May 03, 2013

തണല്‍

 തണല്‍
----------

ഒരു ചെറിയ മയക്കത്തിന്റെ ആലസ്യത്തില്‍ നിന്ന് കണ്‍ തുറന്നപ്പോഴാണ് ഞാന്‍ അവരെ കാണുന്നത്. നാലു ദിവസത്തെ തുടര്‍ച്ചയായ ജോലിത്തിരക്ക് കഴിഞ്ഞു ബൈയുആന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് യിവു വിലെക്കുള്ള  ബോര്‍ഡിംഗ് പാസ്‌ വാങ്ങി ലോഞ്ചില്‍ ഇരുന്നപ്പോള്‍ ക്ഷീണം കാരണം ഒന്ന് മയങ്ങി. ഏകദേശം അഞ്ചു മിനിറ്റ്.  യാത്രകള്‍ പലപ്പോഴും അങ്ങിനെയാണ് . ജീവിതത്തില്‍ ഓര്‍ത്തു വെക്കാന്‍ പറ്റുന്ന പലതും നമുക്ക് സമ്മാനിക്കുന്നു. കണ്‍ തുറന്നപ്പോള്‍ ഞാന്‍ വന്നപ്പോള്‍ മുതല്‍ ഒഴിഞ്ഞു കിട ന്നിരുന്ന ലോഞ്ചിലെ ഒട്ടു മിക്ക സീറ്റുകളും  നിറയാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു നിമിഷം എന്റെ ശ്രദ്ധ എന്റെ തൊട്ടടുത്ത സീറ്റിലേക്ക് തിരിഞ്ഞു . പ്രായമായ അമ്മയും ഒരു മകളും . അമ്മ വളരെ ക്ഷീണിതയാണ്.മകള്‍ അമ്മയെ സ്നേഹ പൂര്‍വ്വം കൂട്ടിപ്പിടിച്ചിരിക്കുന്നു. എന്റെ നോട്ടം അവരിലേക്ക് തിരിഞ്ഞപ്പോള്‍ ആ മകള്‍ എന്നെ  നോക്കി ഒന്ന് പുഞ്ചിരിച്ചു . എന്നിട്ട് ചോദിച്ചു നിങ്ങള്‍ എവിടെ നിന്നാണ് വരുന്നത്. എന്റെ യാത്രയുടെ ഉദ്ദേശവും കാര്യങ്ങളും ഒക്കെ ചെറുതായി വിശദീകരിച്ചു. എന്നിട്ട് അവരോടു ചോദിച്ചു. നിങ്ങള്‍ അമ്മയെയും കൊണ്ട് എങ്ങോട്ടാണ്. ഒരു ചെറിയ പുഞ്ചിരി സമ്മാനിച്ച്‌ അവള്‍ വിശദീകരിക്കാന്‍ തുടങ്ങി. അവള്‍ ഡാലിയാന്‍ പ്രവിശ്യയില്‍ നിന്നാണ്. ഇവിടെ ഗുആങ്ങ്ച്ചു നഗരത്തില്‍ വന്നിട്ട് ഏകദേശം അഞ്ചു വര്ഷം കഴിഞ്ഞു. ഒരു ട്രേഡിംഗ് കമ്പനിയില്‍ ഓഫീസ് മാനേജര്‍ ആയി ജോലി നോക്കുന്നു. ഭര്‍ത്താവും അമ്മയും അടങ്ങുന്ന കുടുംബം. ഭര്‍ത്താവ്‌ മറ്റൊരു വ്യവസായിക നഗരമായ്‌ ഷന്കായില്‍ ജോലി ചെയ്യുന്നു. അവരുടെ ഒരു അമേരിക്കന്‍ കസ്ടമര്‍ വന്നിട്ടുണ്ട്. അവരുടെ ചില പര്ചെസിംഗ് ആവശ്യാര്‍ത്ഥം രണ്ടു ദിവസത്തേക്ക്  യിവുവിലേക്ക് പോകുകയാണ്. അമ്മക്ക് രണ്ടു ദിവസമായി നല്ല സുഖം ഇല്ല . അതുകൊണ്ട് അമ്മയെ ഒറ്റയ്ക്ക് ഫ്ലാറ്റില്‍ ആക്കി പോകാന്‍ മടി. അതുകൊണ്ട് കൂടെ കൂട്ടി. ഒരു നിമിഷം ഞാന്‍ ആ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. മകളുടെ സ്നേഹം നല്‍കുന്ന സന്തോഷം എനിക്കാ കണ്ണുകളില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞു.  വിമാനത്തിലേക്ക് കയറാന്‍ അറിയിപ്പ് കിട്ടുന്നത് വരെ എന്റെ ചിന്ത കാലത്തിന്റെ തിരക്കുകളില്‍ പെട്ട് നിസ്സഹായ വാര്‍ദ്ധക്യം മുന്നില്‍ നില്‍ക്കുമ്പോള്‍ പുറം തിരിഞ്ഞു നില്‍ക്കുന്നവരെ ക്കുറിച്ച് മാത്രമായിരുന്നു .


9 comments:

ഈ കാലത്ത് ഇങ്ങനെയും ആള്‍ക്കാര്‍ ഉണ്ട് ഭായീ..ചുരുക്കം ശതമാനം മാത്രേ അല്ലാതുള്ളൂ..പോരട്ടെ ഇനിയും യാത്രാ വിശേഷങ്ങള്‍ ..

നന്മയുള്ള മനസ്സുകള്‍
നമ്മള്‍ക്കെല്ലാം
കൈമോശം വരാതിരിയ്ക്കട്ടെ..!!!

അത്തരം മക്കളും ഉണ്ട്...
നമ്മളും നാളെ വാര്‍ദ്ധക്യത്തിലേക്കുള്ള വഴിയില്‍ ക്യു നില്‍ക്കുന്നവരാണ് എന്ന് ചിന്തിക്കുന്നവര്‍. മനുഷ്യ മനസ്സിലെ നന്മകള്‍ വറ്റാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം !!

ചെറുതെങ്കിലും നല്ലൊരു കുറിപ്പ് ,,പോരെട്ടെ ഇനിയും ചൈനാ വിവരങ്ങള്‍ ..

നിത്യജീവിതത്തിലൊക്കെ നമ്മളും എല്ലാവരും കാണുന്ന, എന്നാലധികം കാണാനും കഴിയാത്ത ഒരു തരം രംഗം.! നല്ല കുറിപ്പ്.!
ആശംസകൾ.

സന്തോഷം തോന്നുന്ന ഒരു ചെറുകുറിപ്പ്.
യാത്രയുടെ വിശേഷങ്ങളൊക്കെ ഞങ്ങളോട് പറയൂ

തണല്‍ വൃക്ഷമാകാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ശിഖരമെന്കിലും നമുക്ക് ആകാന്‍ കഴിഞ്ഞെങ്കില്‍ !

നല്ല മക്കൾ . അതാണ്‌ ഏറ്റവും വലിയ ഭാഗ്യം. നല്ല കുറുപ്പ്.

കടമകള്‍ മറക്കാതിരിക്കുക!
നല്ല കുറിപ്പ്‌.
ആശംസകള്‍