February 15, 2013

തിരിച്ചുവരവ് ....!

സ്കൂള്‍ ജീവിതം ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടി എത്തുന്നത്  നട വരമ്പിലെ വയല്‍ പൂവിനോട് കിന്നാരം ചൊല്ലിയതും, വഴിവക്കിലെ ചളി വെളളത്തില്‍ കളിച്ചതും,ഞാവല്‍ പഴങ്ങള്‍ പറി ച്ചതും   പിന്നെ എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍ കളിച്ചതും ഒക്കെ തന്നെയാണ്. ഇന്നീ സൈബര്‍ ലോകത്തിന്റെ ശീതളച്ചായയില്‍ ബാല്യ കാലത്ത് വഴി പിരിഞ്ഞു പോയ പലരെയും വീണ്ടും കണ്ടു മുട്ടുമ്പോഴും    മനസ്സിന്റെ ഏതോ ഒരു കോണില്‍ ഇപ്പോഴും ആഗ്രഹിക്കുന്ന ഒന്നുണ്ട് , അവനെ ഒരിക്കല്‍ കൂടി ഒന്ന് കണ്ടു മുട്ടിയിരുന്നെങ്കില്‍ .
മേലാപറമ്പ് സ്കൂള്‍ എന്ന് ഞങ്ങള്‍ സ്നേഹ പൂര്‍വ്വം പേരിട്ട ഗവര്‍മെന്റ് ഹയര്‍ സെകന്റ്രി സ്കൂള്‍ കിഴുപറമ്പ.മനം കുളിര്‍പ്പിക്കുന്ന കുട്ടിക്കാലം . തിമിര്‍ത്താടിയ ബാല്യം . അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള  നാലു വര്‍ഷങ്ങള്‍. അന്ന് ഏഴു ബിയില്‍ ആയിരുന്നു എന്റെ പഠനം.  കുനിയില്‍, കിഴുപറമ്പ , വാലില്ലാപുഴ , പത്തനാപുരം, വെട്ടുപാറ തുടങ്ങിയ സ്ഥലങ്ങളില്‍ ഒക്കെ ഉള്ള കുട്ടികള്‍ അന്ന് സ്കൂളില്‍ ഉണ്ടായിരുന്നു. സ്കൂള്‍ കെട്ടിടത്തിന്റെ അപര്യാപ്ത്തത കാരണം സ്കൂള്‍ രണ്ടു ഷിഫ്റ്റ്‌ ആയിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജൂണില്‍ തുടങ്ങുന്ന ആധ്യയന വര്ഷം ഞങ്ങള്‍ക്ക് ഏകദേശം ക്രിസ്തുമസ് അവധിയോടെ തീരും. കാരണം അന്ന് ഏകദേശം തൊണ്ണൂറു ശതമാനം അധ്യാപകരും തിരുവതാംകൂറില്‍ നിന്നുള്ളവരായിരുന്നു.അവര്‍ അവധിക്കു പോയാല്‍ പിന്നെ ബാക്കി ക്ലാസ്സുകള്‍ തഥൈവ. അത് കൊണ്ട് ഏഴാം ക്ലാസ്സിലെ പഠനത്തില്‍ പ്രാമുഖ്യം കോട്ടികളി, ആട്ടാംകൊട്ടം തുടങ്ങിയ കളികള്‍ക്കായിരുന്നു . ഒരുചൊവ്വാഴ്ച ദിവസം. ആദ്യ പിരീഡ് ഇംഗ്ലീഷ്  മാഷ് അവധി. പക്ഷെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷകനാവാറുള്ള ചെറിയക്കന്‍ മാഷ് വന്നു പതിവുപോലെ രാമായണം കഥ തുടങ്ങി.അന്ന് ഇതിഹാസകഥാപാത്രമായ  ശ്രീരാമനെ രാഷ്ട്രീയക്കാര്‍‍ അവരുടെ സ്വകാര്യനേട്ടങ്ങള്‍‍ക്കുവേണ്ടി ഉപയോഗിച്ച് തുടങ്ങിയിയിട്ടില്ലായിരുന്നു. മാഷുടെ കഥകേള്‍ക്കാന്‍ നല്ല രസം ആണ്. സമയം പോകുന്നത് അറിയുകേ ഇല്ല.  
രണ്ടാം പിരീഡും മാഷില്ല ,കളി തന്നെ ശരണം. ഞങ്ങള്‍ പുറത്തേക്കുഓടി , തിമര്‍ത്ത് കളിച്ചു. അവസാനം ദാഹിച്ചു കിണറ്റിന്‍ കരയിലേക്ക് ഓടി. ഞങ്ങള്‍ അഞ്ചു പേര്‍ . കുഞ്ഞനും  , മുഹമ്മദും, ബഷീറും അസ്സയിനും ഞാനും.  സ്കൂള്‍ കിണര്‍ വളരെ അധികം ആഴമുണ്ട്. വെള്ളം കോരി കുടിക്കാന്‍ നല്ല അധ്വാനം വേണം.  ഒരാഴ്ച മുന്‍പാണ്‌  സ്കൂള്‍ കിണറിനു കൈവരി കെട്ടി കപ്പിഇടാന്‍ പൈപ്പ് ഒക്കെ ഇട്ടു റെഡി ആക്കിയത്.  ഞങ്ങള്‍ വെള്ളം കോരാന്‍ ആരഭിച്ചു. തൊട്ടി താഴേക്ക്. തിരിച്ചു വെള്ളം നിറഞ്ഞു മുകളിലേക്ക് വലിച്ചു കയറ്റാന്‍ ആരഭിച്ചു. ഏകദേശം മുകളില്‍ എത്തി എത്തില്ല എന്നായപ്പോള്‍ കപ്പിയുടെ ചാലില്‍ നിന്ന് കയറു തെന്നി കയര്‍കപ്പിയുടെ സൈഡില്‍ കുടുങ്ങി . ഹോ .. ഇനി കയര്‍ തിരിച്ചു കപ്പിയില്‍  ഇടണം . അതിനു കൈവരിയില്‍ കയറും. പക്ഷെ ആര്‍ക്കും ധൈര്യം ഇല്ല. പക്ഷെ എല്ലാവര്ക്കും നല്ല ദാഹം ഉണ്ട് താനും.