October 23, 2011

മീറ്റില്‍ അല്‍പനേരം..

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം പേര്‍ ഒന്നിച്ചു കൂടിയപ്പോള്‍ അതൊരു മറക്കാനാവാത്ത അനുഭവം ആയി . മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീറ്റ്ബ്ലോഗര്‍മാരുടെ സാന്നിദ്യം കൊണ്ട് ശ്രദ്ധേയമായി.മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ്‌ ആരംഭിച്ചത്.. പ്രസിഡണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു .ശ്രീമതി കലാ വേണുഗോപാല്‍ പരിപാടി ഉത്ഘാടനം ചെയ്തു .ഭാഷയുടെ ആവിര്‍ഭാവതിനു മുമ്പേ കല ഉണ്ടായിരുന്നു എന്നും ഇന്നിന്റെ നാടന്‍ പാട്ടുകളാണ് ബ്ലോഗുകളെന്നും അവര്‍ പറഞ്ഞു.. നൊടിയിടയില്‍ ലോകത്തിന്റെ മുമ്പിലേക്ക് തുറക്കപ്പെടുന്ന പുതിയ അക്ഷര മാധ്യമം എഴുത്തിനെ കൂടുതല്‍ സുഖമവും എളുപ്പവുമാക്കിയിരിക്കുന്നു..ആരുടേയും കാലുപിടിക്കാതെ തനിക്കു തോന്നിയത് ലോകത്തിനു മുമ്പില്‍ വിളിച്ചു പറയാം എന്ന വിശാലമായ സ്വാതന്ത്ര്യം ഇവിടെ എഴുത്തുകാരന് ലഭിക്കുന്നു അവര്‍ പറഞ്ഞു ..
" സോഷ്യല്‍ മീഡിയകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം' എന്ന വിഷയത്തില്‍ ഡോക്ടര്‍ ഇസ്മയില്‍ മരുതേരി ക്ലാസ് എടുത്തു .
സാധാരണക്കാരന്റെ ആവിഷ്കാര മോഹങ്ങള്‍ക്ക് അതിരുകളില്ലാത്ത സാധ്യതകളാണ് ഇലക്ട്രോണിക് മീഡിയകള്‍ നല്‍കുന്നതെന്നും സാമൂഹ്യ പ്രസക്തമായ വാര്‍ത്തകളെ തമസ്കരിക്കുവാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഇനി കഴിയുകയില്ലെന്നും ഡോ. മരുതേരി ചൂണ്ടിക്കാട്ടി. ബ്ലോഗുകള്‍ അടക്കമുള്ള സമാന്തര മീഡിയകളുടെ സ്വാധീനവും പ്രസക്തിയും മനസ്സിലാക്കി ബ്ലോഗര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.
തുടര്‍ന്ന് നടന്ന ബ്ലോഗേര്‍സ് പരിചയപ്പെടലില്‍ എല്ലാ അംഗങ്ങളും തങ്ങളെ  പരിചയപ്പെടുത്തി സംസാരിച്ചു കൊണ്ട് ബ്ലോഗ്‌ അനുഭവങ്ങള്‍
പങ്കു വെച്ചു.  ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു . സമദ് കാരാടന്‍ തെരഞ്ഞെടുപ്പു നിയന്ത്രിച്ചു..
സലിം ഇ.പി. സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.
പുതിയ ഭാരവഹികളായി  താഴെ പറയുന്നവരെ തിരഞ്ഞെടുത്തു .
പ്രസിഡന്റ്റ് : ഉസ്മാന്‍ ഇരിങ്ങാട്ടിരി
വൈസ് പ്രസിഡന്റ്റ് : അജിത്‌ നീര്‍വിളകന്‍ - സലിം ഇ പി
സെക്രട്ടറി : മൂസ കൊമ്പന്‍
ജോ .സെക്രട്ടറി : ഡല്‍വിന്‍ ആന്റണി - ഷാജു അത്താനിക്കല്‍
ട്രഷറര്‍ : അബ്ദുല്‍ജബ്ബാര്‍ വട്ടപോയിലില്‍
ജിദ്ധയിലെ  പ്രമുഖ പഴയ  ബ്ലോഗര്‍മാരായ ബഷീര്‍ വള്ളിക്കുന്ന് , ഉസ്മാന്‍ ഇരിങ്ങാട്ടിരി , അബ്ദുള്ള മുക്കണ്ണി, സമദ് കാരാടന്‍ ,
അജിത്‌ നീര്‍വിലാകാന്‍  തുടങ്ങിയവരും പുതിയ തലമുറയിലെ മുപ്പതോളം പേരും പങ്കെടുത്തു.

ഇനി ആ സുന്ദര നിമിഷങ്ങള്‍ എന്റെ കൊച്ചു ക്യാമറ കണ്ണിലൂടെ ...........

 ഇവിടെ തുടങ്ങുന്നു-   "ദാ.... ആ പേരുകള്‍
ഇവിടെ എഴുതിക്കോളൂ! " കൊമ്പന്‍ & വട്ടപോയില്‍
റെജിസ്ട്രെഷന്‍
                               വയസ്സായില്ലേ ..നമുക്കല്‍പം ഇരിക്കാം ..
                                    എല്ലാം ഇനി  പുതുതലമുറയില്‍..."
                            ( ഇരിങ്ങട്ടിരി , സമദ് കാരാടന്‍ , വള്ളിക്കുന്ന് )
                               എല്ലാം റെഡി. ഇനി തുടങ്ങിയാല്‍ മതി ..
                                        (സര്‍ദാര്‍ , കടവത്തു , സാജു )
  ഇവനാണ് അവന്‍ ........
ഫോട്ടോഗ്രാഫെര്‍ നൌഷാദ്



