July 22, 2011

ഒരു "ദുഫായ്" കത്ത് ......എത്രയും സ്നേഹം നിറഞ്ഞ എന്റെ ആമിനുട്ടി വായിക്കാന്‍ സ്വന്തം ഇക്ക എഴുതുന്നത്‌ , നാട്ടില്‍ നിന്ന് വന്നിട്ട് രണ്ടു ആഴ്ച കഴിഞ്ഞെങ്ങിലും നിനക്ക് ഒരു കത്ത് അയക്കാനോ ഒന്ന് ഫോണ്‍ വിളിക്കാനോ ഇത് വരെ കഴിഞ്ഞില്ല ..കാരണം നിനക്ക് തന്നെ അറിയാലോ? . ഈ ഫൈസ് ബൂകിലെ തിരക്കും ബ്ലോഗു വായനയും ഒക്കെ കഴിഞ്ഞു തീരെ സമയം കിട്ടുന്നില്ല .നീ ക്ഷമിക്കും എന്ന് എനിക്ക് അറിയാമല്ലോ !

നിനക്കും കുട്ടികള്‍ക്കും ഒന്നിനും ഒരു കുറവും ഇല്ല എന്ന് വിചാരിക്കുന്നു . മക്കളൊക്കെ കൃത്യമായി സ്കൂളില്‍ പോകുന്നുണ്ടല്ലോ അല്ലെ ?.. എല്ലാത്തിലും ഒരു കണ്ടു വേണം . കാലം അത്ര ശരിയല്ല ! ..
എന്റെ വര്‍ത്തമാനങ്ങള്‍ പറയുകയാണെങ്കില്‍
തീരില്ല. നീ പോയതിനു ശേഷം ഉറക്കം "മസ്ബൂത്".... . രാവിലെ മക്കളെ എണീപ്പിച്ചു സ്കൂളില്‍ പറഞ്ഞയക്കല്‍ ഇല്ലാത്തതുകൊണ്ട് ഞാന്‍ 8 മണി വരെ ഉറങ്ങുകയാണ്‌ എന്ന് നീ വിചാരിച്ചെങ്ങില്‍ നിനക്ക് തെറ്റി . അഞ്ചു മണിക്ക് നീ എന്നെ കുലുക്കി എണീപിച്ചിരുന്ന സ്ഥാനത്ത് ഞാന്‍ ഇപ്പോള്‍ കൃത്യമായി നാലരക്ക് തന്നെ എണീക്കാറുണ്ട്. ഇത് കേള്‍ക്കുമ്പോള്‍ നീ വിചാരിക്കും സൌദിയില്‍ സുബഹി ബാങ്ക് നാലരക്ക് ആണെന്ന് .. എന്നാല്‍ അല്ല ! .. പിന്നെ, അത്ര നേരത്തെ എണീറ്റാല്‍ മാത്രമേ ഫേസ് ബുക്കില്‍ ആദ്യം തന്നെ രണ്ടു ലൈകും നാലു കമന്റും ഇടാന്‍ പറ്റു.. എന്നാല്‍ തന്നെ ഉറങ്ങാതെ കിടക്കുന്ന ചില പഹയന്മാര്‍ ഞാന്‍ എത്തുമ്പോഴേക്കും അവിടെ ലൈക്‌ അടിച്ചു ഇരിക്കുന്നുണ്ടാവും!! ..

പിന്നെ ഓഫീസില്‍ പോയാല്‍ ഒന്നിനും സമയം കിട്ടാറില്ല ... ബോസ്സിന്റെ നാലു ചീത്ത കേള്‍ക്കുമ്പോഴേക്കും വൈകുന്നേരം ആകും ..