അവസാനം കൂട്ടത്തിലെ ധൈര്യശാലിയായ  അസ്സൈനാര്‍ കൈവരിയില്‍ കയറി.  അവന്‍ കൈവരിയില്‍ നിന്ന് ഏന്തി ജി ഐ പൈപ്പില്‍ പിടിച്ചു കയര്‍ കപ്പിയില്‍ തിരിച്ചിടാന്‍ ആരംഭിച്ചു. ഗഫൂറും കുഞ്ഞനും കയറിന്റെ അറ്റം പിടിച്ചു നില്കുന്നു. ഞങ്ങള്‍ രണ്ടു പേര്‍ കാഴ്ചക്കാരും. രണ്ട് മൂന്നു നിമിഷത്തെ പ്രയത്നത്തിനു ശേഷം അവന്‍കയര്‍ കപ്പിയില്‍ തിരിച്ചിട്ടു .അവര്‍ ഇറങ്ങാന്‍ വേണ്ടി കപ്പിയിലും ജി ഇ പൈപ്പിലും പിടിച്ചു കൊണ്ട് ഒന്ന് തിരിച്ചു. ഒരു നിമിഷം .... അത് സംഭവിച്ചു ..ജി ഐ  പൈപ്പില്‍ കൂടി കപ്പി നിരങ്ങി നീങ്ങി . ബാലന്‍സ് തെറ്റി അസ്സയില്‍ കിണറ്റിലെക്ക്. അള്ളോ.. എന്ന ഒരു നിലവിളി കേട്ട് നിങ്ങള്‍ നോക്കിയപോള്‍ അവന്‍ തൊട്ടിയുള്ള ഭാഗത്തെ കയറില്‍പിടികിട്ടി താഴേക്ക്‌ ഊര്‍ന്നു ഊര്‍ന്നു പോകുന്നു.. . എന്താണ് സംഭവിക്കുന്നത്‌ എന്ന് മനസ്സിലാവുനതിനു മുന്‍പേ മറ്റേ തല പിടിച്ചിരുന്ന രണ്ടുപേരുടെയും കൈകള്‍ക്കിടയിലൂടെ കയര്‍ ഊര്‍ന്നു പോയി. ബ്ലും ...താഴെ തൊട്ടിയോടൊപ്പം അസ്സിയ്നും വെള്ളത്തില്‍ പതിക്കുന്ന ശബ്ദം . ഒന്ന് അലറി വിളിക്കാന്‍ പോലും ശക്തരല്ലാതെ പകച്ചു കൊണ്ട് ഞങ്ങള്‍ . കണ്ണില്‍ ഇരുട്ട് കയറി ,കുറച്ചു നേരത്തേക്ക് ഒന്നും ഓര്‍മയില്ല. പക്ഷ കൂട്ടത്തില്‍ മനസ്സാന്നിധ്യം വിടാതെ കുഞ്ഞന്‍ കിണറ്റിലേക്ക് പാളി നോക്കി. അടിയില്‍ നിന്ന് അസൈന്‍ എന്തൊക്കെ പറയുന്നതിന്റെ എക്കോ മാത്രം . നിങ്ങള്‍ മൂന്നു പേരും ഒരു നിമിഷം ശങ്കിച്ച് നിന്ന് പിന്നെ കയര്‍ തിരിച്ചു വലിക്കാന്‍ ആരംഭിച്ചു. ഞങ്ങളുടെ  പ്രതീക്ഷ തെറ്റിയില്ല . തൊട്ടിയില്‍ ചവിട്ടി കയറില്‍ പിടുച്ചു താഴെ അസ്സൈനാര്‍.  ഞങ്ങള്‍ നാലുപേരും സര്‍വ ശക്തിയും  എടുത്തു അവനെ വലിച്ചു കയറ്റാന്‍ തുടങ്ങി   . ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം അവന്‍ സുരക്ഷിതനായി  മുകളില്‍ എത്തി. ആകെ നനഞ്ഞു  പോയെങ്കിലും  അല്പം പോലും ഭയം ഏശാത്ത ആ തിളങ്ങുന്ന കണ്ണുകള്‍ ഇന്നും എന്റെ മനസ്സില്‍ ഉണ്ട്.കുപ്പായവും തുണിയും പഴിഞ്ഞു ഞങള്‍ തിരിച്ചു ക്ലാസില്‍ പോകുമ്പോള്‍ ഒരു പ്രതിക്ജ്ഞ എടുത്തു. ഇത് ആരോടും പറയില്ല എന്ന്. രാധാമണി ടീച്ചറുടെ മലയാളം ക്ലാസ് ആയിരിന്നു അടുത്ത പിരീഡ് . അകെ നനഞ്ഞിരിക്കുന്ന അവനെ നോക്കി എന്ത് പറ്റി എന്ന ചോദ്യത്തിന് വെള്ളം കുടിച്ചപ്പോള്‍ തൊട്ടി വീണു വെള്ളം ആയതാണ് എന്ന് അവന്‍ കൂസാതെ മറുപടി പറഞ്ഞു.
അടുത്ത കൊല്ലം എട്ടാം  ക്ലാസ്സിലും ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പിന്നെ ഒന്‍പതാം ക്ലാസ്സില്‍ എത്തിയപ്പോള്‍ താമസ സ്ഥലം മാറേണ്ടി വന്നത് കൊണ്ട് ഞാന്‍ സ്കൂള്‍ മാറി .
ഇന്നിപ്പോ നീണ്ട മുപ്പതില്‍ പരം  വര്‍ഷങ്ങള്‍ പിന്നിടുന്നു. പിന്നീടൊരിക്കലും ഞാന്‍ അവനെ കണ്ടിട്ടില്ല. പക്ഷെ ഇന്നും എന്റെ മനസ്സില്‍ അവന്റെ ധൈര്യം തിളങ്ങുന്ന ആ കണ്ണുകള്‍ മായാതെ കിടക്കുന്നു...




