന്നറിയില്ല പൊടുന്നനെ ധാരാളം പ്രാവുകള്‍ അവിടെ പറന്നെത്തും . അവ വെള്ളം കുടിക്കാന്‍ തുടങ്ങുന്നതോടെ അയാള്‍ ഒരു ചെറിയ സഞ്ചിയില്‍ കരുതിയ ധാന്യങ്ങള്‍ അവക്ക് ഇട്ടു കൊടുക്കും. അപ്പോഴേക്കും കൂടുതല്‍ പ്രാവുകള്‍ അവിടെ എത്തിയിരിക്കും. അവക്ക് തീറ്റ കൊടുത്ത ശേഷം അയാള്‍ തന്റെ കടയില്‍ കയറി ഒരു കപ്പു ചായ എടുത്ത ശേഷം വീണ്ടും പുറത്തിറങ്ങി പ്രാവുകളെ നോക്കി അത് കുടിക്കും. അപ്പോള്‍ അയാളുടെ മുഖത്ത് കാണുന്ന ആ സംതൃപ്തി ഒന്ന് വേറെ തന്നെയാണ്. സഹജീവിയോട്‌ പോലും കരുണ കാണിക്കാത്ത ഈ കാലത്ത് എന്നും രാവിലെ കാണുന്ന ഈ കാഴ്ച എന്നെ പലതും ഓര്‍മിപ്പിക്കുന്നു. കടമകളും കടപ്പാടുകളും എല്ലാറ്റിലും ഉപരി "ഭൂമിയില്‍ ഉള്ളവരോട് നിങ്ങള്‍ കരുണ കാണിച്ചാല്‍ ആകാശത്തുള്ളവന്‍ നിങ്ങളോട് കരുണ കാണിക്കും" എന്ന ആപ്ത വാക്യവും .
February 15, 2013

തിരിച്ചുവരവ് ....!

സ്കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്  നട വരമ്പിലെ വയല്‍ പൂവിനോട് കിന്നാരം ചൊല്ലിയതും, വഴിവക്കിലെ ചളി വെളളത്തില്‍ കളിച്ചതും,ഞാവല്‍ പഴങ്ങള്‍ പറി ച്ചതും   പിന്നെ എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍ കളിച്ചതും ഒക്കെ തന്നെയാണ്. ഇന്നീ സൈബര്‍ ലോകത്തിന്റെ ശീതളച്ചായയില്‍ ബാല്യ കാലത്ത് വഴി പിരിഞ്ഞു പോയ പലരെയും വീണ്ടും കണ്ടു മുട്ടുമ്പോഴും    മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും ആഗ്രഹിക്കുന്ന ഒന്നുണ്ട് , അവനെ ഒരിക്കല്‍ കൂടി ഒന്ന് കണ്ടു മുട്ടിയിരുന്നെങ്കില്‍ .
മേലാപറമ്പ് സ്കൂള്‍ എന്ന് ഞങ്ങള്‍ സ്നേഹ പൂര്‍വ്വം പേരിട്ട ഗവര്‍മെന്റ് ഹയര്‍ സെകന്റ്രി സ്കൂള്‍ കിഴുപറമ്പ.മനം കുളിര്‍പ്പിക്കുന്ന കുട്ടിക്കാലം . തിമിര്‍ത്താടിയ ബാല്യം . അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  നാലു വര്‍ഷങ്ങള്‍. അന്ന് ഏഴു ബിയില്‍ ആയിരുന്നു എന്റെ പഠനം.  കുനിയില്‍, കിഴുപറമ്പ , വാലില്ലാപുഴ , പത്തനാപുരം, വെട്ടുപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ ഉള്ള കുട്ടികള്‍ അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്ത്തത കാരണം സ്കൂള്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജൂണില്‍ തുടങ്ങുന്ന ആധ്യയന വര്ഷം ഞങ്ങള്‍ക്ക് ഏകദേശം ക്രിസ്തുമസ് അവധിയോടെ തീരും. കാരണം അന്ന് ഏകദേശം തൊണ്ണൂറു ശതമാനം അധ്യാപകരും തിരുവതാംകൂറില്‍ നിന്നുള്ളവരായിരുന്നു.അവര്‍ അവധിക്കു പോയാല്‍ പിന്നെ ബാക്കി ക്ലാസ്സുകള്‍ തഥൈവ. അത് കൊണ്ട് ഏഴാം ക്ലാസ്സിലെ പഠനത്തില്‍ പ്രാമുഖ്യം കോട്ടികളി, ആട്ടാംകൊട്ടം തുടങ്ങിയ കളികള്‍ക്കായിരുന്നു . ഒരുചൊവ്വാഴ്ച ദിവസം. ആദ്യ പിരീഡ് ഇംഗ്ലീഷ്  മാഷ് അവധി. പക്ഷെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ചെറിയക്കന്‍ മാഷ് വന്നു പതിവുപോലെ രാമായണം കഥ തുടങ്ങി.അന്ന് ഇതിഹാസകഥാപാത്രമായ  ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ച് തുടങ്ങിയിയിട്ടില്ലായിരുന്നു. മാഷുടെ കഥകേള്‍ക്കാന്‍ നല്ല രസം ആണ്. സമയം പോകുന്നത് അറിയുകേ ഇല്ല.  