പിന്നെ നിന്റെ വേവലാതി നീ പോയതിനു ശേഷം ഞാന്‍ ഭക്ഷണം ഒക്കെ എങ്ങിനെഉണ്ടാക്കും എന്നായിരുന്നല്ലോ ..ആ കഥ പറയാതിരിക്കുന്നതാ നല്ലത് . ഓ.... ഈ പഴയ ഭക്ഷണതിന്നു ഒക്കെ ഇത്ര രുചിയാണ് എന്ന് ഇപ്പോഴാ അറിയുന്നത് . ബ്രസീലില്‍ 2 കൊല്ലം മുന്‍പ് അറുത്ത ഒരു കോഴി വാങ്ങി കറിവെച്ചാല്‍ ശനി മുതല്‍ വ്യാഴം വരെ (നീ ഏഷ്യനെറ്റില്‍ സീരിയല്‍ കാണുന്നത് പോലെ) കുബൂസു കൂട്ടി അടിക്കാം .കുബൂസ് ആണെങ്ങില്‍ ഒരു റിയാലിന് നാലെണ്ണം കിട്ടുമല്ലോ .. നീ ഉള്ളപ്പോള്‍ ദോശ വേണം , പത്തിരി വേണം , പുട്ട് വേണം ,പച്ചക്കറി വേണം എന്നൊക്കെ പറഞ്ഞിരുന്നത്
വെറുതെ ആയിരുന്നു എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു . ഈ കുബ്ബൂസ് കഴിക്കാന്‍ തന്നെ സമയം കിട്ടാറില്ല. രാത്രി ഫൈസ് ബുക്ക്‌ ഗ്രൂപിലെ ക്വിസ് മത്സരം കഴിഞ്ഞു നേരം ഉണ്ടെങ്കില്‍ കഴിക്കും , ഇല്ലെങ്ങില്‍ വീണ്ടും "തല്ലാജിലേക്ക്" വെക്കും .

നീ ഉണ്ടായിരുന്നപ്പോള്‍ ഡെയിലി പുതിയ പുതിയ തേച്ച പാന്റ്സും ഷര്‍ട്ടും മാറി മാറി ഇട്ടിരുന്ന സ്ഥാനത് ഇപ്പോള്‍ ഒരു പാന്റും ഷര്‍ട്ടും പരമാവധി മൂന്നു ദിവസം വരെ എങ്ങിനെ അഡ്ജസ്റ്റ് ചെയ്യാം എന്ന ഗവേഷണത്തിലാണ് ഞാന്‍ .കാരണം മറ്റൊന്നുമല്ല. ഈ ഒടുക്കത്തെ തിരുമ്പലും തേക്കലും ഒന്നും വേണ്ടപോലെ പഠിക്കാത്തതിന്റെ കുറവേ ...
പിന്നെ ഇതിനിക്കെ എവിടെ എനിക്ക് സമയം ??.. ഒരു പോസ്ടിട്ടു അതിന്റെ കമന്റ്‌ വരുന്ന സമയത്തല്ലേ
ഇതൊക്കെ ചെയ്യാന്‍ പറ്റു ........ഒന്നും പറയണ്ട
 എന്റെ പൊന്നെ .. സമയം തീരെ ഇല്ല.
നീ നിര്‍ബന്ധപൂര്‍വ്വം ചെയ്യണം എന്ന് പറഞ്ഞിരുന്ന പതിവ് നടത്തം , ഷട്ടില്‍ കളി , തുടങ്ങി മടിയന്മാര്കുള്ള ഒരു പരിപാടിയും ഇപ്പോള്‍ ഇല്ല എന്ന് തന്നെ പറയാം .. അത് കൊണ്ട് നീ പേടിക്കേണ്ട .കൊളസ്ട്രോളും , ഷുഗറും എങ്ങിനെ കുറയ്ക്കാം എന്ന് ഞാന്‍ മുടങ്ങാതെ നെറ്റില്‍ കൃത്യമായി നോക്കാറുണ്ട് . അതുകൊണ്ട് നിനക്ക് എന്റെ കാര്യത്തില്‍ നോ ..വേവലാതി .......

