August 20, 2011

മൈലാഞ്ചി ..........


റമദാന്‍  അവസാനിക്കാറായി... പടിഞ്ഞാറെ മാനത്തു ശവ്വാല്‍ അമ്പിളി ഉദിച്ചു ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം .. പുണ്യം പൂത്തുലഞ്ഞ രാത്രികള്‍ക്ക് വിട .. ഒരുമാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വീണ്ടും ചെറിയ പെരുന്നാള്‍ വരവായി. 

ഓരോ  പെരുന്നാളും ഓരോ ഓര്മപെടുത്തലും അനുഭവവും ആണ് .പട്ടിണിയുടെ   കുട്ടിക്കാലത്ത് അത് വയറു നിറച്ചു ഉണ്ണാനും , പുത്തന്‍ വസ്ത്രങ്ങള്‍ അണിയാനും ഉള്ളതായിരുന്നെങ്ങില്‍ കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ അത് കൂട്ടുകാരോടൊപ്പം ഉള്ള ഒരു ആഘോഷമായി മാറി.പിന്നീടെപ്പോഴോ നോമ്പിന്റെയും പെരുന്നാളിന്റെയും     യഥാര്‍ത്ഥ  സത്ത കിട്ടിയപ്പോള്‍ അതിനു മറ്റൊരനുഭൂതി ആയിരുന്നു . ഇന്നിപ്പോ ഈ പ്രവാസത്തിന്റെ ബെഞ്ചില്‍ കാലും  നീട്ടിയിരുന്നു പിന്നോട്ട് നോക്കുമ്പോള്‍ പിന്നിട്ട വഴികള്‍ നല്‍കിയ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ഉപ്പും സന്തോഷത്തിന്റെ മധുരവും !

അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു . നോമ്പ് എടുത്തു തുടങ്ങിയ കാലം. രാവിലെ സ്കൂളിലേക്ക് നോമ്പും നോറ്റ് പോയാല്‍ വളരെ 
ക്ഷീണിച്ച്‌ ആയിരിക്കും വരവ് . പിന്നെ വൈകുന്നേരംആകാന്‍ നീണ്ട  
കാത്തിരിപ്പാണ്. പെരുന്നാള്‍ തലേന്നാണ് പെരുന്നാളിനെക്കാള്‍ രസം . ചുറ്റുമുള്ള വീടുകളിലെ എല്ലാവരും അന്ന് ഒന്നിച്ചു ചേരും . അക്കൊല്ലവും പെരുന്നാളിന്റെ തലേന്ന് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി . മൈലാഞ്ചി അണിയല്‍ ആണ് പ്രധാന പരിപാടി. ഇന്നത്തെ പോലെ ഡിസൈന്‍
ട്യൂബ് ഒന്നും അന്നില്ല. മാമുകാക്കയുടെ പൊട്ട കിണറിന്റെ വക്കത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചി ഒടിച്ചു അമ്മിയില്‍ ഇട്ടു നല്ലവണ്ണം അരച്ചാണ്‌ മൈലാഞ്ചി ഉണ്ടാക്കുന്നത് .നേരം വെളുക്കുന്നതിനു മുമ്പ് അമ്മി ക്ലീന്‍ ആക്കി കൊടുത്തില്ലെങ്ങില്‍ ഉമ്മയില്‍ നിന്ന് നല്ല പെട ഉറപ്പ്‌!
ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാവരും മൈലാഞ്ചി അണിയും. ചക്കയുടെ വെളഞ്ഞീന്‍ ഉണക്കിയത് അടുപ്പില്‍ വെച്ച് ചൂടാക്കി ചെറിയ ഇര്‍ക്കിളില്‍ കുത്തി കൈ വെള്ളയില്‍ ഉറ്റിക്കും. ചിലപ്പോള്‍ അസഹ്യമായ വേദന ആയിരിക്കും . കൂടുതല്‍ സഹിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ചന്ദ്രകല , മിനാരം , പൂവ് തുടങ്ങിയ ഡിസൈന്‍ ചെയ്യാം .

