November 18, 2013

പ്രവാസത്തിന്റെ അതിജീവന പാഠങ്ങള്‍


പ്രവാസമെന്ന മഹാ പ്രഹേളിക അനന്തമായി നീളുകയാണ്. എത്രയെത്ര മനുഷ്യർ എണ്ണ സൗഭാഗ്യങ്ങളുടെ ഈ സമ്പന്ന ഭൂമിയിൽ ജീവിതമെന്ന വലിയ കടങ്കഥക്ക് ഉത്തരം തേടിയെത്തി. പലരും വെറും കയ്യോടെ തന്നെ മടങ്ങി. നേടിയവരാവട്ടെ, നേട്ടങ്ങൾക്ക്‌ നല്കിയത് സ്വന്തം ജീവിതം തന്നെയാണ്. എന്നിട്ടും പ്രവാസ ലോകത്തിലേക്കുള്ള വിമാനങ്ങൾ പുതിയ അതിഥികളെ കൊണ്ട് നിറയുന്നു. തിരിച്ചു പോക്കും വന്നു ചേരലും പ്രവാസത്തിന്റെ നിത്യ കാഴ്ചകളാണ്. ഒഴിഞ്ഞും നിറഞ്ഞും ചിലപ്പോൾ നിറഞ്ഞു കവിഞ്ഞും ലക്ഷോപ ലക്ഷം ഭാഗ്യാന്വേഷികൾക്ക് സംവത്സരങ്ങളായി പ്രവാസലോകം ഇടത്താവളം ഒരുക്കുന്നു. മോഹിപ്പിച്ചും സമാധാനിപ്പിച്ചും മറ്റു ചിലപ്പോൾ കരയിപ്പിച്ചും തുടരുന്ന കാഴ്ചകൾക്ക് ഇന്നും വലിയ മാറ്റമില്ല.

വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നവംബറിലെ തണുപ്പാര്‍ന്ന ഒരു പ്രഭാതം. ഒരു പ്രവാസ പകലിന്റെ ആരവങ്ങൾ ഒടുങ്ങി എല്ലാ പ്രയാസങ്ങളും ഓരോ കമ്പിളിപ്പുതപ്പില്‍ മൂടിക്കെട്ടി ഞങ്ങള്‍ നാലുപേര്‍ ഒരു റൂമില്‍ ഗാഡനിദ്രയില്‍ ആണ്. രാവിലെ ഏഴുമണി നേരം. ഡോര്‍ ബെല്‍ തുടരെ തുടരെ മുഴങ്ങുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. ബെല്ലടിച്ചവനെയും അവന്റെ കൂട്ടു-കുടുംബക്കാരെയും ഒന്നിച്ചു പ്രാകി ഡോര്‍ തുറന്നപ്പോള്‍ ഒരു മധ്യ വയസ്കന്‍ നിറഞ്ഞ പുഞ്ചിരിയോടെ ഒരു സഞ്ചിയും പിടിച്ചു വാതില്‍ക്കല്‍ നില്‍കുന്നു . എന്നെ കണ്ടതും ഒരു ചോദ്യം " നിങ്ങളിവിടെ പുതിയ താമസക്കാര്‍ കുട്ട്യളല്ലേ- നിങ്ങള്ക്ക് പപ്പടം വേണോന്ന് ചോദിയ്ക്കാന്‍ വന്നതാ" - സത്യത്തില്‍ അയാളുടെ ചോദ്യം കേട്ട് അയാളെ പപ്പടമാക്കാന്‍ തോന്നിയെങ്കിലും അയാളുടെ ആ പുഞ്ചിരി എന്തോ എന്റെ മനസ്സിനെ ഇളക്കി. " ഇപ്പൊ പപ്പടം ഒന്നും വേണ്ട" എന്ന് പറഞ്ഞെങ്കിലും അയാളുടെ തുടരെ യുള്ള നിര്‍ ബന്ധവും "പൈസ കുട്ട്യേള്‍ അടുത്ത ആഴ്ച വരുമ്പോള്‍ തന്നാല്‍ മതി " എന്നാ വാക്കും ആ പപ്പട പൊതി വാങ്ങാന്‍ എന്ന് നിര്‍ബന്ധിതനാക്കി.