നീ ഇപ്പോഴും പറയാറില്ലേ ,,"നിങ്ങളുടെ ഒരു ഒലക്കമ്മലെ കുന്ദം ബ്ലോഗ്‌ ,ഫൈസ് ബുക്ക്‌.." എന്നൊക്കെ .. എടീ ..നിന്റെ നല്ല കാലം വരാന്‍ പോകുകയാണ് . നീയും എന്നെപ്പോലെ അറിയപ്പെടാനുള്ള സാദ്യത കാണുന്നുണ്ട് .. ഇന്നാള്‍ നമ്മള്‍ മദീന പോയപ്പോള്‍ കണ്ടില്ലേ ..ആ "തൊപ്പിക്കാരന്‍" ബ്ലോഗറെ .. അയാള്‍ ഇന്നലെ അയാളുടെ ബ്ലോഗില്‍ ഒരു അഭിമുഖം പോസ്റ്റ്‌ ഇട്ടു ..ഒരു "കണ്ണൂരാന്‍" ബ്ലോഗ്ഗേറെ കുറിച്ച് .. അയ്യാളുടെ ബ്ലോഗിന്റെ പിന്നില്‍ അയാളുടെ കെട്ടിയോളാണ് പോലും!! ഇനി എന്നോട് ആരെങ്കിലും ചോദിച്ചാല്‍ ഞാനും പറയാം എന്റെ ബ്ലോഗിന്റെ പിന്നില്‍ "ന്റെ കറുത്ത കരങ്ങള്‍"ആണ് എന്ന് !
പിന്നെ നീ അതിപ്രശസ്ത !

ബ്ലോഗില്‍ പലയിടത്തും നല്ല അടിയും പിടിയുമാ. പക്ഷെ നീ പേടിക്കേണ്ട കേട്ടോ ... ആരും തമ്മില്‍ തമ്മില്‍ കയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ല ..

കൂടുതല്‍ എഴുതാന്‍ സമയം ഇല്ല ..ഇപ്പൊ തന്നെ ഞാന്‍ ഇട്ട ഒരു പോസ്റ്റിനു കമന്റ്‌ വന്നു .. ഇനി മറുപടി എഴുതണം .. ഇടയ്ക്കിടയ്ക്ക് ഇനി ഇങ്ങനെ എഴുതാനോ ഫോണ്‍ വിളിക്കാനോ കഴിഞ്ഞില്ല എന്ന് വരും അപ്പോഴൊക്കെ ഞാന്‍ "ഹയാതില്‍" ഉണ്ടോ എന്ന് അറിയാന്‍ എന്റെ ബ്ലോഗിലോ അല്ലെങ്ങില്‍ എന്റെ ഫൈസ് ബുക്ക്‌ പ്രൊഫൈലില്‍ ഒക്കെ ഒന്ന് പോയി നോക്കണേ. ..........

മക്കള്‍ രാവിലെ എണീറ്റാല്‍ ഉടനെ "മക്കളെ ഉപ്പചിയുടെ പുതിയ പോസ്റ്റുണ്ട്..എന്ന് പറഞ്ഞു കാട്ടിക്കൊടുക്കണം ..മറക്കരുത് ..

നീ തിരിച്ചു വന്നാല്‍ എന്റെ ഈ "പണി" ഒക്കെ നില്‍ക്കും എന്ന് എനിക്ക് അറിയാം .. അതുകൊണ്ട് തന്നെ കമ്പനി "ചോപ്പില്‍ "തന്നെയാണ് ഇപ്പോള്‍ .. ഇഖ്‌ആമ പുതിക്കുന്നില്ല എന്ന് കേട്ടു. അങ്ങിന വന്നാല്‍ പണ്ടത്തെപോലെനമുക്ക് കൈതോലപ്പയില്‍ കിടന്നു .."ഫിസ്ബുക്കെ വിട... ബ്ലോഗേ വിട...എന്നെന്നേക്കും വിട ..." എന്ന് പറഞ്ഞു സുഖം ആയി കിടന്നു ഉറങ്ങാം ..................

ഉടനെ നിന്റെ മറുപടി പ്രതീക്ഷിച്ചു കൊണ്ട് .ഇക്ക ....................