January 21, 2013

സി എച്ചിന്റെ പ്രസംഗം ......

സ്കൂള്‍ കലോല്‍സവത്തിന്റെ സമാപന ചടങ്ങില്‍ ബഹു: മന്ത്രി മുനീര്‍ സാഹിബു പാടുന്ന ഒരു വീഡിയോ ഇന്നലെ ഫൈസ് ബുക്കില്‍ ഷെയര്‍ ചെയ്തു  കണ്ടു. ഒരു പക്ഷെ ആയിരം വാക്കുകളേക്കാള്‍ ആ കുട്ടികളുടെ മനസ്സിന്റെ ആഴങ്ങളില്‍ എത്തിയിട്ടുണ്ടാവുക ആ രണ്ടു വരി പാട്ടായിരിക്കും. അത് പോലെ ഒരു പക്ഷെ അവര്‍ക്ക് എക്കാലത്തും ഓര്‍ക്കാനും .....

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്‍പതു നവംബര്‍ മാസത്തിലെ ഒരു സായാഹ്നം. പ്രാരാബ്ധങ്ങളും പ്രയാസങ്ങളും നിറഞ്ഞ  കിഴുപറമ്പ പഞ്ചായത്തിലെ തൃക്കളയൂര്‍ എന്നഒരു നാട്ടിന്‍ പുറം.  ഒരു കയ്യില്‍ പ്ലാസ്റ്റിക്‌ ബക്കറ്റിന്റെ പിടി കൊണ്ട് ഉണ്ടാക്കിയ ഒരു വട്ട ചക്രവും മറ്റേ കയ്യില്‍ അത് ബാലന്‍സ് ചെയ്തു ഉരുട്ടാന്‍ ചെറിയ കമ്പി അറ്റം  വളച്ചുണ്ടാക്കിയ ഒരു പിടിയും പിടിച്ചു വൈകുന്നേരം കളിയ്ക്കാന്‍ ഇറങ്ങിയാതാണ് ആ കൊച്ചു ബാലന്‍. വേഷം ഒരു മുറിയന്‍ ട്രൌസര്‍. ഷര്‍ട്ട്‌ ഇട്ടിട്ടില്ല. ചെമ്മണ്‍ പാത ശാന്തമാണ്. തന്റെ കളിത്തട്ട കത്തിലേക്ക് എത്താന്‍ ഇനിയും കുറച്ചു ദൂരം കൂടി ചക്രം ഉരുട്ടണം.. അപ്പോഴാണ്‌ പിന്നില്‍ നിന്ന് ഉച്ചത്തില്‍ ആ ശബ്ദം ആ ബാലന്‍ കേട്ടത്.." നമ്മുടെ ഏവരുടെയും പ്രിയകരനായ ബഹു: സി എച്ച് സാഹിബു ഇതാ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങി ഈ വാഹനത്തിന്റെ തൊട്ടു പിന്നാലെ വരുന്നു.. ഏതാനും നിമിഷങ്ങള്‍ക്കകം തൃക്കളയൂര്‍  കല്ലിട്ടപ്പാലം അങ്ങാടിയില്‍ പ്രാസംഗിക്കുന്നു ..." 
എന്തെന്നില്ലാത്ത കൌതുകത്തോടെ ആ ബാലന്‍ മനോഹരമായി വര്‍ണ്ണ ക്കടലാസുകള്‍ കൊണ്ട് അലങ്കരിച്ച ആ വാഹനത്തിനു പിന്നാലെ ഓടി. പൊടി പാറിച്ചു കൊണ്ട് ആ വാഹനം കല്ലിട്ട പാലം അങ്ങാടിയിലേക്ക്. .. അല്‍പ സമയം കഴിഞ്ഞു ഏതാനും വാഹനങ്ങള്‍ കൂടി എത്തി. അതില്‍ ഒന്നില്‍ നിന്ന് വെള്ള തൊപ്പി വെച്ച ആള്‍ ഇറങ്ങി. ചുറ്റും മുദ്രാവാക്യം വിളികളും ആര്‍പ്പ് വിളികളും. തന്റെ കണ്‍ മുന്‍പില്‍  കാണുന്നതൊക്കെ ആ ബാലന്‍ അത്ഭുതത്തോടെ നോക്കി നില്‍ക്കുകയാണ്. യോഗ പരിപാടികള്‍ ആരംഭിച്ചു. റോഡില്‍ നിന്ന് കുറച്ചു ഉയരത്തില്‍ ഉള്ള ഒരു പീടിക കോലായിയാണ് വേദി. കുറച്ചു പേരുടെ പ്രാരംഭ പ്രസംഗങ്ങള്‍ക്ക്  ശേഷം സി ച്ചു സാഹിബു തന്റെ  പ്രസംഗം ആരംഭിച്ചു . മനോഹരമായ വാക്കുകളുടെ പ്രവാഹം. പുഞ്ചിരി മായാതെ യുള്ള പ്രസംഗം. തികച്ചും അമ്പരപ്പോടെയും അതിലേറെ ആശ്ചര്യ ത്തോടെയും ആ കൊച്ചു ബാലന്‍ മുന്നിലെ നിരയില്‍ തന്നെ തന്റെ ചക്രവും പിടിച്ചു നില്‍ക്കുന്നു. സി എച്ച്  തന്റെ പ്രസംഗം അവസാനിപ്പിച്ച്‌  കസേരയില്‍ ഇരുന്നു. അതിനിടക്കാന്   അദ്ദേഹം മുന്നില്‍ നില്‍ക്കുന്ന ആ കൊച്ചു ബാലനെ കാണുന്നത് . അദ്ദേഹം വേദിയില്‍ നിന്ന് ഇറങ്ങി ആ കൊച്ചു ബാലന്റെ കൈ പിടിച്ചു സ്റ്റേജില്‍ താന്‍ ഇരിക്കുന്ന കസേരക്ക് അരികില്‍ നിര്‍ത്തി. കൈ പടിച്ചു കൊണ്ട് തന്നെ പേര് ചോദിച്ചു . തികഞ്ഞ പേടിയോടെയും അതിലേറെ അമ്പരപ്പോടെയും ആ ബാലന്‍ പേര് പറഞ്ഞു....."അ... ബ് ദുല്‍ .... ജ.. ബ്ബാ ര്‍,,,,,,,,,"  കൈ പിടിച്ചു കുലുക്കി നെറുകയില്‍ ഒരു മുത്തം തന്നു  പറഞ്ഞു... മോന്‍ നന്നായി പഠിച്ചു മിടുക്കന്‍ ആവണം കെട്ടോ...................