രണ്ടാം പിരീഡും മാഷില്ല ,കളി തന്നെ ശരണം. ഞങ്ങള്‍ പുറത്തേക്കുഓടി , തിമര്‍ത്ത് കളിച്ചു. അവസാനം ദാഹിച്ചു കിണറ്റിന്‍ കരയിലേക്ക് ഓടി. ഞങ്ങള്‍ അഞ്ചു പേര്‍ . കുഞ്ഞനും  , മുഹമ്മദും, ബഷീറും അസ്സയിനും ഞാനും.  സ്കൂള്‍ കിണര്‍ വളരെ അധികം ആഴമുണ്ട്. വെള്ളം കോരി കുടിക്കാന്‍ നല്ല അധ്വാനം വേണം.  ഒരാഴ്ച മുന്‍പാണ്‌  സ്കൂള്‍ കിണറിനു കൈവരി കെട്ടി കപ്പിഇടാന്‍ പൈപ്പ് ഒക്കെ ഇട്ടു റെഡി ആക്കിയത്.  ഞങ്ങള്‍ വെള്ളം കോരാന്‍ ആരഭിച്ചു. തൊട്ടി താഴേക്ക്. തിരിച്ചു വെള്ളം നിറഞ്ഞു മുകളിലേക്ക് വലിച്ചു കയറ്റാന്‍ ആരഭിച്ചു. ഏകദേശം മുകളില്‍ എത്തി എത്തില്ല എന്നായപ്പോള്‍ കപ്പിയുടെ ചാലില്‍ നിന്ന് കയറു തെന്നി കയര്‍കപ്പിയുടെ സൈഡില്‍ കുടുങ്ങി . ഹോ .. ഇനി കയര്‍ തിരിച്ചു കപ്പിയില്‍  ഇടണം . അതിനു കൈവരിയില്‍ കയറും. പക്ഷെ ആര്‍ക്കും ധൈര്യം ഇല്ല. പക്ഷെ എല്ലാവര്ക്കും നല്ല ദാഹം ഉണ്ട് താനും.അവസാനം കൂട്ടത്തിലെ ധൈര്യശാലിയായ  അസ്സൈനാര്‍ കൈവരിയില്‍ കയറി.  അവന്‍ കൈവരിയില്‍ നിന്ന് ഏന്തി ജി ഐ പൈപ്പില്‍ പിടിച്ചു കയര്‍ കപ്പിയില്‍ തിരിച്ചിടാന്‍ ആരംഭിച്ചു. ഗഫൂറും കുഞ്ഞനും കയറിന്റെ അറ്റം പിടിച്ചു നില്കുന്നു. ഞങ്ങള്‍ രണ്ടു പേര്‍ കാഴ്ചക്കാരും. രണ്ട് മൂന്നു നിമിഷത്തെ പ്രയത്നത്തിനു ശേഷം അവന്‍കയര്‍ കപ്പിയില്‍ തിരിച്ചിട്ടു .അവര്‍ ഇറങ്ങാന്‍ വേണ്ടി കപ്പിയിലും ജി ഇ പൈപ്പിലും പിടിച്ചു കൊണ്ട് ഒന്ന് തിരിച്ചു. ഒരു നിമിഷം .... അത് സംഭവിച്ചു ..ജി ഐ  പൈപ്പില്‍ കൂടി കപ്പി നിരങ്ങി നീങ്ങി . ബാലന്‍സ് തെറ്റി അസ്സയില്‍ കിണറ്റിലെക്ക്. അള്ളോ.. എന്ന ഒരു നിലവിളി കേട്ട് നിങ്ങള്‍ നോക്കിയപോള്‍ അവന്‍ തൊട്ടിയുള്ള ഭാഗത്തെ കയറില്‍പിടികിട്ടി താഴേക്ക്‌ ഊര്‍ന്നു ഊര്‍ന്നു പോകുന്നു.. . എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാവുനതിനു മുന്‍പേ മറ്റേ തല പിടിച്ചിരുന്ന രണ്ടുപേരുടെയും കൈകള്‍ക്കിടയിലൂടെ കയര്‍ ഊര്‍ന്നു പോയി. ബ്ലും ...