കാക്കനാടന് വിട .. പരിപാടികള്‍ക്ക്
മൌന പ്രാര്‍ത്ഥനയോടെ  തുടക്കം


                                                  പരിപാടി ഉത്ഘാടനം
                                       (ശ്രീമതി കലാ വേണുഗോപാല്‍ )
                           സദസ്സിനെ പിടിച്ചിരുത്തിയ പ്രസംഗ ശൈലി
                                     ഡോക്ടര്‍ ഇസ്മായീല്‍ മരുതേരി
    (വിഷയം : സോഷ്യല്‍ മീഡിയകളെ എങ്ങിനെ ഉപയോഗപ്പെടുത്താം  )

           ഞങ്ങള്‍ അക്ഷരങ്ങളെ സ്നേഹിക്കുന്നു ....!


                                                              സദസ്സ് 

 ഇവനാണ് താരം ..കോണ്‍ഫുഡായില്‍ നിന്ന്
 ബ്ലോഗ്‌ മീറ്റിനു വന്ന  ഉര്‍ക്കടവ് ബ്ലോഗ്‌ മുതലാളി
 ഫൈസല്‍ ബാബു 

                                                                                സദസ്സ്



                                           ലുലു സൈനി ആന്‍ഡ്‌ പാര്‍ട്ടി !  

 
 ബ്ലോഗിലൂടെ എങ്ങിനെ പ്രേമിക്കാം ....
ബ്ലോഗ്‌ മീറ്റിലെ പുതിയ താരം
ടെല്‍വിന്‍ ആന്റണി 
 
 ഇതാണ് സോപ്പ് , ചീര്‍പ്പ്  , കണ്ണാടി
 പരിചയപ്പെടുത്തല്‍ പരിപാടിയില്‍
ബ്ലോഗ്ഗര്‍ ഓ എന്‍ ബി .
 ഇത് മോങ്ങത്തെ കായി....ശ്ശൊ ..മോങ്ങത്തെ ....
                                അലവിക്കുട്ടി മോങ്ങം


  ഇതൊരു "കുഞ്ഞു"  മീറ്റല്ല !! .....
 മുഹമ്മദ്‌ കുഞ്ഞി വണ്ടൂര്‍

  
      സുബൈര്‍ ചേളാരി
( റുമാന പടിക്കല്‍ + സുബൈര്‍ചേളാരി)


                                              ജിദ്ധയിലെ  സീനിയേര്‍ ബ്ലോഗ്ഗര്‍ 
                                                   അജിത്‌ നീര്‍വിളാകന്‍

                                 സലിം ഇ പി & എഞ്ചിനീയര്‍  അബ്ദുല്ലത്തീഫ്
 

"വള്ളിക്കുന്നെ... പത്തു കമന്റ്‌ കിട്ടിയിട്ടെന്താ .. ഇത് പോലെ ഒന്ന്  വാങ്ങാന്‍ നോക്ക്..."
ഗ്യാലക്സി ടാബ് കാട്ടി വള്ളിക്കുന്നിനെ ആശിപ്പിക്കുന്ന  ഡോക്ടെര്‍ മരുതെരിയും കടവതും  
"മുക്കണ്ണി അടക്കം മൂന്നു പേര്‍" ..പുതിയ തലമുറ
 അബ്ദുള്ള മുക്കണ്ണിയോട് കുശലം പറയുന്നു
സദസ്സിനെ കേള്‍ക്കുന്ന പ്രാസംഗികന്‍ ..... ഡോക്ടര്‍ മരുതേരി ബ്ലോഗര്‍മാര്‍
സ്വയം പരിചയപ്പെടുത്തുന്നത് സദസ്സില്‍ ഇരുന്നു കേള്‍കുന്നു ..
രണ്ടു ബാഡ്ജ് ..പത്തു പൊറാട്ട , ആറു നൂല്‍പുട്ട് ..........ഇല്ല ..ഞാന്‍ ഒന്നും പറയുന്നില്ല !!
ബ്ലോഗില്‍ കമ്മന്റ്  പ്രളയം ......പ്ലേറ്റില്‍ പൊടി പോലുമില്ല കണ്ടു പിടിക്കാന്‍ ............!
സര്‍ദാര്‍ "ബീഫ് ഫ്രൈ പാട്ടേല്‍" .................


കൊമ്പന്‍ എണീറ്റ തക്കത്തിന്
 സീറ്റ് കയ്യടക്കിയ സാദത്ത്‌ .
ഗ്രൂപ്പ് ഡിസ്കഷന്‍...............


അവസാനമായി ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ് .....................
ഇതൊരു അനുഭൂതിയാണ് .. കേവലം  കമെന്റിനപ്പുറം ഉള്ള സ്നേഹ കൂട്ടായ്മ . ഇവിടെ ഞാനില്ല ..നമ്മളെ ഉള്ളൂ...
സൈബര്‍ ലോകത്തിലൂടെ പരിചയപ്പെട്ടവര്‍  തമ്മില്‍ പങ്കുവെച്ച ആ സ്നേഹം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ് .
നന്ദി ..സഹായിച്ചവര്‍ക്കും , സഹകരിച്ചവര്‍ക്കും ,  പ്രാര്‍തിച്ചവര്‍ക്കും.....................


മീറ്റിന്റെ കൂടുതല്‍ ചിത്രങ്ങള്‍  നൌഷുവിന്റെ  ബ്ലോഗില്‍  .