July 12, 2011

ആടും പിന്നെ ഞാനും .....................

മഴ തിമര്‍ത്ത് പെയ്യുകയാണ്.എന്തൊരു രസമാണ് കണ്ടുകൊണ്ടിരിക്കാന്‍ 
അല്ലേലും തിമര്‍ത്തു പെയ്യുന്ന മഴയ്ക്ക് സൌന്ദര്യം കൂടുതലാ.
സമയം രാവിലെ  ആറു മണി , അരമണിക്കൂറായി ഞാന്‍  ഇരിപ്പ് 
തുടങ്ങിയിട്ട് .അതിനിടക്ക് പത്രക്കാരന്‍ പയ്യന് ‍പേപ്പര്‍ ഇട്ടു പോയി
വാര്‍ത്തകളിലൂടെ ഒന്ന് കണ്ണോടിച്ചു, എല്ലാം പതിവ് പോലെ. മക്കളാരും എണീറ്റിട്ടില്ല, അവര്‍ നല്ല ഉറക്കത്തിലാണ് .പ്രവാസത്തിന്റെ ആലസ്യത്തില്‍ നിന്ന് അവര്‍ക്ക് കിട്ടിയ കുറെ നല്ല നാളുകള്‍ , കളിച്ചും ചിരിച്ചും കൂട്ടുകുടുംബക്കരോടൊപ്പം അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കു വെച്ചും സമയം കളയുന്നു.ഞാനോര്‍ക്കുകയായിരുന്നു എന്റെ ബാല്യം, വറുതിയുടെ നാളുകള്‍ , മഴക്കാലത്ത്‌ ചോര്‍ന്നൊലിക്കുന്ന ഓലക്കുടിലില്‍ മക്കളെ വളര്‍ത്താന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കള്‍.അന്നേ മഴ ഒരു പ്രയാസവും , ദുഖവും അതിലേറെ സന്തോഷവും ഒക്കെ ആയിരുന്നു.
എങ്കിലും സന്തോഷത്തിന്റെ നാളുകള്‍ .ഓര്‍ക്കാന്‍ നല്ല ഓര്‍മകള്‍ മാത്രം . പലപ്പോഴും മഴ നനഞ്ഞു കയറി വരുന്ന എന്നെ നോക്കി ഉമ്മ പറയും "എടാ പനി പിടിച്ചാല്‍ നിന്നെ നോക്കാന്‍ ആരാ ഉള്ളത് ?' ചിരിച്ചു കൊണ്ട് ഞാന്‍ പറയും "എന്റെ ഉമ്മച്ചി " .. അപ്പോള്‍  കണ്ണുകളില്‍ കാണുന്ന സന്തോഷം ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നു . ഇന്നിപ്പോള്‍ മാതാവ്‌ ഇല്ലാത്ത ഇരുപത് 
വര്‍ഷങ്ങള്‍ പിന്നിട്ടു പോയി . മഴ നനയുമ്പോള്‍ ഇപ്പോഴും
കാതുകളില്‍ ആ സ്വരം മുഴങ്ങുന്നു.....
"ഉപ്പച്ചി........നമുക്ക്പോണ്ടേ ?"
  
മകള്‍ ഹംനയുടെ വാക്കുകളാണ് 
ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത് . ശരിയാണ് ..
ഇന്ന് അവരെ ഒക്കെ കൂട്ടി ബാല്യ കാലത്തിലേക്ക് ഒരു യാത്ര 
പോകാന്‍ തീരുമാനിച്ചതാണ് .കളിച്ചുംചിരിച്ചും നടന്ന  പഴയ 
സ്ഥലങ്ങളിലൂടെ ഒരു യാത്ര  . അല്ലേലും അവര്‍ക്ക് ഉപ്പചിയുടെ കഥ കേള്‍ക്കാന്‍ വലിയ സന്തോഷമാണ് , അതൊരുപക്ഷേ അവര്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ മുത്തശ്ശിയും മുത്തശ്ശനും ഇല്ലാത്തതുകൊണ്ടാവാം . എല്ലാവരും പെട്ടെന്ന് തന്നെ റെഡി ആയി .. കുടയും  ചൂടി ഞങ്ങള്‍ നാല്‍വര്‍ സംഘം വീട്ടില്‍ നിന്ന് ഇറങ്ങി.