ഞങ്ങള്‍ആറുപേരായിരുന്നു അന്ന് മൈലാഞ്ചി ഇടാന്‍ . കൂട്ടത്തില്‍ ഏറ്റവും  
ഇളയത് പച്ച പാവാടക്കാരി എന്റെ അയല്‍പക്കത്തെ  രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുന്ദരിക്കുട്ടി .  എല്ലാവരും മൈലാഞ്ചി പറിക്കലും , വെളഞ്ഞി ഉരുക്കലും ഒക്കെയായി നല്ല ആവേശത്തിലാണ് . ആദ്യം പെണ്‍കുട്ടികളുടെ ഊഴം . എല്ലാവര്ക്കും അറിയുന്ന വിധത്തില്‍ ഡിസൈന്‍ ഒക്കെ ചെയ്തു രണ്ടു കയ്യില്‍ നിറയെ മൈലാഞ്ചി അണിഞ്ഞു. എന്റെ ഊഴം അവസാനമായിരുന്നു .
"ഇക്കാക്ക്‌ ഞാന്‍ മൈലാഞ്ചി ഇട്ടു തരാം". എന്ന് പറഞ്ഞു പച്ച
പാവാടക്കാരിവിളഞ്ഞീന്‍ ഉരുക്കി എന്റെ കയ്യില്‍ ഡിസൈന്‍
ചെയ്യാന്‍ ആരംഭിച്ചു . അപ്പോഴാണ് ഒരു പ്രശ്നം . അരച്ച മൈലാഞ്ചി ഏകദേശം തീര്‍ന്നിരിക്കുന്നു . മുഴുവനായും കയ്യില്‍ ഇടാന്‍ തികയില്ല . എനിക്ക് സങ്കടം വന്നു .
ഇനി ഈ രാത്രി  ആര് മൈലാഞ്ചി പറിക്കും ?
ആരും തയ്യാറില്ല. അവസാനം സുന്ദരി കുട്ടി പറഞ്ഞു.നാളെ അതി രാവിലെ ഞാന്‍ മൈലാഞ്ചി പറിച്ചു പള്ളിയില്‍ പോകുന്നതിന്റെ 
മുന്‍പ് മൈലാഞ്ചി ഇട്ടു തരാംഎന്ന്.. 

അങ്ങിനെ എല്ലാവരും പിരിഞ്ഞു . പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍കേട്ട് കൊണ്ട്ഞാനും ഉറങ്ങാന്‍ കിടന്നു .  ഉറക്കത്തില്‍ ഞാന്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു . പിന്നീടെപ്പോഴോആളുകള്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ . എന്താണ് കാര്യം എന്ന് തിരക്കിയ എന്നോട് ഉമ്മ കരച്ചില്‍ അടക്കികൊണ്ട് പറഞ്ഞു .....നമ്മുടെ അയല്‍ പക്കത്തെ മോള്‍ ... കിണറ്റില്‍ ......എനിക്കൊന്നും പിന്നീട് കേള്‍ക്കാന്‍ കഴിഞ്ഞില്ല . എല്ലാവരും കരയുന്നു .. വൈകുന്നേരത്തോടെ എല്ലാം കഴിഞ്ഞു.  

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..

ഇന്നും ഓരോ  പെരുന്നാള്‍  തലേന്നുo  പള്ളിയില്‍ നിന്ന് പെരുന്നാളിന്റെ മുന്നറിയിപ്പായി  തക്ബീര്‍ മുഴങ്ങുമ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഉള്ളം കയ്യിലേക്ക് നോക്കും. അപ്പോള്‍ മനസ്സില്‍ ആ പച്ച പാവാടക്കാരി നിറയും ..കണ്ണില്‍ ഒരിറ്റു കണ്ണീരും !
 

40 comments:

എല്ലാവര്ക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകള്‍ ..............

വായിപ്പിച്ച് വിഷമിപ്പിച്ചല്ലോ ഇക്കാ..
എനിക്കൊന്നും പറയാന്‍ വരുന്നില്ല ഹൃദയം കനപ്പിച്ചു...

നന്നായിരിക്കുന്നു. കുട്ടികള്‍ എത്ര നിഷ്കളങ്കര്‍...

പാവം മൈലാഞ്ചിക്കിളി.....

ഹായ് ജബ്ബര്‍ക്ക, സത്യത്തില്‍ വായിച്ചു തുടങ്ങിയപ്പോള്‍ പെരുന്നാളിന്റെ സ്മരണകള്‍ മനസ്സിലേക്കോടി വന്നു.. തീര്‍ന്നപ്പോള്‍ ആ പാവം പച്ച പാവാടക്കാരി.