താഴെ തൊട്ടിയോടൊപ്പം അസ്സിയ്നും വെള്ളത്തില്‍ പതിക്കുന്ന ശബ്ദം . ഒന്ന് അലറി വിളിക്കാന്‍ പോലും ശക്തരല്ലാതെ പകച്ചു കൊണ്ട് ഞങ്ങള്‍ . കണ്ണില്‍ ഇരുട്ട് കയറി ,കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയില്ല. പക്ഷ കൂട്ടത്തില്‍ മനസ്സാന്നിധ്യം വിടാതെ കുഞ്ഞന്‍ കിണറ്റിലേക്ക് പാളി നോക്കി. അടിയില്‍ നിന്ന് അസൈന്‍ എന്തൊക്കെ പറയുന്നതിന്റെ എക്കോ മാത്രം . നിങ്ങള്‍ മൂന്നു പേരും ഒരു നിമിഷം ശങ്കിച്ച് നിന്ന് പിന്നെ കയര്‍ തിരിച്ചു വലിക്കാന്‍ ആരംഭിച്ചു. ഞങ്ങളുടെ  പ്രതീക്ഷ തെറ്റിയില്ല . തൊട്ടിയില്‍ ചവിട്ടി കയറില്‍ പിടുച്ചു താഴെ അസ്സൈനാര്‍.  ഞങ്ങള്‍ നാലുപേരും സര്‍വ ശക്തിയും  എടുത്തു അവനെ വലിച്ചു കയറ്റാന്‍ തുടങ്ങി   . ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവന്‍ സുരക്ഷിതനായി  മുകളില്‍ എത്തി. ആകെ നനഞ്ഞു  പോയെങ്കിലും  അല്പം പോലും ഭയം ഏശാത്ത ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.കുപ്പായവും തുണിയും പഴിഞ്ഞു ഞങള്‍ തിരിച്ചു ക്ലാസില്‍ പോകുമ്പോള്‍ ഒരു പ്രതിക്ജ്ഞ എടുത്തു. ഇത് ആരോടും പറയില്ല എന്ന്. രാധാമണി ടീച്ചറുടെ മലയാളം ക്ലാസ് ആയിരിന്നു അടുത്ത പിരീഡ് . അകെ നനഞ്ഞിരിക്കുന്ന അവനെ നോക്കി എന്ത് പറ്റി എന്ന ചോദ്യത്തിന് വെള്ളം കുടിച്ചപ്പോള്‍ തൊട്ടി വീണു വെള്ളം ആയതാണ് എന്ന് അവന്‍ കൂസാതെ മറുപടി പറഞ്ഞു.
അടുത്ത കൊല്ലം എട്ടാം  ക്ലാസ്സിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ താമസ സ്ഥലം മാറേണ്ടി വന്നത് കൊണ്ട് ഞാന്‍ സ്കൂള്‍ മാറി .