October 18, 2011

ജിദ്ദ ബ്ലോഗേഴ്സ് മീറ്റ്‌ - 2011

ഇതു മീറ്റുകളുടെ കാലം ...............
അതിരുകളില്ലാത്ത ലോകത്ത് പാറിപറക്കുന്നവര്‍
തമ്മില്‍ കാണാനും സൗഹൃദം  പങ്കു വെക്കാനും കൊതിക്കുമ്പോള്‍ അത്
മീറ്റുകള്‍ ആയി മാറുന്നു .. 
അവിടെ ചര്‍ച്ചകളും , പങ്കു വെക്കലുകളും സജീവമാകുന്നു ! .
എഴുത്തിനെയും വായനയേയും  സ്നേഹിക്കുന്നവര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും !
കഴിഞ്ഞ  ഫെബ്രുവരിയില്‍ ഞാന്‍ ഒരു പത്ര വാര്‍ത്ത‍ കണ്ടു .. അത് ഇപ്രകാരം
ആയിരുന്നു .
ജിദ്ദയിലെ ഒരു മൂലയില്‍ കെട്ട്യോളും കുട്ട്യോളും ആയി
കഴിഞ്ഞിരുന്ന എന്നെ ആ വാര്‍ത്ത‍ ഒരു പുതിയ ലോകത്തേക്ക്
എത്തിക്കുകയായിരുന്നു. അതിരുകളില്ലാത്ത സൈബര്‍ ലോകത്തിലേക്കും
വായനയുടെ പുതിയ ഒരു തലത്തിലേക്കും . ആ മാസത്തില്‍ തന്നെ എനിക്ക്
 പുതിയ ഒരു പേരുകൂടി കിട്ടി "ബ്ലോഗര്‍".
പിന്നീടങ്ങോട്ട് സൗഹൃദങ്ങള്‍ വളരുകയായിരുന്നു
ഇന്നിതാ വീണ്ടും ആ കൂട്ടായ്മ   ജിദ്ദയില്‍ രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ സംഘടിപ്പിക്കുന്നു..
അതെ മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് ജിദ്ധ ചാപ്റ്റര്‍ ഒരുക്കുന്ന രണ്ടാമത്തെ ബ്ലോഗ്‌ മീറ്റ്‌ .
മുഴുവന്‍ ബ്ലോഗ്ഗെര്മാരെയും പങ്കെടുപ്പിച്ചു കൊണ്ട്  .. പുതിയ പ്രവര്‍ത്തന മേഖലകള്‍ തേടി ...
നിറഞ്ഞ മനസ്സോടെ ക്ഷണിക്കുന്നു നിങ്ങളെ ഓരോരുത്തരെയും ഈ പരിപാടിയിലേക്ക് ...
ഈ വരുന്ന ഒക്ടോബര്‍  ഇരുപതാം തിയ്യതി  ജിദ്ധ  ടെസ്റ്റി  -ഓഡിറ്റൊറിയത്തിലേക്ക് രാത്രി 8 : 30 നു .
വിളിക്കേണ്ട   നമ്പര്‍ ...0540406133  ......................ശേഷം കാഴ്ച്ചയില്‍

October 01, 2011

ഒക്ടോബര്‍ രണ്ട്

ഇന്ന് ഒക്ടോബര്‍ രണ്ടു
അവധി ദിവസം ...
വെറുതെ നടക്കാനിറങ്ങിയ ഞാന്‍
വഴിയില്‍ കണ്ടു ഒരു
 കണ്ണടയും  , വടിയും
കീറിയ ഒരുടുപ്പും.
സത്യത്തില്‍ അവ ആരെയോ  
തിരയുകയായിരുന്നു .
നടുറോഡില്‍ വെട്ടിയെരിയുന്ന 
ശരീരവും , പിച്ചി ചീന്തുന്ന 
സ്ത്രീത്വവും കണ്ടു മടുത്ത 
അവ വീണ്ടും തിരച്ചില്‍  തുടര്‍ന്നു ..
അഴിമതി ഭരണവും
വിലക്കയറ്റവും
എല്ലാം നേരില്‍ കണ്ട അവക്ക് 
പക്ഷെ തിരയുന്നത് മാത്രം 
കണ്ടെത്താനായില്ല ..
അവസാനം ക്ഷീണിച്ചു 
അവശരായി സെന്ട്രല് ജംഗഷനില്
എത്തിയ അവ  മേലോട്ട് നോക്കി ..
ഹേയ്  റാം...........!
ഉടമസ്ഥനെ കണ്ട സന്തോഷത്തോടെ
അച്ചടക്കത്തോടെ അവരവരുടെ
സ്ഥാനത്തു  കയറിയിരുന്നു ........
അപ്പോള്‍ താഴെ ഒരു പുതിയ
അഴിമതി വിരുദ്ധ സമരം
പ്രഖ്യാപിച്ചു   കൊണ്ട് ഒരു
ജാഥ തുടങ്ങുകയായിരുന്നു,  
അവിടെ തന്നെ വന്നു 
അവസാനിക്കാനും. !  
 

September 20, 2011

നുറുങ്ങുകള്‍ ....