"മഴ നനയരുത് കേട്ടോ" !
പിന്നില്‍ നിന്ന് പ്രിയതമയുടെ മുന്നറിയിപ്പ്  -ഒരു മാതാവിന്റെ  ബേജാര്  വാക്കുകളില്‍ അടങ്ങിയിരുന്നോ ?
ഞങ്ങള്‍ റോഡില്‍ ഇറങ്ങി.സൂക്ഷിക്കണം ഞാന്‍ മുന്നറിയിപ്പ് കൊടുത്തു .. ഇത് പഴയ റോഡ്‌ അല്ല ..
ഇപ്പോള്‍ സ്റ്റേറ്റ് ഹൈവെ ആണ് . നല്ല തിരക്കാണ് .
റോഡ്‌  മുറിച്ചു കടന്നു  ഞങ്ങള്‍ വീടിന്റെ എതിര്‍ വശത്തുള്ള മൂസതിന്റെ പറമ്പിലേക്ക് കയറി . ഇതായിരുന്നു എന്റെ 
കളിസ്ഥലം . വിശാലമായ 50  ഏക്കര്‍ സ്ഥലം.  
കോഴിക്കോട്ടുള്ള മൂസത് കുടുംബത്തിന്റെതാണ് ഈ സ്ഥലം . പലഭാഗങ്ങളും ഇപ്പോള്‍ വിറ്റ് പോയി . പല സ്ഥലത്തും പുതിയ വീടുകള്‍ വന്നു,
റിയല്‍ എസ്റ്റേറ്റ്‌ മാഫിയകള്‍ മറിച്ചും തിരിച്ചും വിറ്റ്
ലക്ഷങ്ങള്‍ വിലവന്നു . എന്നാലും നല്ല ഒരു ഭാഗം ഇപ്പോഴും കൃഷി ഒക്കെ ആയി അവിടെ തന്നെ ഉണ്ട് . മക്കളെയും കൂടി ഞാന്‍ ആ ഭാഗത്തേക്ക്‌ നടന്നു
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എനിക്ക് 
സമ്മാനമായി ബാപ്പ ഒരു ആട്ടിന്‍ കുട്ടിയെ വാങ്ങി തന്നു . 
അതിനെ തീറ്റാന്‍ കൊണ്ടുവന്നിരുന്നത് ഇവിടെയാണ്. 
നല്ല വള്ളിപ്പുല്ലുകളും തെരുവ പുല്ലുകളും നിറഞ്ഞ സ്ഥലം . 
ഓര്‍മ്മകള്‍ പിന്നെയും പിന്നോട്ട്...
ഞാനും , ബിജിയും , കുഞ്ഞുണ്ണിയും , മജീദും എല്ലാം കളിച്ചിരുന്ന സ്ഥലം. ആട്ടാം കൂട്ടവുംചുള്ളിയും പറയും  അങ്ങിന്റെ അത്ര കളികള്‍ ....  
"ഉപ്പചിയുടെ ആടിനെ കാണാതായ സ്ഥലം എവിടെയാ ?"