കാലം ഒരുപാട് കഴിഞ്ഞു . വളര്‍ന്നപ്പോള്‍ ആ ബാലനും അദ്ധേഹത്തെ പറ്റി കൂടുതല്‍ അറിഞ്ഞു.. കാലം മാറി ..രാഷ്ട്രീയക്കാരും പ്രവര്‍ത്തന രീതികളും മാറി ..പക്ഷെ ഇന്നും സി എച്ച് എന്ന പേര് കേള്‍ക്കുബോള്‍ ആ ബാലന്‍ അറിയാതെ  തന്റെ കയ്യുകൊണ്ട്  നെറുകയില്‍ ഒന്ന് തലോടും ഒരിക്കലും മായാത്ത ആ ഓര്‍മകളെയും .........!


(മന്ത്രി മുനീര്‍ സഹിബിന്റെ പാട്ട് ഇവിടെ )

http://www.facebook.com/photo.php?v=554149727930526&set=vb.100000065120146&type=2&theater




January 16, 2013

പൊറാട്ട ഇന്‍ ഹാര്‍ബര്‍ സിറ്റി !!!

പൊറാട്ട  ഇന്‍ ഹാര്‍ബര്‍ സിറ്റി  !!!
==========================

രണ്ടായിരത്തി ഏഴു ഏപ്രില്‍ ഇരുപത്തി രണ്ടിലെ  മനോഹരമായ ഒരു സായാഹ്നം .സ്ഥലം ഹോങ് കോങ് നഗരത്തിലെ ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാള്‍. ഏപ്രില്‍ പത്തിനഞ്ചിനു ഗുവങ്ങ്സുവില് നിന്ന് തുടങ്ങി, യിവു , ഷന്കായി വഴി   തിരക്ക് പിടിച്ച പര്‍ച്ചേസ് മഹാമഹത്തിന്റെ കൊട്ടിക്കലാശം . കൂടെ ഈജിപ്ത് കാരന്‍ താരിക്ക്‌ മഹമൂദ്‌ , ഹോങ് കോങ് ബയിംഗ് ഓഫീസിലെ  കാരെന്‍ പിന്നെ ബോസും.  നാലു മണിക്ക് ഹോങ് കോങ് കണ്‍വെന്‍ഷന്‍  സെന്ററില്‍ നിന്ന് അവസാനത്തെ കോണ്ട്രാക്റ്റ് സൈന്‍ ചെയ്തു  കഴിഞ്ഞു നേരെ വിട്ടതാണ് ഹാര്‍ബര്‍ സിറ്റി ഷോപ്പിംഗ്‌ മാളിലേക്ക്. മനോഹരമായ മാള്‍- വിവിധ ലോകോത്തര ബ്രാന്‍ഡുകള്‍ ഒപ്പം സ്വദേശി ബ്രാന്‍ഡുകളും നിറഞ്ഞ വിവിധ ഷോപ്പുകള്‍. രണ്ടു വലിയ സിനിമ തിയേറ്റര്‍ ഇതിന്റെ ഉള്ളില്‍ ഉണ്ട് എന്ന് കാരെന്‍ പറഞ്ഞു തന്നു. തിരക്കേറിയ  സ്ഥലം തന്നെ.  പക്ഷെ എന്റെ പ്രശ്നം അതൊന്നും ആയിരുന്നില്ല . നമ്മള്‍ മലയാളികള്‍ എവിടെ പോയാലം ശ്രദ്ധിക്കുന്ന ഒരു കാര്യം ഉണ്ട് സ്വന്തം വയര്‍. അതെ വിശപ്പ്‌ തന്നെ. ഏഴ് ദിവസമായി വായക്കു രസമുള്ള വല്ലതും കഴിച്ചിട്ട്. ചൈനയില്‍ ആയിരുന്ന സമയത്ത് മൂന്ന് ദിവസം പെട്ടിയില്‍ കൂടെ കരുതിയ നമ്മുടെ സ്വന്തം കുബൂസും ചീസും തൂണയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. പിന്നെ മൂന്നു ദിവസത്തെ യാത്രയില്‍ ഒക്കെ ഒരു കഥ തന്നെ. യാത്രക്കിടയില്‍ വല്ല വെജിറ്റബിള്‍ സാന്‍ഡ വിച്ചോ , അല്ലേല്‍ വല്ല ഫിഷ്‌  ബര്‍ഗറോ തന്നെ ശരണം. മൂന്നായി അരിയുടെ കുത്തരി ചോറ് തിന്നുന്ന നമുക്ക് ഇതെങ്ങനെ അഡ്ജസ്റ്റ് ചെയ്യാന്‍ !! പക്ഷെ കൂടെ ബോസ്സ് ഉളളത് കൊണ്ട് അല്പം  അഡ്ജസ്റ്റ്‌ ചെയ്തെ പറ്റൂ. കുറെ നേരത്തെ കറക്കത്തിനു ശേഷം ഞാന്‍ വിഷയം നമ്മുടെ "മസ്രി"യോട് അവതരിപ്പിച്ചു. അവനാണ് ബോസിനോട് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ മിടുക്കന്‍. ഒരു അര മണിക്കൂറിനു ശേഷം ഉത്തരവ് കിട്ടി . കാരനെയും കൂട്ടി മുകളില്‍ ഫുഡ്‌ കോര്‍ട്ടിലേക്ക് . ലോകത്തിലെ ഏകദേശം എല്ലാ വിഭവങ്ങളും കിട്ടും എന്ന് കാരന്‍ പറഞ്ഞപ്പോഴും എനിക്ക് അത്ര പ്രതീക്ഷ ഇല്ലായിരുന്നു. എന്നെയും കാരനെയും  ഫുഡ്‌ സെലക്റ്റ്‌ ചെയ്യാന്‍ ഏല്പിച്ചു ബോസ്സ് അല്പം അകലെ മാറി ഇരുന്നു. ഫുഡ്‌ കോര്‍ട്ടിലൂടെ ഞങ്ങള്‍ ഒന്ന് കറങ്ങി. പല നിറങ്ങള്‍ , പല വിഭവങ്ങള്‍. പക്ഷെ എന്റെ പ്രതീക്ഷ അസ്തമിക്കാന്‍ തുടങ്ങി. ഇന്ന് വല്ല  സാന്‍ഡവിച്ചും , ജ്യൂസും തന്നെ ശരണം. . കാരനെയും കൂട്ടി  ഒരു വട്ടം കൂടി ഒന്ന് കറങ്ങി .അത് വെറുത ആയില്ല.  മനോഹരമായി അലങ്കരിച്ച ഒരു  ഫുഡ്‌ കോര്‍ട്ട്. വിവിധ തരം റൊട്ടികള്‍ , സലാഡുകള്‍. അതിന്റെ ഉള്ളില്‍ ഒരാള്‍ പൊറാട്ട ചുടുന്നു. എനിക്ക് വിശ്വസിക്കാന്‍ കഴിഞില്ല. കണ്ണ് തിരുമ്മി ഒന്ന് കൂടി നോക്കി. അതെ സാക്ഷാല്‍ പൊറാട്ട തന്നെ. കാരനോട് വിവരം പറഞ്ഞു. അടുത്ത് ചെന്ന് കുശലം പറഞ്ഞപ്പോള്‍ പുള്ളി ഒരു തലശ്ശേരി കാരന്‍ ആണ്. തലശ്ശേരി ക്കാര്‍ക്ക് പലയിടത്തും ഹോട്ടല്‍ ഉണ്ട് എന്ന് കേട്ടിട്ടുണ്ട്. ഇപ്പൊ ഈ  ഹോങ് കോങ് നഗരത്തിലും.! ഏതായാലുംഎല്ലാവര്ക്കും പൊറാട്ട തന്നെ ഓര്‍ഡര്‍ കൊടുത്തു കൂടെ വെജിറ്റബിള്‍ കറിയും. "കുബ്ബൂസ് ഹിന്ദി" എന്ന് പറഞ്ഞാണ് ബോസിനെ ഇത് തീറ്റിച്ചത്. ഏതായാലും പുള്ളിക്ക് ഇതു വളരെ ഇഷ്ടപ്പെട്ടു. പിന്നീട് പല സ്ഥലത്ത് നിന്ന് പൊറാട്ട കഴിച്ചു എങ്കിലും ആ രുചി നാവില്‍ ഇപ്പോഴും മായാതെ നില്‍കുന്നു. അത് പോലെ വല്ലപ്പോഴും ബോസ്സ് തമാശ പറയുമ്പോള്‍ "ഫീ ഇന്തക്ക് കുബ്ബൂസ് ഹിന്ദി" എന്ന ചിരിച്ചു കൊണ്ടുള്ള  ചോദ്യവും... ഓര്‍മകള്‍ക്ക് എന്നും ഇരട്ടി മധുരം .