ആര്‍ത്തി 
------------
എനിക്കെന്തൊരു ആര്‍ത്തിയാണെന്നോ
പതിവുപോലെ ഒരു "സുപ്രഭാതം" ചൊല്ലി
ഫൈസ് ബുക്കില്‍ കേറാന്‍ ...........
കേറിയാല്‍ പിന്നെ ലൈകടിക്കാന്‍
ലൈകടിച്ചാല്‍ പിന്നെ കമന്റിടാന്‍ ..
അവസാനം
മുട്ടിതിരിഞ്ഞു പലയിടത്തും
കയറിയിറങ്ങി........
രാത്രിയുടെ ഏതോ യാമങ്ങളില്‍
നിദ്ര തലോടുമ്പോള്‍
ഒരു ഗുഡ് നൈറ്റ്‌ ചൊല്ലി .
വിട വാങ്ങിടാന്‍ .......
***********************
കാലികം
=======
അന്ന്.............
കാളവണ്ടി വിടചോല്ലുമ്പോള്‍
മോട്ടോര്‍ വണ്ടിയോട് പറഞ്ഞു,..
പച്ചപ്പില്ലാതെ , ദുര്‍ഘട പാതകളില്ലാതെ
എനിക്ക് നിലനില്പില്ല,
നിനക്ക് എല്ലാ നന്മകളും ...........
ഇന്ന്...
ഡോളര്‍ മാര്‍ക്കറ്റ്‌ എല്ലാം
കയ്യടക്കുമ്പോള്‍ മോട്ടോര്‍ വണ്ടി
നമ്മോടു ഉള്ളില്‍ത്തട്ടി പറയുന്നു
നിന്നെ "ഞാനെടുത്തോളാം "!!!!
*******************************
നിരാശ 
---------
പാടാന്‍ എത്ര പാട്ടുകള്‍ !
പറഞ്ഞിട്ടെന്താ സ്വരം നന്നാവണ്ടേ .
പറയാന്‍ എത്ര വാക്കുകള്‍ !
പറഞ്ഞിട്ടെന്താ കേള്‍ക്കാനാളു വേണ്ടേ !

പാടാതെ പോയ പാട്ടും
പറയാതെ പോയ വാക്കും
പിന്നിട്ട വഴികളില്‍ എന്നെ നോക്കി
പുഞ്ചിരിതൂകിയിരുന്നുവോ ?
******************************
സമ കാലികം
--------------------
അന്ന്.............
മഴയില്‍ നിന്നു കരിയില
മണ്ണാങ്കട്ടയെ രക്ഷിച്ചു ..
കാറ്റില്‍ നിന്ന് കരിയിലയെ
മണ്ണാങ്കട്ടയും ..........
ഇന്ന്..............
കാറ്റും മഴയും ഒന്നിച്ചു
വന്നപ്പോള്‍
മണ്ണാങ്കട്ടയും കരിയിലയും
സൈബര്‍ ലോകത്ത്
മഴയെക്കുറിച്ചും കാറ്റിനെ പറ്റിയും
ചാറ്റുകയായിരുന്നു,
പരസ്പരമറിയാതെ .........
 ###### ******##########
 

September 12, 2011

ബ്ലഡ്‌ ഡോണെഴ്സ് ഫോറം ..


കോളേജില്‍ പഠിക്കുന്ന കാലം .ചോര തിളയ്ക്കുന്ന കാലവും. കലയും സാഹിത്യവും ഒക്കെ ഒരു കൈ പ്രയോഗിക്കാന്‍ പറ്റുമോ എന്ന് നോക്കി നടക്കുന്നകാലം കൂടി ആയിരുന്നു അത്, കൂട്ടത്തില്‍ അല്പം സാമൂഹ്യ സേവനവും. ആയിടക്കാണ്‌ കോഴിക്കോട്  മെഡിക്കല്‍ കോളേജ് ബ്ലഡ്‌
ഡോണെര്സ് ഫോറവും കോളേജിലെ എന്‍ എസ് എസ് യൂണിറ്റും ചേര്‍ന്ന് കോളേജില്‍ ബ്ലഡ്‌ ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചത് . അതില്‍ "രക്ത ദാനം ജീവ ദാനം" എന്ന വിഷയം അവതരിപ്പിച്ച
ഡോക്ടര്‍മനോജ്‌ സത്യത്തില്‍ എന്റെ മനസ്സിനെ വല്ലാതെ പിടിച്ചു കുലുക്കി. ആ ക്ലാസും ആ ക്യാമ്പും കഴിഞ്ഞപ്പോള്‍ ആര്‍ക്കെകിലും അല്പം രക്തം കൊടുക്കണം എന്ന അതിയായ ആഗ്രഹം മനസ്സില്‍ പൊട്ടി മുളച്ചു  (സത്യം പറയാലോ അന്നാണ്  എന്റെ രക്ത ഗൂപ് "O"പോസിറ്റീവ് ആണെന്ന് പോലും ഞാന്‍ അറിയുന്നത്!!) .പെന്‍സില്‍ മാര്‍ക്ക് ശരീരവും ഇരുപത്തെട്ടു കിലോ തൂക്കവും  ഉള്ള ഞാന്‍ രകതം ദാനം ചെയ്താല്‍ ഉള്ള അവസ്ഥ എനിക്ക് പോലും അറിയില്ലെങ്ങിലും മനസില്‍ ആ ആഗ്രഹം അങ്ങിനെ തന്നെ കിടന്നു .......

അങ്ങിനെയിരിക്കെ ഒരു ഞായറാഴ്ച ദിവസം കാര്യമായ പണി ഒന്നും ഇല്ലാതിരുന്ന എന്നെ വാപ്പ വിളിച്ചു പറഞ്ഞു "എടാ കുട്ട്യേ.. നീ റേഷന്‍ ഷാപ്പില്‍ പോയി മണ്ണെണ്ണ വാങ്ങി കൊണ്ട് വാ.. ഇന്ന് പോയില്ലെങ്ങില്‍ മണ്ണെണ്ണ കിട്ടില്ല ..(അന്നും  മറിച്ച് വിക്കലും പൂഴ്ത്തി വെക്കലും സജീവം). അങ്ങിനെ ഒഴിവു ദിവസം കിട്ടിയ അപ്രതീക്ഷിത ജോലിയെ മനസ്സില്‍ പ്രാകി കൊണ്ട് എന്റെ സ്വന്തം ഹെര്കുലിസ് സൈക്കിള്‍ സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കി ഒരു നീണ്ട മണി മുഴക്കി പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ( ചിരിക്കേണ്ട ..അന്ന് ഞങളുടെ നാട്ടില്‍ ആകെ അഞ്ചു സൈക്കിളേ ഉള്ളൂ .ഇന്നാണെങ്കില്‍ ആര്‍ക്കും സൈക്കിളേ ഇല്ല ! )