ഹൃദയ സ്പര്‍ശിയായ അനുഭവം,ഇത് തന്നെയായിരുന്നു എന്റെ പെരുന്നാളിന്റെയും പശ്ചാത്തലം,,,,,താങ്കളുടെ പച്ചക്കിളിക്കുട്ടി സങ്കടപ്പെടുത്തി,,,

സമാന സംഭവം എന്‍റെ കുടുംബത്തിലും ഉണ്ടായി. പെരുന്നാളിന് രാവിലെ മൈലാഞ്ചി പറിക്കാന്‍ പോയ അമ്മാവന്‍റെ കൊച്ചുമകള്‍ കിണറ്റില്‍ വീണു മരിച്ചിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. വരാനുള്ളത് വഴിയില്‍ തങ്ങില്ലെങ്കിലും കുട്ടികളുടെ സുരക്ഷ നമ്മള്‍ ആവുന്നത്ര ഉറപ്പു വരുത്തണം....ഹൃദയസ്പര്‍ശിയായ വിവരണം ഇക്കാ....

എത്ര പെരുന്നാള്‍വന്നാലും ആ പച്ചപ്പാവാടക്കാരി മനസ്സില്‍ നിന്ന്പോകില്ലല്ലോ അല്ലേ..സംഭവകഥയാണെന്നോര്‍ത്തപ്പോള്‍ വിഷമം ഇരട്ടിച്ചു..

ഒരു പെരുനാളും അപ്പോള്‍ മനസ് നിറഞ്ഞ് ആഘോഷിക്കാന്‍ പറ്റില്ല അല്ലെ?

ഇക്ക,രാവിലെ തന്നെ സങ്കടം ആയല്ലോ..വായിച്ചു തുടങ്ങിയപ്പോള്‍ എന്റെ കുട്ടിക്കാലത്തെ പെരുന്നാള്‍ സ്മരണകള്‍ മനസ്സില്‍ വന്നിരുന്നു..പക്ഷെ അവസാനം പച്ച പാവാടക്കാരി മനസ്സിനെ ഉലച്ചു കളഞ്ഞു..

Ormayile nombaramaayi pachakkili. Perunnaal aashamsakal

അല്ലാഹ്.. നോമ്പിനെ നോമ്പരമാക്കി ആ കുഞ്ഞു കിളി പറന്നു പോയി..

കഥയോ.,യാഥാര്‍ത്ഥ്യമോ!!.യാഥാര്‍ത്ഥ്യം എന്നു കരുതട്ടെ.

മനസില്‍ നന്മയുള്ളവരെ ദൈവം തന്റെ സവിധത്തിലേക്ക് പെട്ടെന്ന് തിരിച്ചു വിളിക്കും എന്നൊരു വിശ്വാസം ഉണ്ട്.ഞാന്‍ അതോട് ചേര്‍ത്തു വെച്ച് ഇതു വായിക്കുന്നു.

Touching ആയി എഴുതി.

kanneerinte nanavilum namukk aashwsikkam.nale jannathul firdousil aa kunju mol mayilanchi aninju irikkunnundavum...

കണ്ണീരിന്റെ നോവുള്ള ഈ കുറിപ്പിനെ പറ്റി എന്താ പറയുക.
എന്‍റെ മനസ്സില്‍ ഒന്നും കാണുന്നില്ല.
ആ പച്ച പാവാടക്കാരി കുട്ടി മാത്രം.

ഓര്‍മകള്‍ക്ക് മധുരവും കയ്പ്പുമുണ്ട്
ഈദ് ആശംസകള്‍

പെരുന്നാളിന്റെ സന്തോഷത്തില്‍ മയിലാഞ്ചി ചോപ്പിന്റെ ശോഭയില്‍ പെരുന്നാളിന്റെ തക്ബീര്‍ ധ്വനികള്‍ മനസിലെക്കോടി വരികയായിരുന്നു അവസാന ഭാഗതെതിയപ്പോള്‍ വല്ലാത്തൊരു വിഷമം .. ഓര്‍മ്മയില്‍ എന്നും നിലനില്‍ക്കുന്ന നൊമ്പരം ... പെരുന്നാല്‍ ആശംസകള്‍..

വായിച്ചു കരയിപ്പിച്ചല്ലോ...മൈലാഞ്ചി പറിക്കാന്‍ പോയപ്പോള ആകുമോ കിണറ്റില്‍ വീണത്‌..അല്ലാഹു ആ കുട്ടിയേയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ ആമീന്‍ ...

