February 15, 2013

തിരിച്ചുവരവ് ....!

സ്കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്  നട വരമ്പിലെ വയല്‍ പൂവിനോട് കിന്നാരം ചൊല്ലിയതും, വഴിവക്കിലെ ചളി വെളളത്തില്‍ കളിച്ചതും,ഞാവല്‍ പഴങ്ങള്‍ പറി ച്ചതും   പിന്നെ എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍ കളിച്ചതും ഒക്കെ തന്നെയാണ്. ഇന്നീ സൈബര്‍ ലോകത്തിന്റെ ശീതളച്ചായയില്‍ ബാല്യ കാലത്ത് വഴി പിരിഞ്ഞു പോയ പലരെയും വീണ്ടും കണ്ടു മുട്ടുമ്പോഴും    മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും ആഗ്രഹിക്കുന്ന ഒന്നുണ്ട് , അവനെ ഒരിക്കല്‍ കൂടി ഒന്ന് കണ്ടു മുട്ടിയിരുന്നെങ്കില്‍ .
മേലാപറമ്പ് സ്കൂള്‍ എന്ന് ഞങ്ങള്‍ സ്നേഹ പൂര്‍വ്വം പേരിട്ട ഗവര്‍മെന്റ് ഹയര്‍ സെകന്റ്രി സ്കൂള്‍ കിഴുപറമ്പ.മനം കുളിര്‍പ്പിക്കുന്ന കുട്ടിക്കാലം . തിമിര്‍ത്താടിയ ബാല്യം . അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  നാലു വര്‍ഷങ്ങള്‍. അന്ന് ഏഴു ബിയില്‍ ആയിരുന്നു എന്റെ പഠനം.  കുനിയില്‍, കിഴുപറമ്പ , വാലില്ലാപുഴ , പത്തനാപുരം, വെട്ടുപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ ഉള്ള കുട്ടികള്‍ അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്ത്തത കാരണം സ്കൂള്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജൂണില്‍ തുടങ്ങുന്ന ആധ്യയന വര്ഷം ഞങ്ങള്‍ക്ക് ഏകദേശം ക്രിസ്തുമസ് അവധിയോടെ തീരും. കാരണം അന്ന് ഏകദേശം തൊണ്ണൂറു ശതമാനം അധ്യാപകരും തിരുവതാംകൂറില്‍ നിന്നുള്ളവരായിരുന്നു.അവര്‍ അവധിക്കു പോയാല്‍ പിന്നെ ബാക്കി ക്ലാസ്സുകള്‍ തഥൈവ. അത് കൊണ്ട് ഏഴാം ക്ലാസ്സിലെ പഠനത്തില്‍ പ്രാമുഖ്യം കോട്ടികളി, ആട്ടാംകൊട്ടം തുടങ്ങിയ കളികള്‍ക്കായിരുന്നു . ഒരുചൊവ്വാഴ്ച ദിവസം. ആദ്യ പിരീഡ് ഇംഗ്ലീഷ്  മാഷ് അവധി. പക്ഷെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ചെറിയക്കന്‍ മാഷ് വന്നു പതിവുപോലെ രാമായണം കഥ തുടങ്ങി.അന്ന് ഇതിഹാസകഥാപാത്രമായ  ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ച് തുടങ്ങിയിയിട്ടില്ലായിരുന്നു. മാഷുടെ കഥകേള്‍ക്കാന്‍ നല്ല രസം ആണ്. സമയം പോകുന്നത് അറിയുകേ ഇല്ല.  