അയല്‍ പക്കക്കാരനും ബന്ധുവുമായ മുജീബ് ഓടി വരുന്നു ........
"എടാ നമ്മുടെ ആമ്മായി ആശുപത്രില്‍ അഡ്മിറ്റ്‌ ആണ് ..ഉടനെ കുറച്ചു രക്തം വേണം എന്ന് പറയുന്നു".
കേട്ട പാതികേള്‍ക്കാത്ത പാതി എന്നിലെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഉണര്‍ന്നു .വളരെ കാലമായി കൊണ്ട് നടക്കുന്ന ആഗ്രഹം നിറവേറ്റാനുള്ള  ഒരു സൂപ്പര്‍ ചാന്‍സ് .
 
"ഓ ...എന്നാല്‍ നമുക്ക് ഇപ്പോള്‍ തന്നെ പോകാം...
ഞാന്‍ ബ്ലഡ്‌ കൊടുക്കാന്‍ റെഡി"
 
"അതിനു നിന്റെ ഗൂപ് ഏതാ  ?" 
"ഓ പോസിറ്റീവ്."  ഉടനെ എന്റെ മറുപടി ! 
"അതു തന്നെയാ വേണ്ടത് .. ശരി  നീ സൈക്കിള്‍ എടുക്ക് .
നമുക്ക്അങ്ങാടിയില്‍ പോയി  അടുത്ത ബസ്സിനു  തന്നെ പോകാം.

അങ്ങിനെ സൈക്കിളും അതിനു മീതെ മണ്ണെണ്ണ കന്നാസും വലില്ലാപുഴ അങ്ങാടിയില്‍ പാര്‍ക്ക് ചെയ്തു ഞങ്ങള്‍ മുക്കം ആശുപത്രിയിലേക്ക്.
അവിടെ ചെന്നപ്പോള്‍ അമ്മായി വാര്‍ഡില്‍ അവശയായി കിടക്കുന്നു.
ഉടനെ എന്നെ ആരൊക്കെയോ സിസ്റ്റര്‍മാരുടെ റൂമിലേക്ക്‌ കൊണ്ട് പോയി. അവിടെ അല്ലറ ചില്ല ടെസ്റ്റുകള്‍ ...
അത് വരെ നല്ല ധൈര്യം ഉണ്ടായിരുന്ന എനിക്ക് എന്തോ അപ്പോള്‍ മുതല്‍  
ഹൃദയം പട പട മിടിക്കാന്‍ തുടങ്ങി .....
കൂട്ടത്തില്‍സിസ്റ്ററുടെവക ഒരു ചോദ്യം .
"ബ്ലഡ്‌
 കൊടുക്കാന്‍ പേടിയില്ലേ എന്ന്??"
അതും കൂടി കേട്ടപ്പോള്‍ എനിക്ക് എന്തൊക്കെയോ ആയ
പോലെ.

നെഞ്ച് ശക്തിയായി മിടിക്കാന്‍ തുടങ്ങി.. ബ്ലഡ്‌ കയറ്റാനുള്ള ബോട്ടില്‍ റെഡി .. എന്നോട് ബെഡില്‍ കയറി കിടക്കാന്‍ ആവശ്യപ്പെട്ടു ..
വലതു കൈ നീട്ടി ..സിസ്റ്റര്‍ സൂചിയുമായി വരുന്നു .. കയ്യില്‍ കുത്തുന്നു .. ഞാന്‍ ആകെ വിയര്‍ക്കുകയാണ് .... സൂചി കുത്തി .. ബ്ലഡ്‌
സൂചിയിലൂടെ, പൈപിലൂടെ ,കുപ്പിയിലേക്ക്‌ , ഇടതു വശത്തേക്ക് തല ചെരിച്ചു കിടന്ന ഞാന്‍വലതു വശത്തേക്ക് ഒന്ന് നോക്കി .എല്ലായിടത്തും ചോര മാത്രം ..  കുപ്പിയില്‍ , പൈപ്പില്‍ , സൂചിയില്‍ , ....... ഒരു നിമിഷത്തേക്ക് എനിക്ക് ഒന്നും ഓര്‍മയില്ല .. സിസ്റ്റര്‍ ഓടി വന്നു .. എന്താ എന്താ പറ്റിയത് .........???  ഇപ്പോള്‍ ഞാന്‍ നോര്‍മലാണ് ...... ഒന്നുമില്ല .. ഓക്കേ ഓക്കേ...
 