January 01, 2013

റൊട്ടിയും പത്രവും

റൊട്ടിയും  പത്രവും!
==================

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ എന്നാണു എന്റെ ഓര്മ. അതായത് ഏകദേശം ഇരുപതു കൊല്ലം മുന്‍പ്‌. പ്രവാസത്തിന്റെ തുടക്കം .രാവിടെ കട്ടന്‍ ചായയുടെ കൂടെ ന്യൂസ്‌ പേപ്പര്‍ വായിച്ചു ശീലിച്ച നമ്മള്‍ മലയാളികള്‍ക്ക് ഒരു ദിവസം ഭക്ഷണം ഇല്ലാതെ കഴിച്ചു കൂട്ടാം - പക്ഷെ ഒരു ദിവസം പേപ്പര്‍ കിട്ടിയില്ലേല്‍... നാട്ടില്‍ നിന്ന് വന്ന ടെന്ഷനും , പുതിയ ലോകവും ആകെ ഒരു മ്ലാനത . ഇന്നത്തെ പോലെ ടെലിഫോണ്‍ സൌകര്യങ്ങളും ഇല്ല . മലയാള പത്രങ്ങള്‍ എവിടെ കിട്ടും എന്ന് ഒരു എത്തും പിടിയും ഇല്ല . വന്നു പത്തു ദിവസങ്ങള്‍ക്ക് ശേഷം സൂപ്പര്‍മാര്‍ കറ്റിലെ ന്യൂസ്‌ സ്റ്റാന്‍ഡില്‍ ആദ്യമായി ഒരു ഇംഗ്ലീഷ് പത്രം(ഖലീജ്‌ ടൈംസ്‌ ആണ് എന്നാണ് എന്റെ ഓര്‍മ്മ) കണ്ടു. ഒന്നും ആലോചിക്കാതെ രണ്ടു റിയാല്‍ കൊടുത്തു വാങ്ങി തൊക്കില്‍ തിരുകി റൂമിലേക്ക്‌ നടക്കാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ നിന്ന് ഒരു വിളി .. നോക്കുമ്പോള്‍ എന്റെ ഈജിപ്ത്ഷ്യന്‍ "മുദീര്‍" ആണ്. തൊക്കില്‍ ഇരിക്കുന്ന ന്യൂസ്‌ പേപ്പറിലെക്കും , എന്റെ മെലിഞ്ഞു ഉണങ്ങിയ മുപ്പതിമ്മൂന്നു കിലോ തൂക്കം വരുന്ന ശരീരത്തിലേക്കും മാറി മാറി നോക്കി പരിഹാസ രൂപത്തില്‍ ഒരു ഉപദേശം - "രണ്ടു റിയാലിന് ഈ ജരീദ വാങ്ങി വായിക്കുന്നതിനു പകരം "കുബ്ബൂസ്" വാങ്ങി തിന്നു ആ ശരീരം ഒന്ന് നന്നാക്കാന്‍ നോക്ക് " ............

കാലം ഒരു പാട് കഴിഞ്ഞു , ഇപ്പോഴും ന്യൂസ്‌ പേപ്പര്‍ വാങ്ങി വായിക്കുമ്പോള്‍ മനസ്സിന് ഇഷ്ടപ്പെടാത്ത വാര്‍ത്തകള്‍ കണ്മുന്നിലൂടെ കടന്നു പോകുമ്പോള്‍ ഇപ്പോഴും ആ പഴയ "മുദീറിനെ "ഓര്മ വരും .. രണ്ടു റിയാലിന്റെ റൊട്ടിയും , അന്നും ഇന്നും സ്വഭാവത്തില്‍ വലിയ മാറ്റമൊന്നും വരാത്ത ഈജിപ്ഷ്യന്‍ വംശജരെയും ............:)

August 23, 2012

സ്വപ്നങ്ങള്‍

വളരെയേറെ സ്വപ്നങ്ങള്‍  നെയ്തു കൂട്ടിയാണ് അയാള്‍ പ്രവാസ 
ലോകത്തേക്ക് യാത്ര തിരിച്ചത് . അന്നും പതിവ് പോലെ 
പാതിരാത്രിയോടടുത്തിരുന്നു അയാള്‍ ജോലി കഴിഞ്ഞുറൂമില്‍ എത്തിയപ്പോള്‍.  വിസ്തരിച്ചു ഒന്ന് കുളിച്ചു കട്ടിലില്‍ നീണ്ടു നിവര്‍ന്നു കിടന്നപ്പോള്‍ അയാളിലെസ്വപ്‌നങ്ങള്‍  വീണ്ടും  ചിറകു മുളച്ചു പറന്നുയരാന്‍ തുടങ്ങി . ഇടയ്ക്കു പാതി വഴിയില്‍ മുടങ്ങിയ വീട്പണി ,പെണ്മക്കളുടെവിവാഹം. ഏക ആണ്‍ തരിയുടെ പഠനം. എല്ലാം കഴിഞ്ഞു അവസാനം തനിക്കും ഭാര്യക്കും സുഖമായി കഴിയാന്‍ ഉള്ള വക . അയാളുടെ സ്വപ്നങ്ങള്‍ ശീതികരിച്ച മുറിയിലെ അരണ്ടവെളിച്ചത്തില്‍ കൂര്‍ക്കം വലിയായി   മാറി .
പക്ഷെ പിറ്റേന്ന് രാവിലെ എട്ടുമണിക്ക് മൊബൈലില്‍ സെറ്റ് ചെയ്ത അലാറത്തിനുപോലുംആ സ്വപ്നത്തിനു  വിഘ്നം വരുത്താന്‍ കഴിഞ്ഞില്ല.
 
 