അന്ന് മുതല്‍ ഒരു ബന്ധം തുടങ്ങുകയായിരുന്നു, അത് പോലെ അതിജീവനത്തിന്റെ പുതിയ അറിവുകളും. നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യര്‍ . ജീവിത സായാഹ്നത്തില്‍ എത്തിയിട്ടും പ്രാരാബ്ധങ്ങള്‍ പ്രവാസത്തിന്റെ കുപ്പായമണിയാന്‍ നിര്‍ബന്ധിതരായവര്‍. പ്രവാസം നീണ്ടപ്പോള്‍ അത്തരത്തില്‍ പെട്ട ഒരു പാട് പേരെ കാണാനും ഇടപഴകാനും കഴിഞ്ഞു. നിയമത്തിന്റെ കണ്ണില്‍ അനധികൃതര്‍. നിയമപാലകർ ഒരുക്കുന്ന വലകളിൽ കുടുങ്ങാതെ ഊട് വഴികളിലൂടെ സഞ്ചരിച്ചു ജീവിതത്തിനു മേൽക്കൂര പണിയാൻ പാട് പെട്ടവർ.

പപ്പടക്കാരന്‍ കുഞ്ഞാക്ക, വാഹനംകഴികിയുരുന്ന പോക്കുക്കാക്ക, റൂമില്‍ സ്ഥിരമായി മീന്‍ എത്തിച്ചിരുന്ന അബൂബക്കര്‍. അങ്ങിനെ നീളുന്ന ആ സ്നേഹപ്പട്ടിക. എന്തോ ഇവരോക്കെയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ അന്ന് കഴിഞ്ഞിരുന്നു.ഒരിക്കല്‍ അബൂബക്കര്‍ കാക്കയുടെ വീട്ടില്‍ ഒരു കത്ത് എത്തിക്കാന്‍ എഴുപതു കിലോമീറ്റര്‍ ദൂരം ബൈക്കോടിച്ചു പോയത് ഇപ്പോഴും ഒരു നല്ല ഓര്‍മയാണ്. ഇത്രയും പറഞ്ഞു വന്നത് കാലം മാറി , മുകളില്‍ പറഞ്ഞവര്‍ ഒക്കെ വിവിധ കാലത്തെ "ക്ലീനിങ്ങില്‍"നാട് പിടിച്ചു.

തൊഴിൽ നിയമങ്ങൾ കാര്യക്ഷമമായി നടപ്പിൽ വരുത്തിയതോടെ ഇത്തരം ആളുകള്‍ ഇല്ലാതായി . പകരം ജോലിയും , കൂലിയും , പ്രോഫഷനും ഉള്ളവർ കൃത്യമായ വിസ നിയമങ്ങൾ പാലിച്ചു കൊണ്ട് തന്നെ വന്നു തുടങ്ങി. എന്നാലും മനസ്സില്‍ ആ പഴയ കാലം ഇപ്പോഴും ക്ലാവ് പിടിക്കാതെ കിടക്കുന്നു. വിശപ്പിന്റെ വിളികൾക്ക് മുമ്പിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്നു അതിജീവനത്തിനായി നിശബ്ദ പോരാട്ടം നടത്തിയ ഒരു പറ്റം മനുഷ്യരുടെ സഹനത്തിന്റെയും സ്നേഹത്തിന്റെയും നാളുകൾ .. പ്രവാസ ജീവിതത്തിനു അടിത്തറ പാകാൻ അവർ പകർന്നു തന്ന ധൈര്യം ചെറുതല്ല. ഒരു പക്ഷെ നാട്ടിലെ ഏതെങ്കിലും ചായക്കടയിലോ വീടിന്റെ ഉമ്മറക്കോലായിലോ ഇരുന്നു അവരിപ്പോഴും തങ്ങളുടെ പ്രവാസ ജീവിതത്തിലെ ദുരിത നാളുകൾ ഓർക്കുന്നുണ്ടാവാം.സഹനത്തിന്റെയും ത്യാഗത്തിന്റെയും നാളുകൾ.
 