"എന്താ നിങ്ങള്‍ക്കെന്തെങ്ങിലും പ്രശ്നം ഉണ്ടോ ? ചോര കണ്ടാല്‍ ബോധം പോകുമോ ?" സിസ്റ്റര്‍ ഒരു നൂറു കൂട്ടം ചോദ്യം ചോദിക്കുന്നു . ഇല്ല.. ഇല്ല.. ഒന്നുമില്ല .. വലത്തേ ഭാഗത്തേക്ക്‌ നോക്കാതെ ഞാന്‍ പറഞ്ഞു.
കണ്ണുകള്‍ ഇറുകെ അടച്ചു കിടന്നു ...ഇപ്പൊ അല്പം പോലും "ഫയം"
ഇല്ല... വീണ്ടും എല്ലാം ഓക്കേ.. ഒരു രണ്ടു മിനിട്ട് കഴിഞ്ഞു കാണും .ഇറുകെ അടച്ചിരുന്ന എന്റെ കണ്ണുകള്‍ ഞാന്‍ തുറന്നു .. വലതു ഭാഗത്തേക്ക്‌ നോക്കാന്‍ ധൈര്യം പോര. .. എങ്കിലും മനസ്സില്‍ ഒരാഗ്രഹം .. കുപ്പി എത്ര നിറഞ്ഞു കാണും ? ഈ കുപ്പി നിയാനുള്ള ചോരയൊക്കെ എന്റെദേഹത്ത്ഉണ്ടോഅങ്ങിനെ ഒരുപാടൊരുപാട് ചോദ്യങ്ങള്‍ അവസാനം രണ്ടും കല്പിച്ചു ഒന്ന് നോക്കാന്‍ തന്നെ തീരുമാനിച്ചു ..
 
ഞാന്‍ പതുക്കെ തല വലതു വശത്തേക്ക് തിരിച്ചു.
വീണ്ടുംചോര പൈപ്പില്‍ , കുപ്പിയില്‍ .......ഒന്നേ നോക്കിയുള്ളൂ .. എന്റെ അന്തരാത്മാവില്‍ നിന്നും ഒരു ഒച്ച വന്നു .. പിന്നെ ഒന്നും എനിക്ക്ഓര്‍മയില്ല. വീണ്ടുംസിസ്റ്റര്‍ കുലുക്കി വിളിക്കുന്നു .. തണുത്ത വെള്ളം ഒഴിക്കുന്നു ,. വീണ്ടും ഞാന്‍ നോര്‍മല്‍ ...
 
"ഞാന്‍ ചോദിച്ചതല്ലേ .. വല്ല പ്രശ്നം  ഉണ്ടോ എന്ന് .. മനസ്സുപ്പ് ഇല്ലാത്ത ഓരോന്ന് വരും രക്തം കൊടുക്കാന്‍.."
സിസ്റ്റെരുടെ വക പ്രാക്ക്........

"ഇല്ല സിസ്റ്റെര്‍ ഒന്നുമില്ല" ..ഞാന്‍ വീണ്ടും ധൈര്യം  വീണ്ടെടുത്തു.
"മം.". ഒരു മൂളലോടെ കുപ്പിയും,സൂചിയും,പൈപ്പും എല്ലാം നേരെയാക്കി സിസ്റ്റര്‍ പോയി.
ഞാന്‍ ആലോചിച്ചു . എനിക്ക് എന്തു പറ്റി.?

കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ ഇടത്തോട്ട് തിരിഞ്ഞു കിടന്നു.  ചിന്തിക്കാന്‍ വയ്യ . വലത്തോട്ട് നോക്കാനും .. 
എന്തോ ഒരു പേടി എന്നെ പിടി കൂടിയിരുന്നു ..
ഞാന്‍ കണ്ണുകള്‍ ഇറുകെ അടച്ചു ...
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വന്നു .
.പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ..
"ഓക്കേ ..ഇനി നിങ്ങള്ക്ക് എഴുന്നേല്‍ക്കാം." അവര്‍ സൂചിയും , പൈപും ഒക്കെ വേര്‍പെടുത്തി ..
ബ്ലഡ്‌ കുപ്പി എടുത്തു മേശപ്പുറത്തു വെച്ചു...
എനിക്ക്കുപ്പിയിലേക്ക്‌നോക്കാന്‍ ധൈര്യം ഇല്ലെങ്കിലും  ഒന്ന് ഒളികണ്ണിട്ടു നോക്കി ... 
പെട്ടെന്ന് കണ്ണെടുത്തു.....
സിസ്റ്റര്‍ എന്നോട് ചോദിച്ചു ..എന്തെങ്ങിലും പ്രശ്നം തോന്നുന്നുണ്ടോ ..
ക്ഷീണം ഉണ്ടോ ??? .. ഇല്ല എന്ന് ഞാന്‍ ധൈര്യ പൂര്‍വ്വം

പറഞ്ഞു.
ബെഡില്‍ നിന്ന് എണീറ്റ്‌ ഒരടി നടന്നു കാണും ..വീണ്ടും അറിയാതെ 
എന്റെ കണ്ണുകള്‍ ആ കുപ്പിയില്‍ പതിഞ്ഞു  
ചോര ........എന്റെ കണ്ണുകള്‍ അടയുന്നു , ശരീരം തളരുന്നു .. ഞാന്‍ കസേരയില്‍ പിടിക്കാന്‍ ശ്രമിച്ചു , പറ്റിയില്ല , താങ്ങാന്‍ വന്ന സിസ്ടരുടെ  മേലൂടെ , കസേരയടക്കം വീണത്‌ മാത്രം ഓര്‍മയുണ്ട്..
*********************************************

റേഷന്‍ കടയില്‍ പോയ എന്നെ ഉച്ചയായിട്ടും കാണാതെ എന്നെ തിരക്കിയ ബാപ്പ കണ്ടത് പാര്‍ക്ക്  ചെയ്തെ സൈക്കിളില്‍ തൂക്കിയിട്ട ഒഴിഞ്ഞ മണ്ണെണ്ണ കന്നാസ് .... വേവലാതിയോടെ അനേഷിച്ചപ്പോള്‍ കിട്ടിയ വിവരം ഞാന്‍ ആശുപത്രിയില്‍ എന്ന് ...... എന്താണ് പറ്റിയത് എന്ന് അറിയാതെഓടിക്കിതച്ചു ബേജാറോടെ  ആശുപത്രിയില്‍ എത്തിയ ബാപ്പ കണ്ടത്  ഒന്നാമത്തെ ബെഡില്‍ ചോര കയറ്റി കൊണ്ടിരിക്കുന്ന അമ്മായിയും തൊട്ടടുത്ത ബെഡില്‍ ഗ്ലൂകോസ് കയറ്റി കൊണ്ടിരിക്കുന്ന എന്നെയും !..
 