February 12, 2012

സഹയാത്രികര്‍


പ്രവാസത്തിന്റെ തുടക്കകാലം എന്തുകൊണ്ടും പ്രയാസം നിറഞ്ഞതായിരുന്നു .ഇന്നത്തെ പോലെ വാര്‍ത്താവിനിമയ സൌകര്യങ്ങളോ,എന്റര്‍ടയിന്മേന്റ്റ് ചാനലുകളോ ഒന്നും ഇല്ലാതിരുന്ന ആ കാലത്ത്  പിടിച്ചു നില്ക്കാന്‍ സാധിച്ചത്  നിഷ്കളങ്കരായ സുഹൃത്തുക്കള്‍ തന്നെ ആയിരുന്നു . ആരുടെ പ്രയാസങ്ങളും സ്വന്തം എന്നോണം  കരുതി  സഹായിക്കുന്ന ഒരു കൂട്ടം നല്ല സുഹൃത്തുക്കള്‍ . ജന്മം കൊണ്ടല്ലെങ്കിലും
സാമീപ്യം കൊണ്ട് കൂടെപ്പിറപ്പുകള്‍ ആയവര്‍ . ജോലിസ്ഥലത്ത് ഉണ്ടാവുന്ന 
പല പ്രയാസങ്ങളും  റൂമില്‍ എത്തിയാല്‍  മറക്കാന്‍ കഴിയുന്നത്  
ഇവരുടെ സരസമായ സാമീപ്യം കൊണ്ട് മാത്രം . 
 അന്ന് ഞങ്ങള്‍ അഞ്ചു പേര്‍ ആണ് കമ്പനി റൂമില്‍ താമസം 
ഞാനും പിന്നെ ബാബു, റഹീം ,നാസര്‍ ,   കരീം .
ഇതില്‍ കരീം വളരെ സരസന്‍ . ഏതുകാര്യവും ചിരിച്ചു കൊണ്ട് കൈകാര്യം ചെയ്യുന്നവന്‍ . സത്യത്തില്‍ ആ റൂമില്‍ മൂന്നു പേര്‍ക്ക് കിടക്കാന്‍ ഉള്ള സൗകര്യം മാത്രമേ ഉള്ളൂ .എന്നാലും ഞങ്ങള്‍ അഞ്ചു പേരും അതൊരു സ്വര്‍ഗം ആക്കി  . പലര്‍ക്കും പല സമയത്താണ് ഡ്യൂട്ടി .അതുകൊണ്ട് തന്നെ റൂമില്‍ വെളിച്ചം പരക്കുന്നത് വല്ലപ്പോഴും . ഇരുട്ടില്‍ തപ്പി തടഞ്ഞാണ് പലപ്പോഴും റൂമില്‍ നടത്തം  . ഭക്ഷണം കഴിക്കാനായി അടുക്കളയോട് ചേര്‍ന്ന് ഒരു ചെറിയ ഇടം  ഉണ്ട്. ഡ്യൂട്ടി കഴിഞ്ഞു വന്നു തപ്പി തടഞ്ഞു  ഡ്രസ്സ്‌ മാറ്റിയാല്‍ പിന്നെ ഞങ്ങളുടെ സൊറപറയല്‍ കേന്ദ്രം ഇവിടെ ആണ് .പിന്നെ റൂമിലേക്ക്‌ പോകുന്നത് ഉറങ്ങാന്‍ മാത്രം . പ്രവാസത്തിന്റെ   കണ്ണീര്‍ മുത്തുകള്‍ പൊഴിഞ്ഞതും   പുതു പ്രതീക്ഷകള്‍ തളിരിട്ടതും  ഈ കൊച്ചു കുടുസ്സു മുറിയില്‍  ആയിരുന്നു.  കത്തെഴുത്തുകളുടെ കാലം കൂടി ആയിരുന്നു അത്.
അന്ന് പതിവ് പോലെ ഞങ്ങള്‍ രാത്രി പന്ത്രണ്ടു മണിക്ക്  ഡ്യൂട്ടി കഴിഞ്ഞു എത്തി . ബാബും റഹീമും നേരത്തെ എത്തി കൂര്‍ക്കം വലി സ്റ്റാര്‍ട്ട്‌ ചെയ്തിട്ടുണ്ട് .  ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങുന്ന സമയത്താണ്   ഗേറ്റ് കീപെര്‍  വന്നു പറയുന്നത് നാസറിനെ ആരോ ഒരാള്‍ കാണാന്‍ വന്നിട്ടുണ്ട് എന്ന് . പടച്ചോനെ ആരാ ഈ പാതിരാത്രിയില്‍ എന്ന് ആലോചിച്ചു താഴെ പോയി നോക്കുമ്പോള്‍ അവന്റെ അമ്മാവന്‍ കോണ്‍ഫുദയില്‍ നിന്ന്  അവനെ കാണാന്‍ വന്നതാണ് . പെട്ടെന്ന് ഞങ്ങള്‍ അകെ അങ്കലാപ്പില്‍ ആയി .