വായിപ്പിച്ച് വിഷമിപ്പിച്ചല്ലോ ഇക്കാ..

ആ പച്ചപ്പനന്തത്ത ഇനി കുറെ നാള്‍ മനസ്സില്‍ പച്ചപിടിച്ചു കിടക്കും,വേദനിപ്പിച്ച ഒരു ഓര്‍മ്മക്കുറിപ്പ്‌ ..

orabhipraayavum parayaanilla... kaaraanam vaakkukal kittunnilla

ഒന്നും പറയാനാവുന്നില്ല ജബ്ബാര്‍
വായന പൊടുന്നനെ അവസാനിച്ചത് ഒരു ശൂന്യതയിലെക്കയിരുന്നു
വിധി അല്ലെ

നല്ല ഒരു കമന്റു ഇടാം എന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത്.....ഇതിപ്പോള്‍ സങ്കടായല്ലോ ഇക്ക ....

സ്വര്‍ഗ്ഗത്തിലും ആ പാവാടക്കാരി തേടുകയാവും....കൂടുതല്‍ കൂടുതല്‍ ചോക്കുന്ന മൈലാഞ്ചി....

പെരുന്നാളിന്‍ സന്തോഷത്തോടെ വായിച്ചു തുടങ്ങി അവസാനം ഫീലിംഗ് ആയി

എന്തിനാ ഇങ്ങനെ സങ്കടക്കഥകള്‍ ഒക്കെ എഴുതുന്നത്‌? എന്തിനാ.....

ഇത് യാഥാര്‍ത്ഥ്യം ആണെങ്കില്‍ ഒന്നേ പറയാനുള്ളൂ ഇക്ക.. വേണ്ടായിരുന്നു..

സാരല്യാ....നാളെ സ്വര്‍ഗത്തില്‍ ആ പച്ചപ്പാവാടക്കാരി വരും, ഇക്കാക് മൈലാഞ്ചി ഇട്ടു തരാന്‍. ഇന്ശാ അല്ലാഹ്, അന്ന് അത് കാണാന്‍ ഈ ബ്ലോഗ്‌ കൂട്ടായ്മയും ഉണ്ടാഗട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട്...ഈദ്‌ ആശംസകള്‍.

വിഷമിപ്പിച്ചല്ലോ ഓര്‍മ്മകള്‍ ...
പെരുന്നാള്‍ ആശംസകള്‍

എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി ...............

അയ്യോ!! ഇത് വേണ്ടായിരുന്നു ചേട്ടാ. :-( വായിച്ചുകൊണ്ടിരുന്ന ഞങ്ങളും പെട്ടെന്ന് പൊട്ടക്കിണറ്റില്‍ വീണപോലെ! :-( ഹൃദയസ്പര്‍ശിയായ അനുഭവം!

പെരുന്നാൾ അടുക്കുമ്പോൾ ഈ ഓർമ്മകൾ നൊമ്പരപ്പെടുത്തുന്നുണ്ടാകും അല്ലേ ഇക്കാ...പാവടക്കാരിക്കായുള്ള പ്രാർഥനയിൽ ഞാനും പങ്കു ചേരുന്നു....

ഇക്കാ , അതി മനോഹരം ...!! കണ്ണ് നനഞ്ഞു ....!!

സങ്കടപ്പെടുത്തുന്ന ഓർമകൾ..!!

അനുഭവം ആണെങ്കിലും അല്ലെങ്കിലും വരച്ചു കാട്ടിയത് വേദന നല്‍കി ........

ഒടുവില്‍ കണ്ണ് നിറഞ്ഞു ..മൈലാഞ്ചി ചോപ്പുള്ള ഒരു വേദന ..

ആദ്യ വരവില്‍ത്തന്നെ വിഷമിപ്പിച്ചല്ലോ മാഷേ..!

മതിമറന്നാഘോഷിക്കുമ്പോഴും മരണം പിന്നിലുണ്ടെന്നു മറക്കണ്ട അല്ലേ..!
പടച്ചവന്റെ ഓരോ ലീലാവിലാസങ്ങള്..!

ആശംസകളോടെ..

വേദനിപ്പിച്ചു,.. ചിലപ്പോള്‍ ഇനിയുള്ള പെരുന്നാളുകള്‍ ഇതു ഓര്‍മിപ്പിക്കും....