 
 

September 09, 2011

അമ്മൂമ്മയും കുഞ്ഞു മക്കളും

ഒരു പെരുന്നാള്‍ കൂടലിന്റെ ഓര്‍മയ്ക്ക്
 -----------------------------------------------------------------
നാം ചുരുങ്ങി ചുരുങ്ങി നമ്മിലേക്ക്‌ ഒതുങ്ങുന്ന കാലം ........
കൂട്ട്  കുടുംബം എന്ന ഒന്ന് നമ്മില്‍ നിന്ന് അന്യമായിക്കൊണ്ടിരിക്കുന്നു..
തമ്മില്‍ കണ്ടാല്‍ അറിയാത്ത പുതിയ തലമുറക്കാര്‍ ..............
കൂടിച്ചേരലുകള്‍ കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നു ..മനസ്സുകളെ അടുപ്പിക്കുന്നു...
ഈ ചെറിയ പെരുന്നാളിന് വീണു കിട്ടിയ അഞ്ചു ദിവസത്തെ അവധിക്കു നാട്ടില്‍ പോയ
എനിക്ക് അത്തരത്തില്‍ ഉള്ള മറക്കാനാവാത്ത ഒരു കൂടിച്ചേരല്‍ കിട്ടി .........
എന്റെ  അമ്മായി അമ്മയുടെ( ഭാര്യാ മാതാവ്‌)  ഒന്‍പതു മക്കളുംചെറുമക്കളും ഒത്തു ചേര്‍ന്നപ്പോള്‍ ........
നീണ്ട പതിനേഴു വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടക്ക് വീണു കിട്ടിയഏറ്റവും വലിയ കൂടിച്ചേരലും ഇതായിരുന്നു.
 സന്തോഷം നിങ്ങളോടൊപ്പം പങ്കു വെക്കുന്നു........
                      
 
              മുഖ്യ സംഘാടക .... സ്വാഗത പ്രസംഗം
 
 
                         ഉത്ഘാടനം 
 
                        സദസ്സ്

                                                           കലാ പരിപാടികള്‍
 
 
നിങ്ങള്‍ക്കും ഇതൊരു പ്രചോദനം ആവട്ടെ എന്ന് ആശംസിച്ചു കൊണ്ട് ..................

August 20, 2011

മൈലാഞ്ചി ..........


റമദാന്‍  അവസാനിക്കാറായി... പടിഞ്ഞാറെ മാനത്തു ശവ്വാല്‍ അമ്പിളി ഉദിച്ചു ഉയരാന്‍ ഇനി ദിവസങ്ങള്‍ മാത്രം .. പുണ്യം പൂത്തുലഞ്ഞ രാത്രികള്‍ക്ക് വിട .. ഒരുമാസം കൊണ്ട് നേടിയെടുത്ത ആത്മീയ ചൈതന്യവുമായി വീണ്ടും ചെറിയ പെരുന്നാള്‍ വരവായി. 

ഓരോ  പെരുന്നാളും ഓരോ ഓര്മപെടുത്തലും അനുഭവവും ആണ് .പട്ടിണിയുടെ   കുട്ടിക്കാലത്ത് അത് വയറു നിറച്ചു ഉണ്ണാനും , പുത്തന്‍ വസ്ത്രങ്ങള്‍ അണിയാനും ഉള്ളതായിരുന്നെങ്ങില്‍ കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍ അത് കൂട്ടുകാരോടൊപ്പം ഉള്ള ഒരു ആഘോഷമായി മാറി.പിന്നീടെപ്പോഴോ നോമ്പിന്റെയും പെരുന്നാളിന്റെയും     യഥാര്‍ത്ഥ  സത്ത കിട്ടിയപ്പോള്‍ അതിനു മറ്റൊരനുഭൂതി ആയിരുന്നു . ഇന്നിപ്പോ ഈ പ്രവാസത്തിന്റെ ബെഞ്ചില്‍ കാലും  നീട്ടിയിരുന്നു പിന്നോട്ട് നോക്കുമ്പോള്‍ പിന്നിട്ട വഴികള്‍ നല്‍കിയ ഓര്‍മകള്‍ക്ക് കണ്ണീരിന്റെ ഉപ്പും സന്തോഷത്തിന്റെ മധുരവും !