നട്ടപ്പാതിര നേരത്ത് ഒരു അതിഥി അതും വളരെ ദൂരെ നിന്ന് . റൂമില്‍ വെളിച്ചം ഇല്ല . ലൈറ്റ് ഇട്ടാല്‍ ബദര്‍ യുദ്ധം നടക്കും! ഞങ്ങളുടെ പ്രയാസം മനസ്സില്‍കണ്ടിട്ടാവണംഅമ്മാവന്‍ പറഞ്ഞു .
 "അവര്‍ ഉറങ്ങട്ടെ , നമുക്ക് ഇവിടെ ഇരുന്നു സംസാരിക്കാം . 
എനിക്ക് അതി രാവിലെ പോകണം ; അവിടെ നിന്ന് സാധനം എടുക്കാന്‍ വന്ന ഒരു വണ്ടിക്കാരന്റെ കൂടെ വന്നതാണ്‌ ഞാന്‍ ". വളരെ സന്തോഷത്തോടെ    ഞങ്ങള്‍ അതിഥിക്ക് വേണ്ടി ഭക്ഷണം ഒരുക്കി  . അവര്‍ കുറെ സമയം സംസാരിച്ചിരുന്നു . അവസാനം  ഉറങ്ങാന്‍ നേരം അമ്മാവന്‍പറഞ്ഞു "നാസരെ ഒരു കള്ളിത്തുണി ഇങ്ങോട്ട് താ .
.ഞാന്‍ അതിരാവിടെ എണീറ്റ് പോകും - നിങ്ങള്‍ എണീക്കണ്ട" .  അപ്പോഴാണ്‌ അതിഥിക്ക് ഉടുക്കാന്‍ തുണി കൊടുത്തില്ലല്ലോ എന്ന് ആലോചിച്ചത് .  വീണ്ടും എന്റെ മനസ്സില്‍ ഒരു ഇടിവാള്‍ മിന്നി . കാരണം എക്സ്ട്രാ  തുണി  ആരുടെ കൈവശം ഇല്ല .എല്ലാവരും  നാട്ടില്‍ നിന്ന് പോന്നപ്പോള്‍ ഓരോ മൌലാന ലുങ്കി മാത്രം വാങ്ങി പോന്നവര്‍. എന്റെ അങ്കലാപ്പ് മനസ്സില്‍ വായിച്ചിട്റെന്നോണം കരീം പറഞ്ഞു . തുണി ഇപ്പൊ കൊണ്ടുവരാം . അവന്‍ അകത്തു പോയി രണ്ടു മിനിട്ടിനകം ഒരു തുണിയുമായി വന്നു. .  അമ്മാവന്‍  തുണി ഉടുത്തു നാസറിന്റെ കട്ടിലില്‍ കയറി ഉറങ്ങാന്‍ കിടന്നു - ഉള്ള സ്ഥലത്ത് ഞങ്ങളും . പിറ്റേന്ന്  നേരം പുലര്‍ന്നു അമ്മാവന്‍ പറഞ്ഞ പോലെ നേരെത്തെ എണീറ്റ്‌ പോയി . എല്ലാവരും ജോലിക്ക് പോകാനുള്ള തിരക്കിലാണ് . എല്ലാവരും എണീറ്റിട്ടും ബാബു മാത്രം പുതപ്പിനുള്ളില്‍ . എന്താടോ  ഇന്നു ഡ്യൂട്ടി ഇല്ലേ എന്ന ഞങ്ങളുടെ ചോദ്യത്തിനൊന്നും മറുപടി ഇല്ല . ഇവനിതെന്തു പറ്റി എന്ന് വിചാരിച്ചു ഒന്ന് കൂടെ വിളിച്ചപ്പോള്‍ പുതപ്പിനുള്ളില്‍ നിന്ന് അവന്റെ മറുപടി 
" കള്ള ഹംക്കീങ്ങളെ എന്റെ തുണി ഇങ്ങോട്ട് കൊണ്ട് വന്നു താ ......"   അപ്പോഴാണ്‌   കരീം ഇന്നലെ രാത്രി അമ്മാവന്   ഉടുക്കാന്‍ കൊണ്ട് കൊടുത്ത തുണി  ബാബുവിന്റെ അഴിഞ്ഞു കിടന്ന തുണി ആയിരുന്നല്ലോ എന്ന് ഞങ്ങളും ഓര്‍ത്തത് !!