ഇന്നിപ്പോ നീണ്ട മുപ്പതില്‍ പരം  വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നീടൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ ഇന്നും എന്റെ മനസ്സില്‍ അവന്റെ ധൈര്യം തിളങ്ങുന്ന ആ കണ്ണുകള്‍ മായാതെ കിടക്കുന്നു...
January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും .....

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ ഒരു വട്ട ചക്രവും മറ്റേ കയ്യില്‍ അത് ബാലന്‍സ് ചെയ്തു ഉരുട്ടാന്‍ ചെറിയ കമ്പി അറ്റം  വളച്ചുണ്ടാക്കിയ ഒരു പിടിയും പിടിച്ചു വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങിയാതാണ് ആ കൊച്ചു ബാലന്‍. വേഷം ഒരു മുറിയന്‍ ട്രൌസര്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ചെമ്മണ്‍ പാത ശാന്തമാണ്. തന്റെ കളിത്തട്ട കത്തിലേക്ക് എത്താന്‍ ഇനിയും കുറച്ചു ദൂരം കൂടി ചക്രം ഉരുട്ടണം.. അപ്പോഴാണ്‌ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ആ ശബ്ദം ആ ബാലന്‍ കേട്ടത്.." നമ്മുടെ ഏവരുടെയും പ്രിയകരനായ ബഹു: സി എച്ച് സാഹിബു ഇതാ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ വരുന്നു.. ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കളയൂര്‍  കല്ലിട്ടപ്പാലം അങ്ങാടിയില്‍ പ്രാസംഗിക്കുന്നു ..." 
എന്തെന്നില്ലാത്ത കൌതുകത്തോടെ ആ ബാലന്‍ മനോഹരമായി വര്‍ണ്ണ ക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ വാഹനത്തിനു പിന്നാലെ ഓടി. പൊടി പാറിച്ചു കൊണ്ട് ആ വാഹനം കല്ലിട്ട പാലം അങ്ങാടിയിലേക്ക്. .. അല്‍പ സമയം കഴിഞ്ഞു ഏതാനും വാഹനങ്ങള്‍ കൂടി എത്തി. അതില്‍ ഒന്നില്‍ നിന്ന് വെള്ള തൊപ്പി വെച്ച ആള്‍ ഇറങ്ങി. ചുറ്റും മുദ്രാവാക്യം വിളികളും ആര്‍പ്പ് വിളികളും. തന്റെ കണ്‍ മുന്‍പില്‍  കാണുന്നതൊക്കെ ആ ബാലന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. യോഗ പരിപാടികള്‍ ആരംഭിച്ചു. റോഡില്‍ നിന്ന് കുറച്ചു ഉയരത്തില്‍ ഉള്ള ഒരു പീടിക കോലായിയാണ് വേദി. കുറച്ചു പേരുടെ പ്രാരംഭ പ്രസംഗങ്ങള്‍ക്ക്  ശേഷം സി ച്ചു സാഹിബു തന്റെ  പ്രസംഗം ആരംഭിച്ചു . മനോഹരമായ വാക്കുകളുടെ പ്രവാഹം. പുഞ്ചിരി മായാതെ യുള്ള പ്രസംഗം. തികച്ചും അമ്പരപ്പോടെയും അതിലേറെ ആശ്ചര്യ ത്തോടെയും ആ കൊച്ചു ബാലന്‍ മുന്നിലെ നിരയില്‍ തന്നെ തന്റെ ചക്രവും പിടിച്ചു നില്‍ക്കുന്നു. സി എച്ച്  തന്റെ പ്രസംഗം അവസാനിപ്പിച്ച്‌  കസേരയില്‍ ഇരുന്നു. അതിനിടക്കാന്   അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന ആ കൊച്ചു ബാലനെ കാണുന്നത് . അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി ആ കൊച്ചു ബാലന്റെ കൈ പിടിച്ചു സ്റ്റേജില്‍ താന്‍ ഇരിക്കുന്ന കസേരക്ക് അരികില്‍ നിര്‍ത്തി. കൈ പടിച്ചു കൊണ്ട് തന്നെ പേര് ചോദിച്ചു . തികഞ്ഞ പേടിയോടെയും അതിലേറെ അമ്പരപ്പോടെയും ആ ബാലന്‍ പേര് പറഞ്ഞു....."അ... ബ് ദുല്‍ .... ജ.. ബ്ബാ ര്‍,,,,,,,,,"  കൈ പിടിച്ചു കുലുക്കി നെറുകയില്‍ ഒരു മുത്തം തന്നു  പറഞ്ഞു... മോന്‍ നന്നായി പഠിച്ചു മിടുക്കന്‍ ആവണം കെട്ടോ...................