രണ്ടാം പിരീഡും മാഷില്ല ,കളി തന്നെ ശരണം. ഞങ്ങള്‍ പുറത്തേക്കുഓടി , തിമര്‍ത്ത് കളിച്ചു. അവസാനം ദാഹിച്ചു കിണറ്റിന്‍ കരയിലേക്ക് ഓടി. ഞങ്ങള്‍ അഞ്ചു പേര്‍ . കുഞ്ഞനും  , മുഹമ്മദും, ബഷീറും അസ്സയിനും ഞാനും.  സ്കൂള്‍ കിണര്‍ വളരെ അധികം ആഴമുണ്ട്. വെള്ളം കോരി കുടിക്കാന്‍ നല്ല അധ്വാനം വേണം.  ഒരാഴ്ച മുന്‍പാണ്‌  സ്കൂള്‍ കിണറിനു കൈവരി കെട്ടി കപ്പിഇടാന്‍ പൈപ്പ് ഒക്കെ ഇട്ടു റെഡി ആക്കിയത്.  ഞങ്ങള്‍ വെള്ളം കോരാന്‍ ആരഭിച്ചു. തൊട്ടി താഴേക്ക്. തിരിച്ചു വെള്ളം നിറഞ്ഞു മുകളിലേക്ക് വലിച്ചു കയറ്റാന്‍ ആരഭിച്ചു. ഏകദേശം മുകളില്‍ എത്തി എത്തില്ല എന്നായപ്പോള്‍ കപ്പിയുടെ ചാലില്‍ നിന്ന് കയറു തെന്നി കയര്‍കപ്പിയുടെ സൈഡില്‍ കുടുങ്ങി . ഹോ .. ഇനി കയര്‍ തിരിച്ചു കപ്പിയില്‍  ഇടണം . അതിനു കൈവരിയില്‍ കയറും. പക്ഷെ ആര്‍ക്കും ധൈര്യം ഇല്ല. പക്ഷെ എല്ലാവര്ക്കും നല്ല ദാഹം ഉണ്ട് താനും.അവസാനം കൂട്ടത്തിലെ ധൈര്യശാലിയായ  അസ്സൈനാര്‍ കൈവരിയില്‍ കയറി.  അവന്‍ കൈവരിയില്‍ നിന്ന് ഏന്തി ജി ഐ പൈപ്പില്‍ പിടിച്ചു കയര്‍ കപ്പിയില്‍ തിരിച്ചിടാന്‍ ആരംഭിച്ചു. ഗഫൂറും കുഞ്ഞനും കയറിന്റെ അറ്റം പിടിച്ചു നില്കുന്നു. ഞങ്ങള്‍ രണ്ടു പേര്‍ കാഴ്ചക്കാരും. രണ്ട് മൂന്നു നിമിഷത്തെ പ്രയത്നത്തിനു ശേഷം അവന്‍കയര്‍ കപ്പിയില്‍ തിരിച്ചിട്ടു .അവര്‍ ഇറങ്ങാന്‍ വേണ്ടി കപ്പിയിലും ജി ഇ പൈപ്പിലും പിടിച്ചു കൊണ്ട് ഒന്ന് തിരിച്ചു. ഒരു നിമിഷം .... അത് സംഭവിച്ചു ..ജി ഐ  പൈപ്പില്‍ കൂടി കപ്പി നിരങ്ങി നീങ്ങി . ബാലന്‍സ് തെറ്റി അസ്സയില്‍ കിണറ്റിലെക്ക്. അള്ളോ.. എന്ന ഒരു നിലവിളി കേട്ട് നിങ്ങള്‍ നോക്കിയപോള്‍ അവന്‍ തൊട്ടിയുള്ള ഭാഗത്തെ കയറില്‍പിടികിട്ടി താഴേക്ക്‌ ഊര്‍ന്നു ഊര്‍ന്നു പോകുന്നു.. . എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാവുനതിനു മുന്‍പേ മറ്റേ തല പിടിച്ചിരുന്ന രണ്ടുപേരുടെയും കൈകള്‍ക്കിടയിലൂടെ കയര്‍ ഊര്‍ന്നു പോയി. ബ്ലും ...