(വര: നൌഷാദ് അകമ്പാടം )

January 12, 2012

കംമെന്ട്ടുണ്ടോ സഖാവെ ................

അന്ന്  റോഡു വക്കിലെ  കലുങ്കില്‍ ഇരുന്നു 
അയ്യപ്പന്‍  ജോസിനോട് ചോദിച്ചു 
ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ !

ഇന്ന് ഫൈസു ബുക്കിലെ മയാലോകത്തിരുന്നു  
അയ്യപ്പന്‍ ജോസിനോട് ചോദിക്കുന്നു 
കംമെന്ട്ടുണ്ടോ  സഖാവെ ഗ്രൂപ്പ് ഒന്ന് പൊളിക്കാന്‍ ! 

എങ്ങോ നിന്ന് വന്ന അനോണികളും
തമ്മില്‍ കാണാത്ത  കൂട്ടരും തമ്മില്‍ തല്ലുന്നു
കാരണം പോസ്റ്റും കമന്റും !

പോസ്ടിയത് പെണ്ണായാല്‍ പിന്നെ പൊല്ലാപ്പാ
കമന്റ്‌ കൂടി എന്ന് ഒരു കൂട്ടര്‍
അതല്ല കമ്മന്റ്അടി   എന്ന് മറുകൂട്ടര്‍ !  

സദാചാര വാദികളും   അല്ലാത്തവരും
ഓടിക്കൂടുന്നു , തല്ലവനെ കൊല്ലവനെ
അഡ്മിന്‍ ഇടപെടുന്നു ...... ശുഭം !

പിന്നയല്ലേ പൊടിപൂരം  ,  രാവിലെ പോസ്ടിട്ടു
കംമെറ്റ് കിട്ടാതെ ഈച്ചയും ആട്ടി ഇരുന്നവന്‍
പൊടിയും തട്ടി ഇറങ്ങുന്നു , പുതിയ ഗ്രൂപുമായി !  

അളെക്കൂട്ടുന്നു , പേരിടുന്നു ,   കൂടാതെ
കൂട്ടത്തില്‍ നിന്ന് നാല് പേരെ
ഗ്രൂപ്പ് അട്മിനും ആക്കുന്നു !

വന്നവര്‍ വന്നവര്‍ ആടുന്നു കഥയറിയാതെ
കൂടുന്നു കൂടെ അവസാനം
ഓടുന്നു പുതിയ ഗ്രൂപുമായി !

ഓര്‍ക്കുക വല്ലപ്പോഴും തന്റെ സോദരനെ 
കാക്കക്കും തന്കുഞ്ഞു പൊന്കുഞ്ഞു പോലെ 
തന്റെ പോസ്റ്റ്‌ എല്ലാവര്ക്കും തന്‍ പോസ്റ്റു തന്നെ !

വേദനിപ്പിക്കാതിരിക്കുക സോദരനെ
കംമെന്റിനാലും പോര്‍ വിളിയാലും; അവന്‍
വേണ്ടുവോളം വേദന ഉള്ളില്‍ ഉള്ളവനാകാം !


കഴിയണം നമുക്ക് ചോദിയ്ക്കാന്‍ വീണ്ടും
പണ്ടത്തെ പോലെ , കലുങ്കില്‍ അല്ലേലും
ബീഡി ഉണ്ടോ സഖാവെ ഒരു തീപ്പെട്ടി എടുക്കാന്‍ !!