കാലം ഒരുപാട് കഴിഞ്ഞു . വളര്‍ന്നപ്പോള്‍ ആ ബാലനും അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിഞ്ഞു.. കാലം മാറി ..രാഷ്ട്രീയക്കാരും പ്രവര്‍ത്തന രീതികളും മാറി ..പക്ഷെ ഇന്നും സി എച്ച് എന്ന പേര് കേള്‍ക്കുബോള്‍ ആ ബാലന്‍ അറിയാതെ  തന്റെ കയ്യുകൊണ്ട്  നെറുകയില്‍ ഒന്ന് തലോടും ഒരിക്കലും മായാത്ത ആ ഓര്‍മകളെയും .........!


(മന്ത്രി മുനീര്‍ സഹിബിന്റെ പാട്ട് ഇവിടെ )

http://www.facebook.com/photo.php?v=554149727930526&set=vb.100000065120146&type=2&theater
January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!!
==========================

രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍ പിന്നെ ബോസും.  നാലു മണിക്ക് ഹോങ് കോങ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നിന്ന് അവസാനത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു  കഴിഞ്ഞു നേരെ വിട്ടതാണ് ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാളിലേക്ക്. മനോഹരമായ മാള്‍- വിവിധ ലോകോത്തര ബ്രാന്‍ഡുകള്‍ ഒപ്പം സ്വദേശി ബ്രാന്‍ഡുകളും നിറഞ്ഞ വിവിധ ഷോപ്പുകള്‍. രണ്ടു വലിയ സിനിമ തിയേറ്റര്‍ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന് കാരെന്‍ പറഞ്ഞു തന്നു. തിരക്കേറിയ  സ്ഥലം തന്നെ.  പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല . നമ്മള്‍ മലയാളികള്‍ എവിടെ പോയാലം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് സ്വന്തം വയര്‍. അതെ വിശപ്പ്‌ തന്നെ. ഏഴ് ദിവസമായി വായക്കു രസമുള്ള വല്ലതും കഴിച്ചിട്ട്. ചൈനയില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം പെട്ടിയില്‍ കൂടെ കരുതിയ നമ്മുടെ സ്വന്തം കുബൂസും ചീസും തൂണയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തെ യാത്രയില്‍ ഒക്കെ ഒരു കഥ തന്നെ. യാത്രക്കിടയില്‍ വല്ല വെജിറ്റബിള്‍ സാന്‍ഡ വിച്ചോ , അല്ലേല്‍ വല്ല ഫിഷ്‌  ബര്‍ഗറോ തന്നെ ശരണം. മൂന്നായി അരിയുടെ കുത്തരി ചോറ് തിന്നുന്ന നമുക്ക് ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ !! പക്ഷെ കൂടെ ബോസ്സ് ഉളളത് കൊണ്ട് അല്പം  അഡ്ജസ്റ്റ്‌ ചെയ്തെ പറ്റൂ. കുറെ നേരത്തെ കറക്കത്തിനു ശേഷം ഞാന്‍ വിഷയം നമ്മുടെ "മസ്രി"യോട് അവതരിപ്പിച്ചു. അവനാണ് ബോസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കന്‍. ഒരു അര മണിക്കൂറിനു ശേഷം ഉത്തരവ് കിട്ടി . കാരനെയും കൂട്ടി മുകളില്‍ ഫുഡ്‌ കോര്‍ട്ടിലേക്ക് . ലോകത്തിലെ ഏകദേശം എല്ലാ വിഭവങ്ങളും കിട്ടും എന്ന് കാരന്‍ പറഞ്ഞപ്പോഴും എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നെയും കാരനെയും  ഫുഡ്‌ സെലക്റ്റ്‌ ചെയ്യാന്‍ ഏല്പിച്ചു ബോസ്സ് അല്പം അകലെ മാറി ഇരുന്നു. ഫുഡ്‌ കോര്‍ട്ടിലൂടെ ഞങ്ങള്‍ ഒന്ന് കറങ്ങി. പല നിറങ്ങള്‍ , പല വിഭവങ്ങള്‍. പക്ഷെ എന്റെ പ്രതീക്ഷ അസ്തമിക്കാന്‍ തുടങ്ങി. ഇന്ന് വല്ല  സാന്‍ഡവിച്ചും , ജ്യൂസും തന്നെ ശരണം. . കാരനെയും കൂട്ടി  ഒരു വട്ടം കൂടി ഒന്ന് കറങ്ങി .