അന്ന് ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു . നോമ്പ് എടുത്തു തുടങ്ങിയ കാലം. രാവിലെ സ്കൂളിലേക്ക് നോമ്പും നോറ്റ് പോയാല്‍ വളരെ 
ക്ഷീണിച്ച്‌ ആയിരിക്കും വരവ് . പിന്നെ വൈകുന്നേരംആകാന്‍ നീണ്ട  
കാത്തിരിപ്പാണ്. പെരുന്നാള്‍ തലേന്നാണ് പെരുന്നാളിനെക്കാള്‍ രസം . ചുറ്റുമുള്ള വീടുകളിലെ എല്ലാവരും അന്ന് ഒന്നിച്ചു ചേരും . അക്കൊല്ലവും പെരുന്നാളിന്റെ തലേന്ന് ഞങ്ങള്‍ എല്ലാവരും ഒത്തുകൂടി . മൈലാഞ്ചി അണിയല്‍ ആണ് പ്രധാന പരിപാടി. ഇന്നത്തെ പോലെ ഡിസൈന്‍
ട്യൂബ് ഒന്നും അന്നില്ല. മാമുകാക്കയുടെ പൊട്ട കിണറിന്റെ വക്കത്തു തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചി ഒടിച്ചു അമ്മിയില്‍ ഇട്ടു നല്ലവണ്ണം അരച്ചാണ്‌ മൈലാഞ്ചി ഉണ്ടാക്കുന്നത് .നേരം വെളുക്കുന്നതിനു മുമ്പ് അമ്മി ക്ലീന്‍ ആക്കി കൊടുത്തില്ലെങ്ങില്‍ ഉമ്മയില്‍ നിന്ന് നല്ല പെട ഉറപ്പ്‌!
ആണ്‍കുട്ടികളും പെണ്‍കുട്ടികളും എല്ലാവരും മൈലാഞ്ചി അണിയും. ചക്കയുടെ വെളഞ്ഞീന്‍ ഉണക്കിയത് അടുപ്പില്‍ വെച്ച് ചൂടാക്കി ചെറിയ ഇര്‍ക്കിളില്‍ കുത്തി കൈ വെള്ളയില്‍ ഉറ്റിക്കും. ചിലപ്പോള്‍ അസഹ്യമായ വേദന ആയിരിക്കും . കൂടുതല്‍ സഹിക്കാന്‍ കെല്‍പ്പുള്ളവര്‍ക്ക് ചന്ദ്രകല , മിനാരം , പൂവ് തുടങ്ങിയ ഡിസൈന്‍ ചെയ്യാം .

ഞങ്ങള്‍ആറുപേരായിരുന്നു അന്ന് മൈലാഞ്ചി ഇടാന്‍ . കൂട്ടത്തില്‍ ഏറ്റവും  
ഇളയത് പച്ച പാവാടക്കാരി എന്റെ അയല്‍പക്കത്തെ  രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന സുന്ദരിക്കുട്ടി .  എല്ലാവരും മൈലാഞ്ചി പറിക്കലും , വെളഞ്ഞി ഉരുക്കലും ഒക്കെയായി നല്ല ആവേശത്തിലാണ് . ആദ്യം പെണ്‍കുട്ടികളുടെ ഊഴം . എല്ലാവര്ക്കും അറിയുന്ന വിധത്തില്‍ ഡിസൈന്‍ ഒക്കെ ചെയ്തു രണ്ടു കയ്യില്‍ നിറയെ മൈലാഞ്ചി അണിഞ്ഞു. എന്റെ ഊഴം അവസാനമായിരുന്നു .
"ഇക്കാക്ക്‌ ഞാന്‍ മൈലാഞ്ചി ഇട്ടു തരാം". എന്ന് പറഞ്ഞു പച്ച
പാവാടക്കാരിവിളഞ്ഞീന്‍ ഉരുക്കി എന്റെ കയ്യില്‍ ഡിസൈന്‍
ചെയ്യാന്‍ ആരംഭിച്ചു . അപ്പോഴാണ് ഒരു പ്രശ്നം . അരച്ച മൈലാഞ്ചി ഏകദേശം തീര്‍ന്നിരിക്കുന്നു . മുഴുവനായും കയ്യില്‍ ഇടാന്‍ തികയില്ല . എനിക്ക് സങ്കടം വന്നു .
ഇനി ഈ രാത്രി  ആര് മൈലാഞ്ചി പറിക്കും ?
ആരും തയ്യാറില്ല. അവസാനം സുന്ദരി കുട്ടി പറഞ്ഞു.നാളെ അതി രാവിലെ ഞാന്‍ മൈലാഞ്ചി പറിച്ചു പള്ളിയില്‍ പോകുന്നതിന്റെ 
മുന്‍പ് മൈലാഞ്ചി ഇട്ടു തരാംഎന്ന്.. 

അങ്ങിനെ എല്ലാവരും പിരിഞ്ഞു . പള്ളിയില്‍ നിന്നുയരുന്ന തക്ബീര്‍കേട്ട് കൊണ്ട്ഞാനും ഉറങ്ങാന്‍ കിടന്നു .  ഉറക്കത്തില്‍ ഞാന്‍ ഒരു പാട് സ്വപ്നങ്ങള്‍ കണ്ടു . പിന്നീടെപ്പോഴോആളുകള്‍ നിലവിളിക്കുന്ന ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത് .നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളൂ . എന്താണ് കാര്യം എന്ന് തിരക്കിയ എന്നോട് ഉമ്മ കരച്ചില്‍ അടക്കികൊണ്ട് പറഞ്ഞു .....നമ്മുടെ അയല്‍ പക്കത്തെ മോള്‍ ... കിണറ്റില്‍ ......എനിക്കൊന്നും പിന്നീട് കേള്‍ക്കാന്‍ കഴിഞ്ഞില്ല . എല്ലാവരും കരയുന്നു .. വൈകുന്നേരത്തോടെ എല്ലാം കഴിഞ്ഞു.  

വര്‍ഷങ്ങള്‍ എത്രയോ കഴിഞ്ഞു ..

ഇന്നും ഓരോ  പെരുന്നാള്‍  തലേന്നുo  പള്ളിയില്‍ നിന്ന് പെരുന്നാളിന്റെ മുന്നറിയിപ്പായി  തക്ബീര്‍ മുഴങ്ങുമ്പോള്‍ ഞാന്‍ അറിയാതെ എന്റെ ഉള്ളം കയ്യിലേക്ക് നോക്കും. അപ്പോള്‍ മനസ്സില്‍ ആ പച്ച പാവാടക്കാരി നിറയും ..കണ്ണില്‍ ഒരിറ്റു കണ്ണീരും !