(  19-11-2013  മലയാളം ന്യൂസ്‌ പത്രത്തിലും 2013 ഡിസംബര്‍ ലക്കം "പുടവ" മാസികയിലും  പ്രസിദ്ധീകരിച്ചത്‌)

11 comments:

നിയമം അതെത്ര ശക്തമാക്കിയാലും അതിജീവനത്തിന് വേണ്ടി ഊട് വഴികള്‍ കണ്ടെത്താനുള്ള പ്രവണത അവസാനിക്കുന്നില്ല

കുറെ നാളുകൾക്ക് ശേഷം വീണ്ടും ബ്ലോഗിൽ പോസ്റ്റ്‌ കണ്ടതിൽ സന്തോഷം. പണ്ടൊക്കെ ഉംറ വിസയിലൊക്കെ വന്നെത്തി ഇത്തരം ജോലികൾ ചെയ്യുന്നവരെ ധാരാളം പേരെ കാണാമായിരുന്നു. ഞാനും ഓർമ്മിക്കുന്നു ചില മുഖങ്ങൾ. അവരൊക്കെ ഇപ്പൊ എവിടെയാണാവോ...

Nalla ormmakalude sundaramaya avatharanam......

നീണ്ടകാലയളവിലെ കഷ്ടപ്പാടുകളും, ദുരിതങ്ങളും കഴിച്ച് ജീവിതത്തിന്‍റെ നല്ലകാലം പ്രവാസലോകത്ത്‌ ഹോമിച്ച്‌ മടങ്ങിവരുന്നവര്‍.എത്രയോ...!!!
നന്നായിരിക്കുന്നു കുറിപ്പ്‌.
ആശംസകള്‍

ചെറുതെങ്കിലും മനസ്സിൽ തട്ടുന്ന കുറിപ്പ്. ബ്ലോഗിനൊപ്പം തുടർന്നും പത്രങ്ങളിൽ എഴുതുക.

അതിജീവനത്തിന്റെയും വിയര്‍പ്പിന്റെയും ചരിത്രം എത്രപറഞ്ഞാലും തീരുകയില്ലല്ലോ

ഇടവേളക്ക് ശേഷം വന്ന ഒരു നല്ല കുറിപ്പ്

ഹൃദ്യമായ ലേഖനം .

അങ്ങിനെ കുറെ മനുഷ്യരെ കാണാനാവും ഒന്ന് തിരിഞ്ഞു നോക്കിയാൽ .

ഇതുപോലുള്ള മനുഷ്യരുമായി സംസാരിക്കുന്നത് ,കൂട്ട് കൂടുന്നത് ഇഷ്ടമുള്ള കാര്യമാണ് എനിക്കും .

ആലിക്കയും ഹൈദറും തുടങ്ങി കുറേ മുഖങ്ങൾ ഒർമ്മയിൽ വരുന്നു .

'പുടവ'മാസികയിലും വായിച്ചിരുന്നു
നല്ല അനുഭവക്കുറിപ്പ്
ജലപ്പരപ്പിലെ ഓളം പോലെ, ഓർമ്മകൾ

ഗൾഫിന്റെ പള പളപ്പിൽകാണാതെ പോകുന്ന ജീവിതങ്ങളെയാണ്‌ ജബ്ബാർ ചൂണ്ടിക്കാട്ടിയത്.
നല്ല കുറിപ്പ്.