അത് വെറുത ആയില്ല.  മനോഹരമായി അലങ്കരിച്ച ഒരു  ഫുഡ്‌ കോര്‍ട്ട്. വിവിധ തരം റൊട്ടികള്‍ , സലാഡുകള്‍. അതിന്റെ ഉള്ളില്‍ ഒരാള്‍ പൊറാട്ട ചുടുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല. കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതെ സാക്ഷാല്‍ പൊറാട്ട തന്നെ. കാരനോട് വിവരം പറഞ്ഞു. അടുത്ത് ചെന്ന് കുശലം പറഞ്ഞപ്പോള്‍ പുള്ളി ഒരു തലശ്ശേരി കാരന്‍ ആണ്. തലശ്ശേരി ക്കാര്‍ക്ക് പലയിടത്തും ഹോട്ടല്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഈ  ഹോങ് കോങ് നഗരത്തിലും.! ഏതായാലുംഎല്ലാവര്ക്കും പൊറാട്ട തന്നെ ഓര്‍ഡര്‍ കൊടുത്തു കൂടെ വെജിറ്റബിള്‍ കറിയും. "കുബ്ബൂസ് ഹിന്ദി" എന്ന് പറഞ്ഞാണ് ബോസിനെ ഇത് തീറ്റിച്ചത്. ഏതായാലും പുള്ളിക്ക് ഇതു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല സ്ഥലത്ത് നിന്ന് പൊറാട്ട കഴിച്ചു എങ്കിലും ആ രുചി നാവില്‍ ഇപ്പോഴും മായാതെ നില്‍കുന്നു. അത് പോലെ വല്ലപ്പോഴും ബോസ്സ് തമാശ പറയുമ്പോള്‍ "ഫീ ഇന്തക്ക് കുബ്ബൂസ് ഹിന്ദി" എന്ന ചിരിച്ചു കൊണ്ടുള്ള  ചോദ്യവും... ഓര്‍മകള്‍ക്ക് എന്നും ഇരട്ടി മധുരം .January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും!
==================

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ കറ്റിലെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രം(ഖലീജ്‌ ടൈംസ്‌ ആണ് എന്നാണ് എന്റെ ഓര്‍മ്മ) കണ്ടു. ഒന്നും ആലോചിക്കാതെ രണ്ടു റിയാല്‍ കൊടുത്തു വാങ്ങി തൊക്കില്‍ തിരുകി റൂമിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി .. നോക്കുമ്പോള്‍ എന്റെ ഈജിപ്ത്ഷ്യന്‍ "മുദീര്‍" ആണ്. തൊക്കില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പറിലെക്കും , എന്റെ മെലിഞ്ഞു ഉണങ്ങിയ മുപ്പതിമ്മൂന്നു കിലോ തൂക്കം വരുന്ന ശരീരത്തിലേക്കും മാറി മാറി നോക്കി പരിഹാസ രൂപത്തില്‍ ഒരു ഉപദേശം - "രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............

കാലം ഒരു പാട് കഴിഞ്ഞു , ഇപ്പോഴും ന്യൂസ്‌ പേപ്പര്‍ വാങ്ങി വായിക്കുമ്പോള്‍ മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .. രണ്ടു റിയാലിന്റെ റൊട്ടിയും , അന്നും ഇന്നും സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാത്ത ഈജിപ്ഷ്യന്‍ വംശജരെയും ............:)