ചെറിയ മോളുടെ വാക്കുകളാണ് ചിന്തയില്‍ നിന്ന് ഉണര്‍ത്തിയത്
അതൊരു ചെറിയ കഥയാണ് .. വളര്‍ത്താന്‍ വാങ്ങിതന്ന ആടിന്‍ കുട്ടി വളര്‍ന്നു വലുതായി പ്രസവിച്ചു . നല്ല രണ്ടു സുന്ദരന്‍ മുട്ടനാടിന്‍ കുട്ടികള്‍. അവയെ മൂന്നിനെയും തീറ്റി വയര്‍ നിറക്കല്‍ നല്ല ഒരു ജോലി ആയി . സ്കൂള്‍ വിട്ടു വന്നാല്‍ സമയം തികയ്തെ ആയി . അങ്ങിനെ രാവിലെ ഈ സ്ഥലത്ത് കൊണ്ട് വന്നു കെട്ടിടും . വൈകിട്ട് വന്നു വെള്ളം കൊടുത്തു അഴിച്ചു വിടും . അങ്ങിനെ ആയിരുന്നു പതിവ് . ഒരു ദിവസം എനിക്ക് ഒരു ഐഡിയ തോന്നി .. രാവിലെ മുതല്‍ ആടുകള് അങ്ങ് അഴിച്ചു  വിട്ടാല്‍ എന്താ ? അടുത്തൊന്നും വീടുകളില്ല .. നശിപ്പിക്കാന്‍ കൃഷിയും ഇല്ല ..
അങ്ങിനെ പിറ്റേന്ന് മുതല്‍ ആടുകളെ ആ വിശാലമായ പറമ്പില്‍ അഴിച്ചു വിട്ട്‌ ഞാന്‍ സ്കൂളില്‍ പോയി. തിരിച്ചു വന്നപ്പോള്‍ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു . ആടുകള്‍ തീറ്റ ഒക്കെ കഴിഞ്ഞു വീട്ടില്‍ മടങ്ങി എത്തി സുഖം ആയി കൂട്ടില്‍ വിശ്രമിക്ക്ന്നു. അന്ന് മുതല്‍ രാവിലെ ആടുകളെ പറമ്പില്‍ വിടും , വയര്‍ നിറയുമ്പോള്‍ ആടുകള്‍ തിരിച്ചു വീട്ടില്‍ വരും ..അങ്ങിനെ ഇരിക്കെ ഒരു ദിവസം ആടിനെ ഒന്നിനെ കാണാനില്ല ... ഞാന്‍ സ്കൂള്‍ വിട്ട്‌ വരുമ്പോള്‍ എല്ലാവരും ബെജാറില്‍ ആണ് . ഞാന്‍ പലയിടത്തും  അന്വേഷിച്ചു .. അവസാനം വളരെ ദൂരെ ഉള്ള ഒരു വീട്ടില്‍ പിടിച്ചു കെട്ടിയിട്ടിരിക്കുന്നു , ചെന്നപ്പോള്‍ അവര്‍ പറഞ്ഞു അവരുടെ ജാതിക്ക തൈ ഒക്കെ ആട് നശിപ്പിച്ചു എന്ന് . ഒരു വിധം ക്ഷമാപണത്തോടെ അവിടെ നിന്നും ആടിനെ കൊണ്ട് വന്നു ..അന്നോടെ ആ പരിപാടിയും നിന്നു. സ്ഥലങ്ങള്‍  ഒക്കെ മക്കള്‍ക്ക്‌ കാണിച്ചു
പറമ്പിന്റെ . മുകള്‍ ഭാഗം മുഴുവന്‍ റബ്ബര്‍ ആണ് . 
റബ്ബര്‍ തോട്ടത്തിലൂടെ  കുറ നടന്നു. മുന്‍പൊക്കെ വിറകു ഓടിക്കാന്‍ ഇവിടെ വന്നിരുന്നു 
ഇന്നിപ്പോള്‍വിറകു ഗ്യാസിനു വഴി മാറി .. മക്കള്‍ പല ജാതി 
സസ്യങ്ങളുംപറിക്കുന്ന തിരക്കിലാണ് . വീണ്ടും ഞങ്ങള്‍ താഴോട്ടിറങ്ങി .
താഴെ ഭാഗം വലില്ലപുഴയോടെ ചേര്‍ന്നുള്ള ഭാഗം വാഴ  കൃഷി ആണ് .വീണ്ടും ഞങ്ങള്‍ നടന്നു മോയിന്‍ ഹാജിയുടെ പറബില്‍ എത്തി .
കുറെ കാലം ഒഴിഞ്ഞ പറമ്പ് ആയിരുന്നു ഇവിടെ. ഇപ്പോള്‍ അവരുടെ മകള്‍  വീടുടുണ്ടാക്കി താമസിക്കുന്നു . തൊട്ടടുത്ത ചാത്തുവിന്റെ 
പറമ്പിലും ധാരാളം വാഴ കൃഷി ഉണ്ട് . മുന്‍പ് ഇവിടെ ധാരാളം വാഴ കൃഷി ഉണ്ടായിരുന്നു .. 
അന്നൊക്കെ ഇഷ്ടം പോലെ പഴം പഴുത്തു കിടക്കും ..
കിളികള്‍ നിന്ന് പോകണ്ടല്ലോ എന്നോര്‍ത്  ഞങ്ങളും തിന്നും 
ഇടക്കൊക്കെ .. ഇന്നുമുണ്ട് ഇവിടെ വാഴകൃഷി . അതിനിടക്ക് ഒരു മാവ് ഉണ്ട് . പരീക്ഷ കാലമായാല്‍ ഇതില്‍ കയറിയാണ് വായന .. എല്ലാം മക്കള്‍ക്ക്‌ ഒരിക്കല്‍ കൂടി വിശദീകരിച്ചു കൊടുത്തു.
പിന്നെ ഞങ്ങള്‍ പതിയെ തോട്ടിലേക്ക് ഇറങ്ങി . അത് കഴിഞ്ഞാല്‍ പാടമാണ്.മഴപെയ്തത്കൊണ്ട് നല്ല വെള്ളം ഉണ്ട് .
മക്കള്‍ കുറച്ചു നേരം വെള്ളത്തില്‍ കളിച്ചു .. അത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ മുപ്പതു വര്‍ഷങ്ങള്‍ പിറകിലായിരുന്നു ഒരിക്കല്‍ കൂടി ഒരു മുറിയന്‍ ട്രൌസര്‍ ഉടുത്ത കുട്ടിയായി ഇവരുടെ കൂടെ കളിയ്ക്കാന്‍ കഴ്ഞ്ഞെങ്ങില്‍ എന്നോര്‍ത്ത് കൊണ്ട്..................