താഴെ തൊട്ടിയോടൊപ്പം അസ്സിയ്നും വെള്ളത്തില്‍ പതിക്കുന്ന ശബ്ദം . ഒന്ന് അലറി വിളിക്കാന്‍ പോലും ശക്തരല്ലാതെ പകച്ചു കൊണ്ട് ഞങ്ങള്‍ . കണ്ണില്‍ ഇരുട്ട് കയറി ,കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയില്ല. പക്ഷ കൂട്ടത്തില്‍ മനസ്സാന്നിധ്യം വിടാതെ കുഞ്ഞന്‍ കിണറ്റിലേക്ക് പാളി നോക്കി. അടിയില്‍ നിന്ന് അസൈന്‍ എന്തൊക്കെ പറയുന്നതിന്റെ എക്കോ മാത്രം . നിങ്ങള്‍ മൂന്നു പേരും ഒരു നിമിഷം ശങ്കിച്ച് നിന്ന് പിന്നെ കയര്‍ തിരിച്ചു വലിക്കാന്‍ ആരംഭിച്ചു. ഞങ്ങളുടെ  പ്രതീക്ഷ തെറ്റിയില്ല . തൊട്ടിയില്‍ ചവിട്ടി കയറില്‍ പിടുച്ചു താഴെ അസ്സൈനാര്‍.  ഞങ്ങള്‍ നാലുപേരും സര്‍വ ശക്തിയും  എടുത്തു അവനെ വലിച്ചു കയറ്റാന്‍ തുടങ്ങി   . ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവന്‍ സുരക്ഷിതനായി  മുകളില്‍ എത്തി. ആകെ നനഞ്ഞു  പോയെങ്കിലും  അല്പം പോലും ഭയം ഏശാത്ത ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.കുപ്പായവും തുണിയും പഴിഞ്ഞു ഞങള്‍ തിരിച്ചു ക്ലാസില്‍ പോകുമ്പോള്‍ ഒരു പ്രതിക്ജ്ഞ എടുത്തു. ഇത് ആരോടും പറയില്ല എന്ന്. രാധാമണി ടീച്ചറുടെ മലയാളം ക്ലാസ് ആയിരിന്നു അടുത്ത പിരീഡ് . അകെ നനഞ്ഞിരിക്കുന്ന അവനെ നോക്കി എന്ത് പറ്റി എന്ന ചോദ്യത്തിന് വെള്ളം കുടിച്ചപ്പോള്‍ തൊട്ടി വീണു വെള്ളം ആയതാണ് എന്ന് അവന്‍ കൂസാതെ മറുപടി പറഞ്ഞു.
അടുത്ത കൊല്ലം എട്ടാം  ക്ലാസ്സിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ താമസ സ്ഥലം മാറേണ്ടി വന്നത് കൊണ്ട് ഞാന്‍ സ്കൂള്‍ മാറി .
ഇന്നിപ്പോ നീണ്ട മുപ്പതില്‍ പരം  വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നീടൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ ഇന്നും എന്റെ മനസ്സില്‍ അവന്റെ ധൈര്യം തിളങ്ങുന്ന ആ കണ്ണുകള്‍ മായാതെ കിടക്കുന്നു...