 

 

July 05, 2011

വിരഹം


എന്നും കണ്ടു കൊണ്ടിരുന്നത് 
എന്നോ ഒരുനാള്‍ കാണാതെ പോയപ്പോള്‍ 
എന്റെ മനസ്സില്‍ തോന്നിയ സങ്കടമോ വിരഹം ?

ഓര്‍ക്കുംതോറും മധുരം തരുന്ന
ഓരോ നാള്‍ കഴിയുമ്പോളും 
ഒന്നാകാന്‍ കൊതിക്കുന്ന
ഒരുതരം വികാരമോ വിരഹം ?

കൂടെയുള്ളപ്പോള്‍ വിലയറിയാതെ
കൂടുതല്‍ ഒന്നും പറയാതെ
കണ്ണില്‍ നോക്കിയിരുന്നപ്പോള്‍
കണ്ണാലെ കാണാന്‍ കഴിഞ്ഞില്ലല്ലോ
കണ്ണകലുമ്പോള്‍ ഉള്ള ഈ വിരഹ വേദന.

അകലെയണെങ്ങിലും  ഇന്ന് ഞാന്‍ അറിയുന്നു
അകലുമ്പോള്‍ ഉള്ള  ഈ  വിരഹ വേദന !
അകലാതിരുന്നലോ അറിയാന്‍ കഴിയുമോ
അകലുമ്പോള്‍ ഉള്ള  ഈ  വിരഹ വേദന ?

എരിയുമീ പൊരി  വെയിലില്
എനിക്കൊരു ചെറുമേഘ  തണലായ്‌
എന്നുമെന്‍ മനസ്സില്‍   ഉണ്ടാവട്ടെ
എരിയുമീ വിരഹ വേദന !