17 comments:

അന്നെടുത്ത പ്രതിക്ജ്ഞ തെറ്റിക്കുന്നു.. ഒരു പക്ഷെ അവനെ വീണ്ടും കണ്ടുമുട്ടിയെങ്കിലോ ???????

സമ്മതിച്ചു ആ കക്ഷിയെ..

അസൈന്‍ അത്ഭുതമുണര്‍ത്തുന്നു.
നല്ല അവതരണം.

അമ്പട വീരാ...
നീയല്ലേ രക്ഷകന്‍

വായിക്കാന്‍ ഒരു രസം ഉണ്ട്. അസ്സൈനെ കണ്ടു മുട്ടിയാല്‍ ഒരു ട്വിസ്റ്റ്‌ ആകും..

ഓഫ്‌# കയ്യിലിരുപ്പു നല്ലതായത്‌ കൊണ്ട് ഒരുപാട് സ്കൂള്‍ ഇല്‍ പഠിച്ചിട്ടുണ്ടല്ലേ???

സ്കൂൾ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ..
നന്നായിരിക്കുന്നു.... ആശംസകൾ ജബ്ബാർ ഭായ്

കൂട്ടുകാരനെ കിണറ്റില്‍ തള്ളിയിട്ടിട്ടു ഒടുവില്‍ രക്ഷിച്ചു എന്ന് അല്ലെ :)

കുട്ടിക്കാല അനുഭങ്ങള്‍ ഇനിയും പോരട്ടെ. :)

നല്ല പോസ്റ്റ്‌ ,അസ്സയ്ന്‍ തന്നെ തന്നെ താരം ,, എന്നെങ്കിലും അവനെ കാണുമായിരിക്കും ല്ലേ ,,,ഈ പോസ്റ്റില്‍ നിന്നും ഒരു സംഗതി ഞമ്മക്ക് കിട്ടി ഇങ്ങളെ വയസ്സ് :)

ആകെ നനഞ്ഞു പോയെങ്കിലും അല്പം പോലും ഭയം ഏശാത്ത ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.കുപ്പായവും തുണിയും പഴിഞ്ഞു ഞങള്‍ തിരിച്ചു ക്ലാസില്‍ പോകുമ്പോള്‍ ഒരു പ്രതിക്ജ്ഞ എടുത്തു.

ഹമ്പട വീരാ സണ്ണിക്കുട്ടാ,തെമ്മാടീ.
അറിയില്ല്യേ യ്യ് ?
അപാരം ധൈര്യം തന്നെ അന്നത്തെ പഹയന്മാരേ.
ആശംസകൾ.

മനസാന്നിദ്ധ്യം കൈവിടാതെ ധൈര്യം കാണിച്ച ആ കുട്ടിപ്പട്ടാളം, ഇനിയൊരു മൂവന്തിയില്‍ കണ്ടുമുട്ടട്ടെ എന്നാശംസിക്കുന്നു.ഓരോ ബാല്യകാല സ്മരണകളും ഉണര്‍ത്തുന്ന എഴുത്ത്. എന്റെ സ്ക്കൂളിലെ കിണറ്റിലില്‍ നിന്നും ഞാനിപ്പോള്‍ വെള്ളം കോരി കുടിച്ചു.

ബാല്യത്തിലേക്കൊരു ടിക്കറ്റ് തന്ന ഈ പോസ്റ്റിനു നന്ദി..

കുട്ടിക്കാലത്തെ ഇങ്ങിനെയുള്ള ഓര്‍മകളിലെ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും.
നല്ല രസകരമായ കുറിപ്പ്. ആശംസകള്‍....

ഇതുപോലെയുള്ള ഓര്‍മ്മകുറിപ്പുകള്‍ നമ്മെ തിരിച്ചു നടത്തും .
ലഞ്ച് ബ്രെയ്ക്കിന് പോയപ്പോള്‍ നെല്ലിക്ക വീഴ്ത്തുക ഞങ്ങളെ വിനോദം ആയിരുന്നു.
ഒരിക്കല്‍ കല്ല്‌ മരത്തില്‍ തട്ടി തിരിച്ച് വന്ന് ഒരു സുഹൃത്തിന്‍റെ തലപൊട്ടി നന്നായി ചോര വന്നു. ആരോടും പറയാതെ അവനെ വീട്ടില്‍ വിട്ടു. ഇത് കണ്ട് നിന്ന ഒരു പെണ്‍കുട്ടി എല്ലാം സ്കൂളില്‍ പറഞ്ഞു കൊടുത്തു. (അവര്‍ പണ്ടേ അങ്ങിനെയാ ). അന്നും കിട്ടി എനിക്ക് തല്ല് .

ഓര്‍മ്മകള്‍ നന്നായി ട്ടോ

ഓര്‍മ്മകള്‍!!
കൂട്ടുകാരനെ വീണ്ടും കണ്ടുമുട്ടട്ടെ എന്നാശംസിക്കുന്നു.

പള്ളിക്കൂടവും അസൈനും ഓര്‍മ്മയുടെ നേര്‍ത്ത സുഖം നല്‍കുന്നു :)